Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാറുപിളര്‍ക്കുന്ന കരച്ചിലുമായി ശവപ്പെട്ടിക്കു പിന്നാലെ; പ്രളയക്കാഴ്ചകൾ

എഴുത്തും ചിത്രങ്ങളും ജോസ്കുട്ടി പനയ്ക്കല്‍
Ernakulam Flood പ്രളയത്തിനിടെയുള്ള കാഴ്ച. അങ്കമാലിയിൽനിന്ന്. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

കേരളത്തിലുണ്ടായ പ്രളയത്തില്‍ ദുരിതത്തിലാഴ്ന്നവരെയും അതിജീവിച്ചവരെയും അവരെ കൈപിടിച്ചുയര്‍ത്തിയവരെയും നമ്മള്‍ കണ്ടുകഴിഞ്ഞു. ദുരിതങ്ങള്‍ കടന്നുവരാത്ത ‘സേഫ് സോണിലിരുന്ന്’ ടിവിയിലൂടെയും പത്രത്തിലൂടെയും മൊബൈലിലൂടെയുമെല്ലാം ഇത് കണ്ടവരില്‍ ചിലരെങ്കിലും ദൃശ്യങ്ങൾ പകര്‍ത്താനെത്തിയവരെയും സ്മരിച്ചിരിക്കുമെന്ന് തീര്‍ച്ച. ആ പ്രളയദിനങ്ങൾ മലയാള മനോരമ ചീഫ് ഫൊട്ടോഗ്രഫർ ജോസ്കുട്ടി പനയ്ക്കൽ ഓർത്തെടുക്കുന്നു.

ഒന്നാംദിനം ഓഗസ്റ്റ് 16:

ഓഗസ്റ്റ് 15ലെ അവധിദിനം കഴിഞ്ഞ് ഓഫിസിലേക്കു പോകുംവഴിയാണ് വെളളപ്പൊക്കത്തിന്റെ ഭീകരത മനസ്സിലായിത്തുടങ്ങിയത്. മുന്നേ തുറന്ന ചെറുതോണി ഡാമിന്റെ വെള്ളം ഇടമലയാര്‍ കയറിയിറങ്ങി ആലുവയെ ചെറുതായൊന്ന് കുലുക്കി പോയത് കുറച്ച് ദിനങ്ങളായി എടുത്തുവരികയായിരുന്നു. എന്നാല്‍ ഇത്തവണ ചില താഴ്ന്നയിടങ്ങളില്‍ വെള്ളം കയറിയത് പകര്‍ത്തിയെങ്കിലും പിറ്റേന്ന് പത്രമില്ലാത്തതിനാല്‍ ഓണ്‍ലൈനിലേക്കു മാത്രം ചിത്രം നല്‍കി വീട്ടിലേക്കു തിരിച്ചു.

Ernakulam Flood പ്രളയത്തിനിടെയുള്ള കാഴ്ച. ആലുവയിൽനിന്ന്. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

16ന് രാവിലെ ബസുകളിലെല്ലാം പതിവില്‍ക്കഴിഞ്ഞ തിരക്കുള്ളതിനാല്‍ ഓഫിസിലേക്കു സാധാരണ പോകാറുള്ള ബസ്- മെട്രോ ട്രെയിന്‍ യാത്രയ്ക്കു പകരമായി സ്കൂട്ടറില്‍ത്തന്നെ പോകാന്‍ തീരുമാനിച്ചു. അങ്കമാലിയില്‍ നിന്നു ദേശീയപാതയിലെ നെടുമ്പാശേരി അത്താണി കവലയില്‍ എത്തിയപ്പോള്‍ റോഡ് കവിഞ്ഞൊഴുകി വെള്ളം കടന്നുപോകുന്നു. അത് കാര്യമാക്കാതെ സ്കൂട്ടറിന്റെ സൈലന്‍സര്‍ കുഴലിലേക്ക് തുണി തിരുകിക്കയറ്റി ഉന്തി അപ്പുറം കടത്തി. ഏതാനും കിലോമീറ്റര്‍ പിന്നിട്ട് ആലുവ പറവൂര്‍ കവലയില്‍ എത്തിയപ്പോഴതാ വീണ്ടും ഒരു കിലോമീറ്ററോളം നീളത്തില്‍ ദേശീയപാത കവിഞ്ഞൊഴുകുന്നു. ഒരു അരികിലൂടെ അതും പഴയപടി ഉന്തിക്കടത്തി.

കുറച്ചാളുകള്‍ പൊങ്ങിയ വെള്ളത്തിലൂടെ അതിലെയും ഇതിലെയുമൊക്കെ കടന്നുവരുന്നുണ്ട്. ചില സ്വകാര്യ ബസുകളും കാറുമൊക്കെ ഒരു അരികു പിടിച്ചു പോകുന്നുമുണ്ട്. അതിന്റെ കുറച്ചു ചിത്രങ്ങളൊക്കെ എടുത്ത് ക്യാമറ തിരിച്ചുവയ്ക്കുമ്പോഴേക്കും വീട്ടിലേക്കു ക്യാമറ കൊണ്ടുപോകാറുള്ള കൊച്ചു ബാഗിന്റെ സിപ് ഇളകിത്തെറിച്ചു. ദേശീയപാതയില്‍ ആലുവയ്ക്കും കളമശേരിക്കുമിടയിലെ കമ്പനിപ്പടിയില്‍ വലിയ വെള്ളക്കെട്ടായെന്നും പുഴ ഗതിമാറി റോഡിലൂടെ ഒഴുകുന്നുവെന്നും മെട്രോ സര്‍വീസ് നിർത്തിവച്ചെന്നും കേട്ടതോടെ ഇത് ചെറിയ നിലയ്ക്കൊന്നും ഒതുങ്ങില്ലെന്നു തീര്‍ച്ചയാക്കി. ഏതായാലും മുന്‍പ് രണ്ട് വെള്ളക്കെട്ടും കടന്ന എക്സ്പീരിയന്‍സ് ഉപയോഗിച്ച് കമ്പനിപ്പടിയും കടക്കാം എന്ന കണക്കുകൂട്ടല്‍ പാളി.

Ernakulam Flood പ്രളയത്തിനിടെയുള്ള കാഴ്ച എറണാകുളത്തുനിന്ന്. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

‌ഇരുചക്ര- മുച്ചക്ര വാഹനങ്ങള്‍ ഒഴികെയുള്ളവ മാത്രമേ അവിടെ അപ്പോള്‍ കടക്കാനാകുന്നുള്ളു. ഇനി മുന്നോട്ട് യാത്ര നടക്കില്ല. വേണമെങ്കില്‍ കെഎസ്ആര്‍ടിസി ബസില്‍ കയറി അപ്പുറം കടക്കാം. പക്ഷേ ഈ ദുരന്തമുഖത്തുനിന്നും ഓഫിസിലേക്കുള്ള പോക്കല്ല പ്രധാനം എന്ന തീരുമാനം അപ്പോള്‍ത്തന്നെയെടുത്തു. ഓഫിസിലേക്കു ഫോണ്‍ചെയ്ത് ക്യാമറ ബാഗും മറ്റ് ലെന്‍സുകളും കാറില്‍ കൊടുത്തയക്കാന്‍ പറഞ്ഞു. പതിവുപോലെ തമാശ നിറഞ്ഞൊരു കാഴ്ചയാണ് ആദ്യം കണ്ണിലുടക്കിയത്. ‘മരുഭൂമിയിലെ ചായക്കട’ എന്ന ബോര്‍ഡിനു താഴെ പ്രളയജലം പൊങ്ങിനില്‍ക്കുന്നു. അവിടെ തുടങ്ങുകയായി ഇനിയും പൂര്‍ണമായും തീരാത്ത പ്രളയ മാധ്യമപ്രവര്‍ത്തനം.

