Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണിയാർ ഡാമിന്റെ തകരാർ ഗുരുതരം; ഉടൻ പരിഹരിക്കണം: ജലസേചന വകുപ്പ്

Maniyar-Dam-2 മണിയാർ ഡാമിന്റെ വലതുകരയോടു ചേർന്ന് തുറക്കാനാകാത്ത രണ്ടാം നമ്പർ ഷട്ടറിന്റെ അടിഭാഗം തകർന്ന നിലയിൽ. ചിത്രം: നിഖിൽരാജ്

റാന്നി∙ പമ്പ ജലസേചന പദ്ധതിയുടെ പ്രധാന സംഭരണിയായ മണിയാർ അണക്കെട്ടിന്റെ തകരാർ ഗുരുതരമാണെന്ന് ജലസേചന വകുപ്പ് ചീഫ് എൻജിനീയർ. നിലവിൽ അപകട സ്ഥിതിയില്ല. തകരാർ ഉടൻ പരിഹരിക്കണം. ഇല്ലെങ്കിൽ സ്ഥിതി മോശമായേക്കാമെന്നും എൻജിനീയർ പറഞ്ഞു. അണക്കെട്ടിൽ ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി.

കനത്ത വെള്ളപ്പൊക്കത്തിലാണ് മണിയാർ അണക്കെട്ടിലെ രണ്ടാം ഷട്ടറിന്റെ താഴ്ഭാഗത്ത് കോൺക്രീറ്റ് അടർന്നുപോയത്. വലതുകരയിലെ ഒന്നാം നമ്പർ ഷട്ടറിന്റെ താഴ്ഭാഗത്തും ഇത്തരത്തിൽ കോൺക്രീറ്റ് അടർന്നിട്ടുണ്ട്. വീണ്ടും വെള്ളം കുത്തിയൊലിച്ചാൽ ശേഷിക്കുന്ന ഭാഗവും തകരുന്ന സ്ഥിതിയിലാണ്.

ഡാം നിറഞ്ഞ് ഇപ്പോഴും വെള്ളമുണ്ട്. നാലു ഷട്ടറുകൾ ഉയർത്തി വെള്ളം പുറത്തേക്കുവിടുന്നുണ്ടെങ്കിലും സുരക്ഷിതമല്ല. ഡാമിന് തകർച്ച നേരിട്ടാൽ മണിയാർ മുതൽ പൂവത്തുംമൂട് വരെ കക്കാട്ടാറിന്റെയും പൂവത്തുംമൂട്–ചെങ്ങന്നൂർ വരെ പമ്പാനദിയുടെ തീരപ്രദേശങ്ങളെയും ബാധിക്കും. കക്കാട്ടാറ്റിലെ അണക്കെട്ടാണിത്. കഴിഞ്ഞ 15ന് അണക്കെട്ട് കവിഞ്ഞ് വെള്ളമൊഴുകിയിരുന്നു. നാലു ഷട്ടറുകൾ തുറന്നുവിട്ടാണ് ജലനിരപ്പ് കുറച്ചത്.

ശബരിഗിരി, കക്കാട് പദ്ധതികളിലും കാരിക്കയം, അള്ളുങ്കൽ എന്നീ സ്വകാര്യ പദ്ധതികളിലും വൈദ്യുതി ഉൽപാദനത്തിനുശേഷം പുറംതള്ളുന്ന വെള്ളമാണ് മണിയാറിൽ സംഭരിക്കുന്നത്. 31.5 മീറ്ററാണ് ഡാമിന്റെ ജലസംഭരണ ശേഷി. രണ്ടു കിലോമീറ്റർ വ്യാപിച്ചു കിടക്കുന്നതാണ് ഡാമിന്റെ വൃഷ്ടി പ്രദേശം. 1995 മുതൽ വൈദ്യുതോൽപാദനവും നടത്തുന്നുണ്ട്. സംസ്ഥാനത്ത് സ്വകാര്യ മേഖലയിലെ ആദ്യ ജലവൈദ്യുത പദ്ധതിയാണ് മണിയാറിലേത്.
 

related stories