Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹഖാനി നെറ്റ്‍വർക്ക് സ്ഥാപകൻ മരിച്ചു; വിവരം പുറത്തുവിട്ടത് അഫ്ഗാൻ താലിബാൻ

maulvi-jalaluddin-haqqani ജലാലുദ്ദീന്‍ ഹഖാനി (ഫയൽ ചിത്രം)

കാബൂൾ∙ അഫ്ഗാനിസ്ഥാനിലെ ഏറ്റവും പ്രബലമായ തീവ്രവാദി സംഘടനയായ ഹഖാനി നെറ്റ്‍വർക്കിന്‍റെ സ്ഥാപകൻ ജലാലുദ്ദീൻ ഹഖാനി മരിച്ചതായി അഫ്ഗാൻ താലിബാന്‍. ദീർഘകാലമായി അസുഖ ബാധിതനായിരുന്നുവെന്ന് ഒരു പ്രസ്താവനയില്‍ താലിബാൻ വ്യക്തമാക്കി. ജലാലുദ്ദീന്‍ ഹഖാനിയുടെ മകൻ സിറാജുദ്ദീൻ ഹഖാനിയാണു നിലവിൽ ഹഖാനി നെറ്റ്‌വർക്കിനെ നയിക്കുന്നത്.

1980കളിൽ അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് യൂണിയൻ അധിനിവേശം ചെറുക്കാൻ യുഎസിന്‍റെയും പാക്കിസ്ഥാന്‍റെയും സഹായത്തോടെയാണു മുജാഹുദ്ദീന്‍ കമാൻഡറായ ജലാലുദ്ദീൻ, ഹഖാനി നെറ്റ്‍‌വർക്കിനു രൂപം നൽകിയത്. പിന്നീട് അഫ്ഗാനിസ്ഥാനിലെ ഏറ്റവും ക്രൂരവും ശക്തവുമായ തീവ്രവാദി സംഘമായി ഇതു വളർന്നു. താലിബാനുമായി അടുത്തു പ്രവർത്തിച്ച ജലാലുദ്ദീൻ ഹഖാനി, മുല്ലാ ഉമറിന്‍റെ നേതൃത്വത്തിലുള്ള താലിബാൻ ഭരണകാലത്തു കാബിനറ്റ് മന്ത്രിയായും പ്രവർത്തിച്ചിരുന്നു.

യുഎസ് ചാരസംഘടനയായ സിഐഎയുടെ അനുഗ്രഹത്തോടെയായിരുന്നു ജലാലുദ്ദീന്‍റെ ആദ്യകാല പ്രവർത്തനങ്ങൾ. വേള്‍ഡ് ട്രേഡ് സെന്‍റർ ആക്രമണത്തിനു ശേഷം താലിബാൻ വേട്ട യുഎസ് ശക്തമാക്കിയതോടെ ഈ ബന്ധം വഴിപിരിഞ്ഞു. അറബിയിൽ സുഗമമായി സംസാരിച്ചിരുന്ന ജലാലുദ്ദീൻ ഹഖാനി, ഉസാമ ബിൻ ലാദൻ ഉൾപ്പെടെയുള്ള ഭീകരരുമായി അടുത്ത ബന്ധം വച്ചു പുലർത്തിയിരുന്നു.