Ernakulam Flood പ്രളയത്തിനിടെയുള്ള കാഴ്ച. അത്താണിയിൽനിന്ന്. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

ഒരുമണിക്കൂര്‍ അവിടെ ചെലവഴിച്ചപ്പോഴേക്കും കമ്പനിപ്പടിയുടെ അങ്ങേക്കരയില്‍ നിന്നു മറ്റ് മാധ്യമങ്ങളിലെ ചിലര്‍ ഇങ്ങേക്കരയിലേക്കു ബസില്‍ കയറിയെത്തി. ഇപ്പുറം കടക്കാതെ ചിലര്‍ മറുവശത്തുതന്നെ നില്‍ക്കുകയാണെന്നു ഇവരില്‍ നിന്നാണ് അറിയുന്നത്. ചില യുവാക്കള്‍ അപ്പോഴേക്കും വള്ളവും വലിയ ക്യാനുകള്‍ കൂട്ടിക്കെട്ടിയ ചങ്ങാടവുമൊക്കെയായി രക്ഷാപ്രവര്‍ത്തനം തുടങ്ങി. ഇതിലൊന്നും കയറിക്കൂടി രക്ഷായാത്രയ്ക്ക് പോകേണ്ടതില്ല എന്ന തീരുമാനവും എടുത്തു. കാരണം എന്റെ സ്ഥലംകൂടി രക്ഷതേടിയെത്തുന്ന ഒരു വ്യക്തിക്ക് ഉപകരിച്ചേക്കാം. രക്ഷപെട്ടെത്തുന്ന ഒരു ജീവനാണു വലുത്, ചിത്രമല്ലല്ലോ..

Ernakulam Flood പ്രളയത്തിനിടെയുള്ള കാഴ്ച. നെടുമ്പാശേരിയിൽനിന്ന്. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

നെഞ്ചൊപ്പം വെള്ളത്തില്‍ ഫയര്‍ഫോഴ്സ് നല്‍കിയ വായുനിറച്ച കൊച്ചുബോട്ടില്‍ അടുത്തുള്ള ഫ്ലാറ്റില്‍ നിന്നു സിനിമ നടന്‍ അടക്കമുള്ളവരെ സമീപവാസികള്‍ കൊണ്ടുവരുന്ന ചിത്രം പകര്‍ത്തി. അപ്പോഴേക്കും ക്യാമറാബാഗുമായി വരുന്ന വാഹനത്തിന്റെ ഡ്രൈവറുടെ വിളിയെത്തി. കാറുകള്‍ അപ്പുറം കടക്കാനാവില്ലെന്നും വെള്ളക്കെട്ടിന് ഇപ്പുറം വരണമെന്നുമായിരുന്നു ആവശ്യം. കളമശേരിയില്‍ നിന്നുതന്നെ വാഹനങ്ങള്‍ കടത്തിവിടാതായെന്നും ഒരു വിധത്തിലാണ് ഇവിടംവരെ എത്തിയതെന്നും അദ്ദേഹത്തിന്റെ ശങ്കനിറഞ്ഞ ശബ്ദം. അതിലെ വന്നൊരു ലോറിയുടെ പിന്നില്‍ തൂങ്ങി ക്യാമറ വാങ്ങാന്‍ മറുകരയ്ക്ക്.

Ernakulam Flood പ്രളയത്തിനിടെയുള്ള കാഴ്ച. നെടുമ്പാശേരിയില്‍നിന്ന്. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

പ്രളയത്തിലെ ആദ്യ ലോറിയാത്ര അവിടെ തുടങ്ങുകയായി. ദേശീയപാതയില്‍ ഗതാഗതക്കുരുക്കില്‍പെട്ട് അര കിലോമീറ്ററോളം അകലെ കിടക്കുന്ന കാറിനടുത്തേക്ക് ഓടിയെത്തുമ്പോഴേക്കും മറുകരയിലെയും സ്ഥിതി വഷളാണെന്നു മനസിലായി. ബസില്‍ കുടുങ്ങിയവരുടെ ശാപവും ദേഷ്യവുമെല്ലാം ജീവനക്കാര്‍ക്കുനേരെ പലരും ചൊരിയുന്നുണ്ടായിരുന്നു. കെഎസ്ആര്‍ടിസി ‘വലിയ റിസ്ക്’ എടുത്താണ് പലരെയും മറുകര കടത്തിയത്. അതിന്റെ ജീവനക്കാരോട് വലിയ ബഹുമാനം തോന്നിയ നിമിഷം കൂടിയായിരുന്നു അത്.

Ernakulam Flood പ്രളയത്തിനിടെയുള്ള കാഴ്ച. ആലുവ പറവൂർ കവലയിൽനിന്ന്. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

രക്ഷാപ്രവര്‍ത്തനത്തില്‍ രസത്തിനു പങ്കുചേര്‍ന്ന പലരും നെഞ്ചിനു മുകളിലേക്കു വെള്ളമുയര്‍ന്നതോടെ പതിയെ വലിഞ്ഞുതുടങ്ങി. ക്യാമറയുടെ മറ്റുപകരണങ്ങള്‍ കൈപ്പറ്റി ഡ്രൈവറോട് തിരിച്ചുപൊയ്ക്കൊള്ളാന്‍ പറഞ്ഞു. ലോറിയില്‍ മറുകര കടന്നു സ്കൂട്ടറില്‍ കയറി നേരെ ആലുവയ്ക്കു വച്ചുപിടിച്ചു. ഒട്ടേറെ സ്കൂട്ടറുകളും കാറുമൊക്കെ വെള്ളത്തിലൂടെ ഒഴുകിനടക്കുന്ന കാഴ്ച ആലുവയിലെത്തിയപ്പോള്‍ കാണാനായി. നേരെ ആലുവയിലെ ഫ്ലൈ ഓവറിന്റെ മധ്യഭാഗത്ത് അരികുചേര്‍ന്നു സ്കൂട്ടര്‍ നിർത്തിയിട്ടു. വാഹനഗതാഗതം ഇല്ലാതായതോടെ ആംബുലന്‍സുകളുടെ സൈറന്‍ ശബ്ദവും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയവരുടെ കൂക്കിവിളികളും മാത്രമായി അവിടം പ്രത്യേക അന്തരീക്ഷമായി.

Ernakulam Flood പ്രളയത്തിനിടെയുള്ള കാഴ്ച. ആലുവ റെയിൽപാലത്തിൽനിന്ന്. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

ആശുപത്രിയിലെ തീവ്രപരിചരണവിഭാഗം ഒഴിപ്പിച്ചുകൊണ്ടുവരുന്ന ആളുകളുടെ ചിത്രമാണ് ആദ്യംപകര്‍ത്തിയത്. നേവിയിലെ ചില ഉദ്യോഗസ്ഥരും നാട്ടുകാരും മാത്രമാണ് അപ്പോഴുള്ളത്. മറ്റുള്ളവരൊക്കെ മറ്റു സ്ഥലങ്ങളിലേക്കു നീങ്ങിയിരുന്നു. അവസ്ഥ ഓഫിസില്‍ അറിയിക്കാന്‍ ഫോണ്‍ എടുത്തപ്പോഴാണ് അവിടെ നെറ്റ്‌വര്‍ക്ക് ഇല്ല എന്ന കാര്യം അറിയുന്നത്. ഹോട്ടല്‍ പെരിയാറിന്റെ താഴത്തെ നിലയൊക്കെ മുക്കി നദി ഭീമാകാരനായി ഒഴുകുന്നു. എല്ലാദിവസവും ഇതിനുമുകളിലൂടെ കടന്നുപോകുമെങ്കിലും ഇത്രയേറെ വെള്ളം കണ്ടിട്ടില്ല.

