Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രിയുടെ ജർമൻ യാത്ര കേരളം പ്രളയക്കടലിൽ നിൽക്കെ; പറഞ്ഞത് പച്ചക്കള്ളം

minister-k-raju മന്ത്രി കെ. രാജു (ഫയൽ ചിത്രം)

തിരുവനന്തപുരം∙ ജര്‍മനിക്കു പുറപ്പെടുമ്പോള്‍ സംസ്ഥാനത്തു പ്രളയം രൂക്ഷമായിരുന്നില്ലെന്നു മന്ത്രി കെ.രാജു പറയുന്നത് ശരിയല്ലെന്നു തെളിയുന്നു. 16 നു പുലര്‍ച്ചെ മന്ത്രി യാത്ര തിരിക്കുമ്പോള്‍ കേരളം പ്രളയത്തിന്റെ തീവ്രതയിലമര്‍ന്നിരുന്നു. തലേന്നു തന്നെ 103 േപരുടെ ജീവനെടുത്ത പ്രളയത്തെത്തുടര്‍ന്ന് എല്ലാ ജില്ലകളിലും സര്‍ക്കാര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. രാജുവിനൊപ്പം പോകേണ്ടിയിരുന്ന മന്ത്രി വി.എസ്. സുനില്‍കുമാര്‍ യാത്ര റദ്ദാക്കിയതും ഈ സാഹചര്യം കണക്കിലെടുത്താണ്.

ജർമനിയിലേക്കു മന്ത്രിയുടെ യാത്ര സ്പെഷല്‍ ബ്രാ‍ഞ്ചോ ശംഖുമുഖം പൊലീസോ അറിഞ്ഞില്ല. ദുരന്തമുഖത്തുനിന്നുള്ള യാത്ര ആയതുകൊണ്ടായിരിക്കണം ഇവരറിയാതെ പോയതെന്നാണു വിലയിരുത്തൽ. യാത്രയിൽ ഒപ്പം അദ്ദേഹത്തിന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയുമുണ്ടായിരുന്നു. കോട്ടയത്തെ സ്വാതന്ത്ര്യദിന പരേഡില്‍ സല്യൂട്ട് സ്വീകരിച്ച ശേഷം തിരുവനന്തപുരത്തേക്കുള്ള എംസി റോഡ് യാത്രയില്‍ മന്ത്രിക്കു സ്ഥിതിഗതികള്‍ മനസിലായില്ലെന്നു പറയാനാവില്ല. 48 മണിക്കൂറായി എങ്ങും കനത്ത മഴയായിരുന്നു. ഏഴു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്നുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. പമ്പയില്‍ അരനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം. പ്രളയക്കെടുതിയിൽ 103 ജീവനുകള്‍ നഷ്ടപ്പെട്ട വാർത്തകൾ മലയാള മാധ്യമങ്ങളിൽ നിറയുന്നതിനിടെയായിരുന്നു മന്ത്രി ജര്‍മനിയിലേക്കു പറന്നതെന്നു വ്യക്തം.

സംസ്ഥാനത്ത് രൂക്ഷമാകുന്ന പ്രതിസന്ധി കണ്ടും അറിഞ്ഞും തന്നെയാണ് മന്ത്രി ജര്‍മന്‍ യാത്രക്കിറങ്ങിയതെന്നാണ് ഇതു വ്യക്തമാക്കുന്നത്. ഉടൻ തിരികെ മടങ്ങണമെന്നു പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രൻ കര്‍ശന നിര്‍ദേശം നല്‍കിയതുകൊണ്ടാണ് യാത്ര പൂർത്തിയാക്കുംമുൻപ് രാജുവിന് മടങ്ങേണ്ടി വന്നതും.

related stories