Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രവര്‍ത്തിക്കാൻ അനുമതി ആർഎസ്എസിനു മാത്രമെന്ന് രാഹുൽ; മറുപടിയുമായി റിജിജു

kiren-rijiju-rahul കേന്ദ്രമന്ത്രി കിരൺ റിജിജു, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി

ന്യൂഡൽഹി∙ മാവോയിസ്റ്റ് ബന്ധമാരോപിച്ചു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സാമൂഹിക പ്രവർത്തകരെയും എഴുത്തുകാരെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജ്യത്ത് ഒരേ ഒരു എൻജിഒയെ മാത്രമാണു സര്‍ക്കാർ പ്രവർത്തിക്കാൻ അനുവദിക്കുന്നതെന്നു രാഹുൽ സമൂഹമാധ്യമത്തിൽ പ്രതികരിച്ചു. ഒരു എൻജിഒയ്ക്കു മാത്രമാണ് ഇന്ത്യയിൽ പ്രവർത്തിക്കാൻ സ്ഥാനമുള്ളത്. അത് ആർഎസ്എസ് ആണ്. സാമൂഹിക പ്രവർത്തകരെ എല്ലാം ജയിലിലടയ്ക്കുന്നു. പരാതി ഉന്നയിക്കുന്നവരെ വെടിവയ്ക്കുന്നു. പുതിയ ഇന്ത്യയിലേക്കു സ്വാഗതം– രാഹുൽ ട്വീറ്റ് ചെയ്തു.

അതേസമയം രാഹുലിന്റെ വിമർശനത്തിനു മറുപടിയുമായി കേന്ദ്രമന്ത്രി കരൺ റിജിജു രംഗത്തെത്തി. മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ മന്‍മോഹൻ സിങ്ങിന്റെ പരാമർശങ്ങള്‍ ഓർമിപ്പിച്ചുകൊണ്ടാണു റിജിജുവിന്റെ പ്രതികരണം. മാവോയിസ്റ്റുകൾ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് ഒന്നാമത്തെ ഭീഷണിയായിരുന്നെന്നാണു പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ് പറഞ്ഞത്. എന്നാലിപ്പോൾ കോൺഗ്രസ് അധ്യക്ഷൻ മാവോയിസ്റ്റുകളോടു മമതയുള്ളവരെ തുറന്നു പിന്തുണയ്ക്കുകയാണ്. രാഷ്ട്രീയത്തിനും മുകളിൽ ദേശീയ സുരക്ഷയെ നിർത്തണം– റിജിജു ട്വിറ്ററിൽ മറുപടി നൽകി.

കഴിഞ്ഞ ദിവസമാണു മാവോയിസ്റ്റ് ബന്ധമാരോപിച്ചു സാമൂഹിക പ്രവർത്തകരുടെ വീടുകളിൽ മഹാരാഷ്ട്ര പൊലീസ് പരിശോധന നടത്തിയത്. പിന്നീട് ഇതിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. എഴുത്തുകാരൻ പി. വരവരറാവു, അഭിഭാഷക സുധ ഭരദ്വാജ്, സാമൂഹിക പ്രവർത്തകരായ അരുൺ ഫെറേറ, ഗൗതം നവ്‍ലക, വെർനൺ ഗോൺസാൽവസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഡല്‍ഹി, ഫരീദാബാദ്, ഗോവ, മുംബൈ, റാഞ്ചി, ഹൈദരാബാദ് എന്നിവിടങ്ങളിൽ പൊലീസ് പരിശോധന നടത്തി.

related stories