 പ്രളയത്തിനിടെയുള്ള കാഴ്ച. ആലുവ ബൈപാസ് ജംക്‌ഷനിൽനിന്ന്. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

വീട്ടില്‍ ഇരിക്കുന്നവര്‍ വാര്‍ത്ത കാണുന്നുണ്ടെങ്കില്‍ പരിഭ്രമിക്കുന്നുണ്ടാകുമെന്ന് ഉറപ്പ്. എത്രയും വേഗം ഓഫിസിലേക്കും വീട്ടിലേക്കും ഞാന്‍ സുരക്ഷിതസ്ഥാനത്താണെന്ന് അറിയിക്കണം. തോട്ടയ്ക്കാട്ടുകര ജംക്‌ഷനിലേക്ക് ചെന്ന് വേറെ മൊബൈല്‍ ടവറില്‍ നിന്നും റേഞ്ച് കിട്ടുമോയെന്നു പരിശോധിച്ചു. അതും പരാജയപ്പെട്ടപ്പോള്‍ മറ്റൊരു കമ്പനിയുടെ ഡാറ്റാകാര്‍ഡ് ഓണാക്കി വാട്സാപ് കോളിലൂടെ കാര്യങ്ങള്‍ ഇരുകൂട്ടരെയും അറിയിച്ചു. ഇതിനിടെ ആ സ്ഥലത്തും സ്ഥിതി ഗുരുതരമായിത്തുടങ്ങിയിരുന്നു. വെള്ളത്തിലൂടെ ലോറി, ബസ് എന്നിവ മാത്രമാക്കി ഗതാഗതം പരിമിതപ്പെടുത്തി. ഇവിടെ നിന്നപ്പോള്‍ വീണ്ടും കമ്പനിപ്പടിയിലെന്തു സംഭവിക്കുന്നുവെന്നറിയാന്‍ ആകാംക്ഷ. സ്കൂട്ടറെടുത്ത് ഇനി അവിടേയ്ക്കു പോകുക പ്രായോഗികമല്ല. അടുത്തെത്തിയ തമിഴ്നാട് ലോറിയില്‍ ചാടിക്കറി കമ്പനിപ്പടിയിലേക്ക്.

തലയ്ക്കു മുകളില്‍ ഉയര്‍ന്നുനില്‍ക്കുന്ന വെള്ളത്തിലൂടെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ നാട്ടുകാരായ അഞ്ചുപേര്‍ ചെറിയൊരു വഞ്ചിയില്‍ ഇടറോഡുകളില്‍ കുടുങ്ങിയ സ്ത്രീകളെ കൊണ്ടുവരുന്നു. കാര്യങ്ങള്‍ കൈവിട്ടുപോകുന്ന കാഴ്ച. ആലുവ വരെയുള്ള ദൂരം ഓടി തിരിച്ചെത്തി. രാവിലത്തെ ഭക്ഷണം കഴിക്കാതെയാണു വീട്ടില്‍ നിന്ന് ഇറങ്ങിയത്. കടകളെല്ലാം അടച്ചിരിക്കുന്നു. രക്ഷാപ്രവര്‍ത്തകരിലൊരാള്‍ തന്ന ചെറിയ കുപ്പിവെള്ളം അല്‍പം ആശ്വാസമേകി. കനത്ത മഴയില്‍ ആലുവ ബൈപാസ് ജംക്‌ഷനില്‍ കുറച്ചുകൂടി വെള്ളം ഉയര്‍ന്നിരുന്നു. ആശുപത്രിയില്‍ നിന്ന് ഒഴിപ്പിച്ചവര്‍ക്കുപുറമെ ഫ്ലാറ്റുകളില്‍ നിന്ന് ഉള്ളവരെക്കൂടി കരയിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നു. ആ ചിത്രങ്ങള്‍ ഓണ്‍ലൈനിലേക്ക് നല്‍കാന്‍ ഫോണില്‍ റേഞ്ചില്ല. ഡാറ്റാകാര്‍ഡ് ഓണ്‍ചെയ്തപ്പോള്‍ അതും നിശ്ചലം. ടവറുകള്‍ ഒന്നാകെ പോകുകയാണെന്നു മനസിലായി.

Ernakulam Flood ആലുവയിൽനിന്നുള്ള പ്രളയക്കാഴ്ച. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

ഇതിനിടെ വെള്ളത്തില്‍ മുങ്ങിപ്പൊങ്ങിയ അലങ്കാര പക്ഷിയെ കയ്യിലെടുത്തൊരാള്‍ കടന്നുവന്നു. സമയം ഉച്ചകഴിഞ്ഞിരിക്കുന്നു. മഴ ശമിക്കുന്നില്ല. ജലം ഉയര്‍ന്നു കൊണ്ടേയിരിക്കുന്നു. ഈ സമയം എവിടെനിന്നോ എത്തിയ ഫോണ്‍റേഞ്ചില്‍ മിസ്ഡ് കോള്‍ അലര്‍ട്ടുകള്‍ മുപ്പതിലേറെ നമ്പരുകളില്‍ നിന്നും മെസേജായി എത്തി. തിരിച്ചു വിളിക്കാന്‍ നോക്കിയപ്പോള്‍ കണക്‌ഷനും കിട്ടുന്നില്ല. വീട്ടിലെ നമ്പരില്‍ നിന്നും മൂന്നുപ്രാവശ്യം വിളിച്ചതായി കാണാനുണ്ട്. ചെറിയ ഭയം മനസില്‍ തോന്നിത്തുടങ്ങി. അങ്കമാലിയിലെ വീട്ടില്‍ വെള്ളം എത്തിത്തുടങ്ങിയിരിക്കുമോ? തൊടുപുഴയില്‍ അച്ഛനും അമ്മയും താമസിക്കുന്നിടത്ത് എന്താണ് സ്ഥിതി? റേഞ്ച് കിട്ടുന്ന കമ്പനിപ്പടിയിലേക്ക് വീണ്ടും തിരിച്ചോടി. പാന്റ്സും ഷര്‍ട്ടുമെല്ലാം നനഞ്ഞൊട്ടി കുടയും പിടിച്ച് 15 കിലോ ബാഗും താങ്ങിയുള്ള ആ ദീര്‍ഘദൂര ഓട്ടത്തിനു കൊച്ചി മാരത്തണില്‍ 21 കിലോമീറ്റര്‍ ഓടിയതിന്റെ ആയാസമാണു തോന്നിയത്.

