Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റേഷൻ കാർഡ് നഷ്ടപ്പെട്ടവർക്ക് ഉടൻ ഡ്യൂപ്ലിക്കേറ്റ് കാർഡ് നൽകണം: മന്ത്രി പി. തിലോത്തമൻ

ration-card

ആലപ്പുഴ∙ വെള്ളപ്പൊക്ക കെടുതിയിൽ റേഷൻ കാർഡ് നഷ്ടപ്പെട്ടവർക്കു പ്രത്യേക അദാലത്ത് നടത്തി എത്രയും വേഗം ഡ്യൂപ്ലിക്കേറ്റ് റേഷൻ കാർഡ് നൽകണമെന്നു മന്ത്രി പി.തിലോത്തമൻ ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.

റേഷൻ കാർഡ് പൂർണമായും നഷ്ടപ്പെട്ടവർ ഡ്യൂപ്ലിക്കേറ്റ് കാർഡിനുള്ള അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം നൽകിയാൽ മതി. പുതിയ റേഷൻ കാർഡിന് അപേക്ഷയോടൊപ്പം 200 രൂപയുടെ മുദ്രപ്പത്രത്തിൽ സത്യവാങ്മൂലം നൽകണമെന്ന വ്യവസ്ഥ പ്രളയബാധിതർക്ക് ഒഴിവാക്കും. കേടുപാടുകൾ ഉള്ള റേഷൻ കാർഡ് കൈവശം ഉള്ളവർ അതു തിരികെ ഏൽപ്പിക്കണം. ഇപ്രകാരം വിതരണം ചെയ്യുന്ന ഡ്യൂപ്ലിക്കേറ്റ് റേഷൻ കാർഡുകൾ സാധാരണ കാർഡുകൾ പോലെയുള്ള ആധികാരിക രേഖയായും മറ്റ് ആവശ്യങ്ങൾക്കുള്ള റഫറൽ രേഖയായും ഉപയോഗിക്കാമെന്ന് ഉത്തരവിറക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ആലപ്പുഴ ജില്ലയിൽ പ്രളയക്കെടുതിയിൽപ്പെട്ടു തകരുകയും നശിക്കുകയും ചെയ്ത റേഷൻ കടകളുടെ വിവരം ശേഖരിച്ച് നാശനഷ്ടങ്ങളുടെ വിവരം കലക്ടർക്കു റിപ്പോർട്ട് ചെയ്യണം. പ്രളയത്തിൽ നശിച്ച ഭക്ഷ്യവസ്തുക്കൾ റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണു സംസ്കരിക്കേണ്ടത്. കുട്ടനാട്ടിലും ചെങ്ങന്നൂരിലും റേഷൻകടകൾ വെള്ളംകയറി പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയായിട്ടുണ്ട്. ജനങ്ങൾ വീടുകളിലേക്കു മടങ്ങുമ്പോഴേക്കും ഇവിടെ പുതിയ സ്ഥലം കണ്ടെത്തി റേഷൻ വിതരണം നടത്താൻ ജില്ലാ സപ്ലൈ ഓഫിസർക്കു നിർദേശം നൽകി.

റേഷൻകാർഡ് നഷ്ടപ്പെട്ടവർക്കു സി–ഡിറ്റ്, എൻഐസി എന്നിവയുടെ സഹായത്തോടെ ഒന്നോ രണ്ടോ ദിവസം കൊണ്ടു പുതിയവ നൽകാൻ നടപടിയെടുക്കണം. പ്രളയക്കെടുതിയിൽ റേഷൻകാർഡ് നഷ്ടപ്പെട്ടവരെ കൂടുതൽ ബുദ്ധിമുട്ടിക്കരുത്. ചില റേഷൻകടകളിൽ കറന്റില്ല, നെറ്റ് ലഭിക്കുന്നില്ല തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് റേഷൻ നൽകാത്ത സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് അനുവദിക്കാനാകില്ല. അത്തരം സാഹചര്യങ്ങളിൽ പഴയരീതിയിൽ റജിസ്റ്റർ സൂക്ഷിച്ചു റേഷൻ വിതരണം നടത്തണം. ഓണദിവസങ്ങളിൽ ചിലയിടങ്ങളിൽ വില വർധിപ്പിക്കുന്നുവെന്ന വിവരം ലഭിച്ചിട്ടുണ്ട് ജില്ലയിലെ ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥർ, ലീഗൽ മെട്രോളജി, പൊലീസ് എന്നിവരുടെ സഹായത്തോടെ പരിശോധന നടത്തി കർശന നടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദേശം നൽകി.

related stories