Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പറഞ്ഞത് കള്ളം; യാത്ര ഉറപ്പിച്ചത് പ്രളയത്തിനിടെ; ജർമനിയിൽ മന്ത്രിയുടെ വെളിപ്പെടുത്തൽ

k-raju-controversial-germany-visit കെ. രാജു ജർമനിയിലെ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുന്ന ചിത്രം (വലത്)

തിരുവനന്തപുരം∙ വിവാദ ജര്‍മന്‍ യാത്ര ഉറപ്പിച്ചത് ഓഗസ്റ്റ് 15ന് ഉച്ചയോടെയായിരുന്നുവെന്നു മന്ത്രി കെ. രാജു. കേരളം പ്രളയത്തിനുനടുവില്‍ നില്‍ക്കുമ്പോഴാണു യാത്ര തീരുമാനിച്ചതെന്ന വെളിപ്പെടുത്തല്‍ ജര്‍മനിയിലെ പരിപാടിയിലാണു മന്ത്രി നടത്തിയത്. സ്വന്തം മണ്ഡലമായ പുനലൂരിലെ രൂക്ഷമായ വെള്ളപ്പൊക്കവും യാത്രയ്ക്കായി മന്ത്രി അവഗണിച്ചു.

തനിക്ക് ചുമതലയുണ്ടായിരുന്ന കോട്ടയത്തെ സാഹചര്യങ്ങള്‍ നിയന്ത്രണവിധേയമായതോടെയാണു യാത്ര തിരിക്കാന്‍ തീരുമാനിച്ചതെന്ന് ജര്‍മിനിയില്‍ പങ്കെടുത്ത ചടങ്ങില്‍ മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. ‘വീസയെല്ലാം നേരത്തേ വന്നു എല്ലാ കാര്യങ്ങളും റെഡിയായി ഇരിക്കുകയായിരുന്നെങ്കിലും വരുന്ന കാര്യത്തിൽ 15ാം തീയതി ഉച്ചയോടുകൂടിയാണ് തീരുമാനിച്ചത്. വന്നപ്പോഴാണ് ഇ.ടി. മുഹമ്മദ് ബഷീർ എംപിയും ഉണ്ടെന്ന് അറിഞ്ഞത്. അദ്ദേഹം കൂടി ഉണ്ടെന്നതിൽ എനിക്കു സന്തോഷമായി. അപ്പോൾ എനിക്കു പറയാം, ഞാൻ മാത്രമല്ല...’ – മന്ത്രി ജർമനിയിലെ പരിപാടിയിൽ പങ്കെടുത്തു പറ‍ഞ്ഞു.

യാത്ര തിരിക്കാന്‍ തീരുമാനിച്ച 15ന് ഉച്ചയ്ക്കു കേരളത്തിലെ സ്ഥിതി ഭീതിജനകമായിരുന്നുവെന്ന് ഇതിനോടകം തെളിഞ്ഞിട്ടുണ്ട്. അതേസമയം സ്വന്തം മണ്ഡലമായ പുനലൂരിലും സാഹചര്യങ്ങള്‍ പ്രതികൂലമായിരുന്നു. കല്ലടയാര്‍ ഡാം തുറന്നതോടെ 14നു രാത്രി മുതല്‍ പലയിടങ്ങളിലും വെള്ളം കയറിത്തുടങ്ങി. സ്വാതന്ത്ര്യദിനപ്പുലരിയില്‍ പുനലൂര്‍ നഗരവും കുളത്തൂപ്പുഴയുമെല്ലാം വെള്ളത്തിനടിയിലായിരുന്നു.

അന്നുതന്നെ ദുരിതാശ്വാസ ക്യാംപുകളും ആരംഭിച്ചു. ഈ സാഹചര്യങ്ങളെയാകെ അവഗണിച്ചാണു പ്രളയക്കെടുതികള്‍ക്കു നടുവിലൂടെ കെ. രാജു 16നു പുലര്‍ച്ചെ യാത്ര തിരിച്ചത്. മന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്ന വിവരം തെളിവുസഹിതം പുറത്തുവന്നതോടെ സിപിഐ കൂടുതല്‍ സമ്മര്‍ദത്തിലായി. മന്ത്രിക്കെതിരെ മാതൃകാപരമായ നടപടിയെടുക്കണമെന്ന ആവശ്യം കൂടുതല്‍ ശക്തമായിരിക്കുകയാണ്.

പ്രളയം രൂക്ഷമായതു താന്‍ ജര്‍മനിയില്‍ പോയശേഷമായിരുന്നെന്നും ജര്‍മനിയില്‍നിന്നു മടങ്ങാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും നേരത്തെ കെ രാജു പറഞ്ഞിരുന്നു.

related stories