Ernakulam Flood ആലുവയിൽനിന്നുള്ള പ്രളയക്കാഴ്ച. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

റേഞ്ച് കിട്ടിയതോടെ ഇരു സ്ഥലങ്ങളിലും നിലവില്‍ സ്ഥിതി സുരക്ഷിതമാണെന്നു മനസിലാക്കാന്‍ കഴിഞ്ഞു. ട്രെയിന്‍ സര്‍വീസ് നിർത്തിയതിനാല്‍ ആളുകളൊക്കെ റെയില്‍വേ ട്രാക്കുവഴി നടന്ന് ആലുവ കടക്കാനുള്ള ശ്രമം നടക്കുന്നതായി ഇതിനകം അറിഞ്ഞു. നേരെ ട്രാക്കിലൂടെ നടന്ന് ആലുവയിലെ പാലത്തിലൂടെ ഭയചകിതരായി കടന്നുവരുന്നവരുടെ ചിത്രം എടുക്കുമ്പോഴേക്കും സമയം അഞ്ചുമണിയോടടുക്കുന്നു. ഇനി ചിത്രം അയക്കാനുള്ള നടപടികള്‍ ആരംഭിക്കേണ്ടിയിരിക്കുന്നു.

Ernakulam Flood ആലുവയിൽനിന്നുള്ള പ്രളയക്കാഴ്ച. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

മെട്രോ സര്‍വീസ് കൊച്ചിയിലേക്ക് പ്രളയബാധിതരെയുമായി സര്‍വീസ് ആരംഭിച്ച വിവരവും അറിഞ്ഞു. അതില്‍ കയറി കൊച്ചിയിലേക്കു പോയാല്‍ തിരിച്ചു വീട്ടിലേക്കു പോകാന്‍ ഏതെങ്കിലും വാഹനം കിട്ടുമെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല. ബസ് സര്‍വീസ് നിലച്ചു, ട്രെയിനില്ല, ആകെയുള്ളത് ടോറസ്, നാഷനല്‍ പെര്‍മിറ്റ് ലോറികള്‍ മാത്രം. വീടിനു സമീപ പ്രദേശങ്ങളിലൊക്കെ വെള്ളം ഉയര്‍ന്നുകൊണ്ടിരിക്കുന്നുവെന്ന് ഭാര്യയുടെ ഭീതിനിറഞ്ഞ എസ്എംഎസ് സന്ദേശം വന്നുകിടപ്പുണ്ട്. നാട്ടുകാരുടെ ദുരിതങ്ങള്‍ക്കിടയില്‍ വീട്ടിലെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിയാതാകുന്ന എല്ലാ മാധ്യമപ്രവര്‍ത്തകരെയും വലയ്ക്കുന്ന വലിയ പ്രശ്നത്തിലേക്ക് ഞാനും കൂപ്പുകുത്തി.

കനത്തുപെയ്യുന്ന മഴയ്ക്ക് ഒരു ശമനവും വന്നിട്ടില്ല. ആദ്യം നിറുത്തിയ ലോറിയില്‍ കയറി. പിന്നാലെ ഒട്ടേറെപേര്‍ ഓടിയെത്തുന്നുണ്ട്. വലിയലോറി ആയതിനാല്‍ മിക്കവര്‍ക്കും ലോഡ് കയറ്റുന്ന സ്ഥലത്തേക്കു കയറാന്‍ കഴിയുന്നില്ല. ക്യാമറ ബാഗിലേക്കിട്ട് ഇരുപതോളം പേരെ വലിച്ചുകയറ്റി. ആ ലോറി നെടുമ്പാശേരി കവലയിലെത്തിയതോടെ എല്ലാവരോടും ഇറങ്ങിക്കൊള്ളാന്‍ പറഞ്ഞു. ഇനി അടുത്ത ലോറി പിടിക്കണം. നേരം ഇരുട്ടിത്തുടങ്ങി. ഏതോ തമിഴ്നാട് ലോറി കുറെ ആളുകളെക്കയറ്റി എത്തി, കൊരട്ടിവരെ ഉണ്ടാകുമെന്ന് മുന്‍പില്‍നില്‍ക്കുന്നയാള്‍ പറഞ്ഞു.

Ernakulam Flood ആലുവ തോട്ടയ്ക്കാട്ടുകരയിൽനിന്നുള്ള പ്രളയക്കാഴ്ച. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

അങ്കമാലിയില്‍ എത്തിയപ്പോഴതാ രാവിലെ പോയപ്പോള്‍ ഇല്ലാതിരുന്ന മറ്റൊരു വൈതരണികൂടി. ദേശീയപാതയില്‍ കോതകുളങ്ങരയില്‍ 200 മീറ്റര്‍ നീളത്തില്‍ വെള്ളക്കെട്ടും കനത്ത ഒഴുക്കും. അതും ഇതേ ലോറിയുടെ ബലത്തില്‍ മറികടന്ന് താഴെയിറങ്ങി 100 രൂപയുടെ നോട്ട് ഡ്രൈവറുടെ കയ്യില്‍ പിടിപ്പിച്ചെങ്കിലും അദ്ദേഹം കൈകൂപ്പി അത് തിരികെ തന്നു. ആ തമിഴ് ഡ്രൈവറും മലയാളി മക്കളെ ചേര്‍ത്തുപിടിച്ചു തന്റെ കടമ നിര്‍വഹിക്കുകയായിരുന്നു. വീട്ടില്‍ കറന്റുപോയിരിക്കുന്നു. ഇന്‍വെര്‍ട്ടറിന്റെയും ഡാറ്റാകാര്‍ഡിന്റെയും ബലത്തില്‍ രാത്രി ഒന്‍പതുമണിയോടെ ചിത്രങ്ങള്‍ ഓഫിസിലെത്തിച്ചു.

Ernakulam Flood ആലുവ കമ്പനിപ്പടിയിലെ പ്രളയക്കാഴ്ച. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

രണ്ടാംദിനം: ഓഗസ്റ്റ് 17

മഴ ഇനിയും തോര്‍ന്നിട്ടില്ല. വീക്ക്‌ലി ഓഫ്ദിനമായ വെള്ളിയാഴ്ചയാണിന്ന്. ഓഫിസില്‍ വേണമെങ്കില്‍ പോകാതിരിക്കാം. പക്ഷേ കേരളം മുഴുവന്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വീട്ടിലിരിക്കുന്നതിനെക്കുറിച്ചു ചിന്തിക്കാനാകുമോ? വീട്ടിലെ സാധനങ്ങളെല്ലാം രാത്രിതന്നെ മുകളിലത്തെ നിലയിലേക്കു മാറ്റി. കാറില്‍ അവശ്യവസ്തുക്കള്‍ കയറ്റി ഏതുനിമിഷം വെള്ളം വീടിനെ തൊടാനെത്തിയാലും പോകാവുന്ന തരത്തില്‍ സജ്ജമാക്കി. ദേശീയപാതയില്‍ ചാലക്കുടിയില്‍ വാഹനങ്ങള്‍ കുടുങ്ങിയതോടെ റോഡില്‍ വാഹനങ്ങള്‍ തീരെ ഇല്ലാതായി. ഹൈവേയിലേക്ക് നടന്നെത്തി ക്യാമറ പുറത്തെടുത്തു.

Ernakulam Flood ആലുവ പെരിയാറിനു സമീപത്തെ പ്രളയക്കാഴ്ച. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

തലേന്നത്തെ ഈര്‍പ്പമെല്ലാം കടന്നുകൂടിയ ലെന്‍സിലൂടെ ഒന്നും കാണുന്നില്ല. ആദ്യ കടമ്പ കടക്കാനുള്ള കോതകുളങ്ങര ലക്ഷ്യമാക്കി നടന്നപ്പോഴേക്കും ലെന്‍സ് അല്‍പം തെളിഞ്ഞു. ടോറസ് ലോറിയില്‍ കയറി അപ്പുറം കടന്നശേഷം ആദ്യം കണ്ട ബൈക്കിന് കൈകാണിച്ചു. അത്താണി കവലയിലേക്കാണെങ്കില്‍ ഇല്ലെന്നു പറഞ്ഞ് അദ്ദേഹം വേറെ വഴിക്കുപോയി. നടപ്പുതന്നെ ശരണം. രണ്ടുകിലോമീറ്റര്‍ നടന്നപ്പോഴേക്കും മറ്റൊരു സ്കൂട്ടര്‍ കിട്ടി. അദ്ദേഹത്തിനൊപ്പം കരിയാട് വരെയെത്തി. വീണ്ടും നടന്ന് അത്താണിയിലേക്ക്. അവിടെ മറ്റൊരു സ്ഥാപനത്തില്‍ ജോലിചെയ്യുന്ന മാധ്യമപ്രവര്‍ത്തകനും കുടുംബവും ഹോട്ടലില്‍ കുടുങ്ങിയിട്ടുണ്ട്. ആ ഹോട്ടലില്‍ തുഴഞ്ഞെത്തി അങ്കമാലിയിലേക്കു മാറാനുള്ള വഴികള്‍ നിര്‍ദേശിച്ചു. കൊച്ചിയിലെ സഹപ്രവര്‍ത്തകനോട് മെട്രോയില്‍ കയറി ആലുവയിലെത്തി അവിടുത്തെ ദൃശ്യങ്ങള്‍ പകര്‍ത്താമോയെന്ന് ചോദിച്ചു. അദ്ദേഹം സമ്മതിച്ചതിനാല്‍ അങ്കമാലി – അത്താണി പ്രദേശങ്ങളിലെ ദുരിതപ്രദേശങ്ങളിലെ ദൃശ്യങ്ങളിലേക്ക് ശ്രദ്ധയൂന്നി.

Ernakulam Flood ആലുവ കമ്പനിപ്പടിയിലെ പ്രളയക്കാഴ്ച. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

വരുന്ന വഴിയില്‍ വെള്ളം പൊങ്ങിയെത്തുന്നതിനു സമീപം മൂന്ന് ആടുകളെ കെട്ടിയിട്ടിരിക്കുന്നത് കണ്ടിരുന്നു. നേരെപോയി അവയുടെ കയര്‍ അഴിച്ചുവിട്ടു. ഹെലികോപ്റ്റുകള്‍ തലങ്ങുംവിലങ്ങും പായുന്നുണ്ട്. ഇന്ന് വീട്ടില്‍ നിന്നും ഇറങ്ങിയതുതന്നെ ബര്‍മുഡയും വള്ളിച്ചെരുപ്പുമിട്ടാണ്. അതിനാല്‍ പാന്റ്സ്- ഷൂസ് നനയലൊന്നും പ്രശ്നങ്ങളില്‍ പെടില്ല. പക്ഷേ കാലിലെ മുറിവ് ഈ വെള്ളത്തിലൂടെ ഒഴുകിയെത്തുന്ന എന്തുവസ്തുവിനോടാണ് പ്രതികരിക്കുക എന്ന പേടി മനസില്‍ ഇല്ലാതിരുന്നില്ല. നെടുമ്പാശേരി പ്രദേശത്തെ രണ്ട് ദുരിതാശ്വാസ കേന്ദ്രങ്ങളില്‍കൂടി കയറിയതോടെ വൈകുന്നേരമായി. കട തുറപ്പിച്ച് ഉള്ള സാധനങ്ങള്‍ വാങ്ങിക്കൊണ്ടു പോകുന്നവരുടെയും എടിഎമ്മില്‍ പണമില്ലാതെ കാര്‍ഡുമായി നെട്ടോട്ടമോടുന്നവരെയുമെല്ലാം ആ ദിനത്തില്‍ കണ്ടു.

Ernakulam Flood ആലുവ കമ്പനിപ്പടിയിലെ പ്രളയക്കാഴ്ച. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

തിരിച്ച് വീട്ടിലേക്കുള്ള യാത്രയില്‍ പാലും മറ്റ് ചില സാമഗ്രികളുമൊക്കെ വാങ്ങണമെന്ന് കരുതിയെങ്കിലും കടകളെല്ലാം അടഞ്ഞുതന്നെ കിടക്കുന്നു. വീട്ടില്‍ പാല്‍ ഇല്ലാതായിട്ടു മൂന്നുദിനമായി. ഏതെങ്കിലും കട തുറക്കുമ്പോള്‍ ആളുകള്‍ കൂട്ടത്തോടെ വന്ന് സാധനങ്ങള്‍ വാങ്ങിക്കൊണ്ടു പോകുകയും ചെയ്യും. കോതകുളങ്ങര കടക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു രോഗിയെ വള്ളത്തില്‍ ചേര്‍ത്തുബന്ധിച്ചു മറുകര കടത്തുന്ന ദൃശ്യത്തിനും സാക്ഷിയായി. ചിത്രങ്ങള്‍ ഓഫിസിലേക്ക് അയക്കാന്‍ വീട്ടിലെത്തി നോക്കുമ്പോള്‍ തലേന്ന് പ്രവര്‍ത്തിച്ചിരുന്ന 4ജി കാര്‍ഡിന്റെ റേഞ്ചും നഷ്ടപ്പെട്ടു. കുറച്ചുകഴിഞ്ഞപ്പോള്‍ ബിഎസ്എന്‍എല്‍ ലാന്‍ഡ് ലൈനിന്റെ ബ്രോഡ്ബാന്‍ഡ് പ്രവര്‍ത്തിച്ചുതുടങ്ങി. സ്വകാര്യ കമ്പനികള്‍ തകരാറിലായെങ്കിലും ബിഎസ്എന്‍എല്‍ മുടക്കമില്ലാതെ പ്രവര്‍ത്തിച്ചതിനാല്‍ അവരോടുള്ള സ്നേഹം കൂടുതല്‍ തോന്നിയ നിമിഷമായിരുന്നു അത്.

Ernakulam Flood കുത്തിയതോട് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹം സെമിത്തേരിയിലേക്കെടുത്തപ്പോൾ പള്ളിവരാന്തയിൽ നിൽക്കുന്നവർ. ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍

മൂന്നാംദിനം: ഓഗസ്റ്റ് 18

ക്യാമറയുടെ ബാറ്ററി ചാര്‍ജൊക്കെ തീര്‍ന്നുതുടങ്ങി. ഓഫിസില്‍ എത്തിയേ തീരൂ. മൂന്ന് വെള്ളക്കെട്ടുകളും ലോറിയില്‍ കടന്ന് ആലുവ മെട്രോ സ്റ്റേഷന്‍ പരിസരത്തെത്തി. സ്റ്റേഷന്‍ പരിസരം അഭയാര്‍ഥിക്യാംപ് പോലെയായി. വിവിധ സ്ഥലങ്ങളില്‍ നിന്നും കൊണ്ടുവന്ന തുണിത്തരങ്ങള്‍ അവിടെ തരം തിരിക്കുന്നു. പലരും മൊബൈല്‍ ചാര്‍ജുചെയ്യുന്നതുപോലും അവിടെയുള്ള വൈദ്യുതിയെ ആശ്രയിച്ചാണ്. കൂടുതല്‍ ലോറികളും മത്സ്യതൊഴിലാളികളും രക്ഷാപ്രവര്‍ത്തനവുമായി രംഗത്തുണ്ട്. കാറുകളില്‍ മാത്രം സഞ്ചരിച്ചിരുന്നവര്‍ ലോറികളില്‍ നനഞ്ഞൊട്ടി പോകുന്നു.

Ernakulam Flood കുത്തിയതോട് ദുരന്തത്തിൽ അകപ്പെട്ട നാൽക്കാലി. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

ബല്‍ജിയത്തില്‍ നിന്നു കേരളം കാണാനെത്തി നെടുമ്പാശേരിയില്‍ കുടുങ്ങിയ സഞ്ചാരികളെ ആ സമയത്താണ് മെട്രോ സ്റ്റേഷനില്‍ എത്തിച്ചത്. അവരോട് ഇനി എങ്ങോട്ടാണ് യാത്രയെന്ന് ചോദിച്ചു. തിരുവനന്തപുരം വഴി ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നും രക്ഷപെടാനാണ് പദ്ധതി. മൂന്ന് പാസഞ്ചര്‍ ട്രെയിനുകള്‍ തിരുവനന്തപുരത്തേക്ക് കൊച്ചിയില്‍ നിന്നും പോകുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ അത് സേഫ് ആണോ എന്നായി അവരുടെ സംശയം. റെയില്‍പാത ഇപ്പോഴും സുരക്ഷിതമാണെന്ന് പറഞ്ഞ് ജീവനുംകൊണ്ട് കൊച്ചിയിലേക്ക് പായുന്നവര്‍ക്കൊപ്പം ഞാനും മെട്രോയില്‍ കയറി.

Ernakulam Flood ആലുവയിൽനിന്നുള്ള പ്രളയക്കാഴ്ച. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

കയ്യിലെ മെട്രോ കാര്‍ഡൊന്നും മെഷിനില്‍ വയ്ക്കേണ്ടിവന്നില്ല. സൗജന്യമായി എല്ലാവര്‍ക്കും മെട്രോ ആ സമയത്ത് യാത്രയൊരുക്കിയിരുന്നു. കോടികള്‍ മുടക്കി മെട്രോ സംവിധാനം കൊണ്ടുവന്നപ്പോള്‍ കട്ടയ്ക്കുനിന്ന് എതിര്‍ത്തവര്‍ പോലും മെട്രോയെ പുകഴ്ത്തിയ ദിനങ്ങള്‍. ജനം തിങ്ങിനിറഞ്ഞു നീങ്ങുന്ന മെട്രോയുടെ സീറ്റിനുതാഴെ ഒരു നായ തണുത്ത് വിറച്ച് ഇരിക്കുന്നു. അതിന്റെ കഴുത്തില്‍ ചുറ്റിയ വള്ളിയുടെ അറ്റത്തേക്കു നോക്കി. ആലുവയില്‍ നിന്നു കലൂരിലെ ബന്ധുവീട്ടിലേക്ക് തന്റെ പ്രിയ നായയുമായി രക്ഷപെടുന്ന ഒരു യുവാവ്. എങ്ങനെ നായയെ മെട്രോയില്‍ കയറ്റി? അതൊക്കെ കയറ്റി ചേട്ടാ. ഫോട്ടോ പത്രത്തില്‍ കൊടുത്ത് കുഴപ്പമാക്കരുത്. വേണമെങ്കില്‍ അവളെ മാത്രം എടുത്തോളൂ... കഴുത്തില്‍ തൂങ്ങിക്കിടക്കുന്ന തിരിച്ചറിയല്‍ കാര്‍ഡിലേക്ക് നോക്കി അദ്ദേഹം പറഞ്ഞു.

കലൂര്‍ സ്റ്റേഷനില്‍ ഇറങ്ങി പുറത്തേക്ക് പോകുന്ന അദ്ദേഹത്തെ സെക്യൂരിറ്റി ഓഫിസര്‍മാര്‍ നായയെ എങ്ങനെ മെട്രോയില്‍ കയറ്റിയെന്ന് അന്വേഷിക്കാന്‍ പാഞ്ഞെത്തി. വളരെ വേഗത്തില്‍ എന്തോ മറുപടി നല്‍കി അദ്ദേഹം പുറത്തിറങ്ങി തിരക്കില്‍ മറഞ്ഞു. മഴ കുറഞ്ഞ് ചാറ്റല്‍ മഴയിലേക്ക് നീങ്ങിയിരിക്കുന്നു. പക്ഷേ വെള്ളം പഴയരീതിയില്‍ത്തന്നെ എങ്ങും നിറഞ്ഞുകിടക്കുന്നുവെന്ന് മെട്രോയിലൂടെ സഞ്ചരിക്കുമ്പോഴുള്ള കാഴ്ചകളില്‍ നിന്നു വ്യക്തം. അതുവരെയുള്ള എല്ലാ ചിത്രങ്ങളും ഓഫിസ് സംവിധാനത്തിലേക്ക് പകര്‍ത്തി. തിരിച്ചുള്ള യാത്രയും മെട്രോ - ലോറി വഴി തന്നെ.

നാലാംദിനം: ഓഗസ്റ്റ് 19

രാവിലെ പെട്രോള്‍ പമ്പുകളിലെ വലിയ തിരക്ക് എടുത്താണ് തുടക്കമിട്ടത്. നെടുമ്പാശേരി പ്രദേശത്താകെ മൃഗങ്ങള്‍ ചത്തുപൊങ്ങിക്കിടക്കുന്നു. ഞാന്‍ മുന്‍പ് അഴിച്ചുവിട്ട ആടുകള്‍ രക്ഷപെട്ടിരിക്കാമെന്ന് വെറുതെ ആശ്വസിച്ചു. (അതോ ഉടമ ആടിനെ കാണാതെ അഴിച്ചുവിട്ടവനെ ശപിച്ചുകൊണ്ടു നടക്കുന്നുണ്ടാകുമോയെന്തോ). വിമാനത്താവളത്തിനു സമീപത്ത് എത്തിയപ്പോഴാണ് ആടിനെയുമെടുത്ത് പോകുന്ന ഒരു കര്‍ഷകനെ കണ്ടത്. തന്റെ അഞ്ച് ആടുകള്‍ പ്രളയത്തില്‍ നഷ്ടപ്പെട്ടെന്നും ഈ ഒരെണ്ണത്തിനെ ജീവനോടെ കിട്ടിയെന്നും സന്തോഷത്തില്‍ അദ്ദേഹം പറഞ്ഞു. ആ സന്തോഷം ചിത്രത്തിലാക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

Ernakulam Flood ആലുവ ദേശത്തെ പ്രളയക്കാഴ്ച. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

വെള്ളമിറങ്ങിയ വീടുകളിലൊക്കെ ക്ലീനിങ് നടക്കുന്നു. എല്ലാം നഷ്ടപ്പെട്ടവരുടെ ദുരിതങ്ങള്‍ കാണുമ്പോള്‍ ഇത്രദിനം ഭക്ഷണം കഴിക്കാതെ നടന്നതൊന്നും ഒന്നുമല്ലാതായിത്തീരുന്നു. ദേശം കവലയിലെത്തിയപ്പോള്‍ ഇനിയും ഇറങ്ങാത്ത വെളളക്കെട്ടിനപ്പുറം ഒരു ഫ്ലാറ്റില്‍ നിന്നു രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് തയാറാകുന്നു. അതില്‍ കയറി ഫ്ലാറ്റിലെത്തിയപ്പോള്‍ അവിടെ ഒരു ദുരിതാശ്വാസ ക്യാംപായി പ്രവര്‍ത്തിക്കുകയാണ്. തിരിച്ച് മൂന്ന് കിലോമീറ്ററോളം നടന്നു വെള്ളക്കെട്ട് എത്താറായപ്പോഴേക്കും ഒരു പിക്അപ് വാന്‍ എത്തി അപ്പുറം കടത്തിത്തന്നു. പറവൂരിലേക്ക് ഇതുവരെയും പോകാനായിട്ടില്ല.

Ernakulam Flood പ്രളയത്തിനിടെയുള്ള കാഴ്ച എറണാകുളത്തുനിന്ന്. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

അതിനായി ഒരു ശ്രമം നടത്തിനോക്കേണ്ടിയിരിക്കുന്നു. ആലുവ യുസി കോളജ് വഴിയിലൂടെ പോയിനോക്കി. രണ്ടുകിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ വലിയ വെള്ളക്കെട്ടിലെത്തി. ക്യാമറബാഗ് തലയില്‍ കയറ്റിവച്ചു ഇറങ്ങി നീന്തിനോക്കി. ഇടക്കിടെ എത്തുന്ന ലോറികളില്‍ നിന്നും തിരമാല ഉയര്‍ന്ന് തലക്ക് മുകളിലേക്കെത്തുന്നു. ലോറി വരുന്നത് കാണുമ്പോള്‍ ഇലക്ട്രിക് പോസ്റ്റില്‍ കയറും. പോയിക്കഴിയുമ്പോള്‍ താഴെയിറങ്ങും. അങ്ങനെ ഒന്നര കിലോമീറ്റര്‍ പോയെങ്കിലും എവിടെയും എത്തുന്നില്ല. ഇനിയും പറവൂര്‍ക്ക് കടക്കാനാകാത്ത സ്ഥിതി. ആ ശ്രമം ഉപേക്ഷിച്ച് ആലുവ യുസി കോളജിലെ ക്യാംപിലേക്ക് തിരിച്ചെത്തി. ഭക്ഷണത്തിനും മരുന്നിനുമെല്ലാം ധാരാളംപേര്‍ അവിടെ കാത്തുനില്‍ക്കുന്നുണ്ട്.

Ernakulam Flood ദുരിതാശ്വാസ ക്യാംപിലെ കാഴ്ച. ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍

വസ്ത്രങ്ങളുമായി വാഹനം എത്തുമ്പോള്‍ വലുപ്പചെറുപ്പമില്ലാതെ എല്ലാവരും ഓടിയെത്തുന്നു. വൊളന്റിയര്‍മാര്‍ അവരെയെല്ലാം നിയന്ത്രിക്കാന്‍ പാടുപെടുന്നു. ഇതിനിടെ ക്യാംപില്‍ ലഭിക്കുന്ന ഭക്ഷണത്തിന് ഉപ്പും മുളകുമൊന്നുമില്ലെന്നു പരാതിയുമായി ഒരാളെത്തി. ഭക്ഷണം പോലും ലഭിക്കാത്ത ക്യാംപുകളിലെ അനുഭവം വിവരിച്ച് അദ്ദേഹത്തെ ഈ ക്യാംപാണു മികച്ചതെന്ന് ബോധവല്‍ക്കരിച്ചാണ് യാത്രയാക്കിയത്. കനത്ത വിശപ്പ് ഉള്ളില്‍ കത്തുന്നുണ്ടെങ്കിലും ക്യാംപ് നിവാസികളുടെ ഭക്ഷണം കഴിക്കാനുള്ള കുറ്റബോധമോര്‍ത്ത് അതിനെ കടിച്ചമര്‍ത്തി. അങ്ങനെ ഉച്ചപട്ടിണിയുടെ നാലാം ദിനവും കടന്നുപോയി.

Ernakulam Flood ആലുവ പറവൂർ റോഡിൽനിന്നുള്ള പ്രളയക്കാഴ്ച. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

അഞ്ചാംദിനം: ഓഗസ്റ്റ് 20

ഓഫിസിലെ പ്രത്യേക നിര്‍ദേശപ്രകാരം ചാലക്കുടി കുറ്റിക്കാട് ക്യാംപിലേക്കായിരുന്നു യാത്ര. വനിതാ റിപ്പോര്‍ട്ടറാണ് ഒപ്പമുള്ളത്. വനിതകളുടെ പ്രശ്നങ്ങളാണ് സ്റ്റോറിയുടെ ഹൈലൈറ്റ്. 98കാരിയായ കുറ്റിക്കാട് സ്വദേശി ലക്ഷ്മി 1924ലെയും ഇപ്പോഴത്തെയും വെള്ളപ്പൊക്കത്തെക്കുറിച്ച് വിവരിക്കുമ്പോള്‍ മുഖത്തെ ചുളിവുകളിലൂടെ കണ്ണുനീര്‍ അരിച്ചിറങ്ങി. ഇന്ന് വെള്ളത്തിലിറങ്ങി നീന്തല്‍ പരിപാടിയില്ല. നാലുദിനം വെള്ളത്തില്‍ നീന്തിയതിന്റെ ക്ഷീണം കനത്തതാണ്. കാല്‍ വിരലുകള്‍ക്കിടയില്‍ വളംകടി മൂത്ത് ത്വക്ക് പൊളിഞ്ഞിരിക്കുന്നു. മടക്കയാത്രയില്‍ വീണ്ടും പറവൂര്‍ പുത്തന്‍വേലിക്കരയ്ക്കു പോകാനുള്ള ശ്രമം നടത്തി. പക്ഷേ അത് ജില്ലാ അതിര്‍ത്തിയിലെ തിരുത്തൂര്‍ ക്യാംപിലെത്തി അവസാനിച്ചു.

അവിടുത്തെ വനിതകളുടെ പരിഭവങ്ങളെല്ലാം എടുക്കുന്നതിനിടെയാണു മറ്റൊരു ദുരന്തത്തില്‍പെട്ട സ്ത്രീയെ കൊണ്ടുവരുന്നത്. ഹൈലികോപ്റ്റര്‍ പറന്നപ്പോഴത്തെ കാറ്റില്‍ തകിട് ഷീറ്റ് പറന്നുവീണു കാലിനു പരുക്കേറ്റ തുരുത്തിപ്പുറം സ്വദേശി മേരി ജോസഫിനെ കുറെപേര്‍ താങ്ങിപ്പിടിച്ചെത്തി. ദുരന്തങ്ങളില്‍ നിന്നും രക്ഷപെട്ടുവന്നിട്ടു വീണ്ടും ദുരന്തങ്ങളിലേക്ക്. ഈ അനുഭവങ്ങളെല്ലാം പകര്‍ത്തിയതോടെ തളര്‍ന്നു.

അവിടുത്തെ ക്യാംപില്‍ ഭക്ഷണം തയാറാക്കുന്നവര്‍ ഞങ്ങളുടെ അവസ്ഥ കണ്ടിട്ടാകാം ചോറും കടലയും കപ്പയും ചേര്‍ത്ത വിഭവം പേപ്പര്‍ പ്ലേറ്റിലാക്കി തന്നു. അടുത്തകാലത്ത് കഴിച്ചതിലെ ഏറ്റവും രുചിയേറിയതായി അതു തോന്നി. കഴിഞ്ഞദിനങ്ങളിലെല്ലാം കാലിലെ മുറിവുമായി പ്രളയജലത്തില്‍ നിന്നതു വിവരിച്ചപ്പോള്‍ അവിടുത്തെ ഡോക്ടര്‍ രണ്ട് എലിപ്പനി ഗുളിക കൂടി നല്‍കി. മാള, അന്നമനട എന്നീ വഴികളിലൂടെ സഞ്ചരിച്ച് തിരിച്ച് ഓഫിസിലെത്തിയപ്പോഴേക്കും നേരം വൈകിയിരുന്നു.

ആറാംദിനം: ഓഗസ്റ്റ് 21

കഴിഞ്ഞ അഞ്ചുദിനത്തിലെ അസാധാരണ ജോലികളുടെ ഫലം ശരീരത്തില്‍ പ്രതിഫലിച്ചുതുടങ്ങി. രാവിലെ ബാഗ് പുറത്തേക്കിടുമ്പോള്‍ ശരീരത്തിന്റെ ഇടതുഭാഗത്തുകൂടി ഒരു മിന്നല്‍പിണര്‍ കടന്നുപോയി. കണ്ണിലാകെ ഇരുട്ടുപടര്‍ന്നു. കുറെനേരം അവിടെത്തന്നെയിരുന്നു. ലോറികളിലെല്ലാം ഭാരമേറിയ ബാഗും ക്യാമറയും കുടയുമൊക്കെയായി വലി‍ഞ്ഞുകയറി വെള്ളത്തിലൂടെ നീന്തിക്കടന്നതിന്റെ ബാക്കിപത്രം. വേദനസംഹാരിയായ സ്പ്രേ സഹപ്രവര്‍ത്തകന്‍ അടിച്ചുതന്നതിന്റെ ബലത്തില്‍ പറവൂരിലെ ദുരിതാശ്വാസ ക്യാംപിലേക്കു തിരിച്ചു. പറവൂര്‍ ടൗണ്‍ഹാളിലെയും ബോയ്സ് സ്കൂളിലെയും ക്യാംപില്‍ കുട്ടികളുടെ ചിരിയും വലിയവരുടെ ദുരിതങ്ങളും ക്യാമറയില്‍ പകര്‍ത്തി ഇനിയും പോകാത്ത സ്ഥലങ്ങളിലേക്ക് തിരിച്ചു.

ചെറിയ വല്ലംതുരുത്ത് പ്രദേശമാകെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വീടുകള്‍ തകര്‍ത്തതുപോലെ കിടക്കുന്നു. വിവിധ ജില്ലകളിലുള്ള ബന്ധുക്കള്‍ അവിടുത്തെ വീടുകളിലെത്തി പാത്രങ്ങളടക്കം കഴുകിക്കൊടുക്കുന്നുണ്ട്. ഓരോരുത്തരും അവരവരുടെ വേദനയാണ് ഏറ്റവും വലുതെന്ന തരത്തില്‍ ഞങ്ങളെക്കാണുമ്പോള്‍ പറയുന്നുമുണ്ട്. ചേന്ദമംഗലത്തെ ഒരു പച്ചക്കറിക്കട തകര്‍ന്നുകിടക്കുന്നതുകണ്ട് വാഹനം അവിടെ നിറുത്തി. പെട്ടെന്ന് ഒരാള്‍ ഓടിയെത്തി കൈകൂപ്പി ഒരു ചിത്രം എടുത്തുതരണമെന്ന് അഭ്യര്‍ഥിച്ചു. തന്റെ കടതകര്‍ന്ന ഒരു ചിത്രം എടുക്കാന്‍ ഫൊട്ടോഗ്രഫറെ തേടി നാടുമുഴുക്കെ അദ്ദേഹം ഈ ദിവസങ്ങളില്‍ അലയുകയായിരുന്നെത്രെ. പേര് കെ.എ.ബേബി. തന്റെ ജീവനും ജീവിതവുമായിരുന്ന കടയില്‍ കുറച്ചുനാളുകള്‍ക്കു മുന്‍പ് മന്ത്രിയെത്തി തന്നെ അഭിനന്ദിക്കുന്ന ചിത്രം ചെളിയില്‍ നിന്നും അദ്ദേഹം ഉയര്‍ത്തിയെടുത്തു. ചിത്രം ഫ്രെയിം ചെയ്ത ചില്ലില്‍ പ്രളയത്തില്‍ ചീഞ്ഞുകിടക്കുന്ന മത്തങ്ങ തേച്ച് ഫോട്ടോയുടെ ഒരു ഭാഗം ഞങ്ങളെ കാണിച്ചു.

Ernakulam-Flood-2608-3 ആലുവയിൽ ആശുപത്രിയും പരിസരവും വൃത്തിയാക്കുന്നവർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

പുത്തന്‍വേലിക്കരയായിരുന്നു അടുത്ത ലക്ഷ്യം. അവിടെ ഏതോ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ കാറിലെത്തി ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. മറ്റൊരു കെട്ടിടത്തിനു മുകളില്‍ കയറി ഇതിന്റെ ചിത്രം പകര്‍ത്തുമ്പോള്‍ വെറുതെ റോഡിലൂടെ പോയവരും ഈ പൊതിക്കായി തള്ളിക്കയറുന്നതും കാണാനായി. പ്രളയദുരിതാശ്വാസ കേന്ദ്രമായിരുന്ന കുത്തിയതോട് പള്ളിമുറി ഇടിഞ്ഞുവീണ് മരിച്ച ആറുപേരെ സംസ്കരിക്കുന്നത് അപ്പോഴാണെന്ന് ഓര്‍മിപ്പിച്ചത് അവിടെയുള്ളൊരു ഫൊട്ടോഗ്രഫി സുഹൃത്താണ്. സംസ്കാരം നടക്കുന്ന പള്ളിയിലേക്കു ചെന്നപ്പോള്‍ അവിടമാകെ ദുഖപ്രളയം.

അപകടത്തിന്റെ തീവ്രത സൂചിപ്പിച്ച് തകര്‍ന്നുവീണ പള്ളിമുറിയുടെ അടിയില്‍ ഞെരിഞ്ഞമര്‍ന്ന് ഒരു നാല്‍ക്കാലിയും ഏതാനും വാഹനങ്ങളും അപ്പോഴും കിടക്കുന്നു. പള്ളിയകത്തുനിന്നും കൂട്ടക്കരച്ചിലിന്റെ അലയൊലികള്‍. പ്രളയത്തിനുശേഷം തെളിഞ്ഞ സൂര്യന്റെ കാഠിന്യത്തില്‍ മാറുപിളര്‍ന്നുനില്‍ക്കുന്ന ചെളി സെമിത്തേരിയിലെങ്ങും കാണാം. മാറുപിളര്‍ക്കുന്ന കരച്ചിലുമായി ബന്ധുക്കള്‍ ഓരോ ശവപ്പെട്ടിക്കും പിന്നാലെ സെമിത്തേരിയിലേക്ക് നീങ്ങുന്നു. ആശ്വാസത്തിന്റെ കരയണയാന്‍ വെമ്പിയവര്‍ക്ക് വിധിയൊരുക്കിയ ക്ലൈമാക്സ് കൂട്ടദുരന്തമായിരുന്നു. ബന്ധുക്കളുടെ വേദനയുടെ ഭാരവും പേറി തിരിച്ച് ഓഫിസിലേക്ക്. ഈ ദിനത്തിലെ പ്രളയദുരിത കാഴ്ചകള്‍ക്കും അതോടെ അസ്തമയം.

related stories