Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതിജീവനത്തിന്റെ ആഹ്ലാദം; ഏഴഴകിനുമപ്പുറം ഇനി പ്രണയ മഴവില്ല്

പി. സനിൽകുമാർ
Author Details
Follow Facebook
lgbtq-pride-march കൊച്ചിയിൽനടന്ന ലൈംഗിക സാഭിമാന ഘോഷയാത്രയിൽനിന്ന്. ചിത്രം: പി.സനിൽകുമാർ

മനുഷ്യരായി ജനിക്കുകയും സഹജീവികളാൽ നിരന്തരം അപമാനിക്കപ്പെടുകയും ചെയ്തവർ പോരാടിയെടുത്ത വിജയം. 2018 സെപ്റ്റംബർ ആറ് ചരിത്രത്തിൽ ഇടം നേടുക കുറെയേറെ പോരാളികളുടെ മധുരപ്രതികാരത്തിന്റെ പേരിലാകും. 'വൃത്തികെട്ട വർഗ’മെന്നു പുലഭ്യം പറഞ്ഞ്, വീടുകളിൽനിന്നും സമൂഹത്തിൽനിന്നും ആട്ടിയോടിക്കപ്പെട്ടവർ. ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് ഇത് ആനന്ദനൃത്തത്തിന്റെ വേള; മായുന്നത്, മായ്ക്കുന്നത് കാലങ്ങളോളം ‘പൊതുസമൂഹത്തിന്റെ’ ആട്ടുംതുപ്പുമേറ്റതിന്റെ കറകൾ.

1978 ജൂണിൽ നടന്ന 'ഗേ ഫ്രീഡം ഡേ' പരേഡിൽ, സാൻ ഫ്രാൻസിസ്‌കോയിലെ ആർട്ടിസ്റ്റ് ഗിൽബെർട് ബേക്കർ ഡിസൈൻ ചെയ്ത ആ മഴവിൽപ്പതാക കൂടുതൽ ഉയരത്തിൽ കേരളത്തിലേത് ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിൽ പാറിപ്പറക്കും. ലൈംഗിക ന്യൂനപക്ഷങ്ങളുടെ മഴവിൽ പതാകയിൽ ചുവപ്പ് (ജീവിതം), ഓറഞ്ച് (ആശ്വാസം പകരൽ), മഞ്ഞ (സൂര്യൻ), പച്ച (പ്രകൃതി), നീല (കലാഭിരുചി), ഇൻഡിഗോ (ഐക്യം), വയലറ്റ് (ജീവചൈതന്യം), പിങ്ക് (ലിംഗഭേദം) തുടങ്ങിയ നിറങ്ങളാണ് ഉപയോഗിക്കുന്നത്. മൂന്ന് പതിറ്റാണ്ടിലേറെയായി സ്വന്തം അവകാശങ്ങൾക്കും തുല്യ സാമൂഹിക പദവിക്കുമായി ഒരു ജനത നടത്തിയ അതിജീവന സമരം വിജയിച്ചതിന്റെ ആഹ്ലാദത്തിൽ ഈ മഴവില്ലിന് അഴകേറും; ആത്മവിശ്വാസവും.

സ്വവര്‍ഗലൈംഗികത നിയമവിധേയമാക്കിയുള്ള സുപ്രധാന വിധിയില്‍ സുപ്രീംകോടതി പറയുന്നു: ‘മാനവികതയ്ക്കു വേണ്ടി സ്വവർഗാനുരാഗികൾക്കു പ്രതീക്ഷയുടെ മഴവില്ല് വേണം. നാട്യത്തിലൂടെയല്ലാതെ മാന്യതയോടെ ജീവിക്കാൻ അവരെ അനുവദിച്ചേ മതിയാകൂ. ഇതു മാന്യതയിലേക്കും തുല്യതയിലേക്കും സ്വാതന്ത്ര്യത്തിലേക്കുമുള്ള അവരുടെ യാത്രയാണ്. പരമ്പരാഗത കാഴ്ചപ്പാടുകള്‍ ഉപേക്ഷിക്കാനുള്ള സമയമായി. വ്യത്യസ്ത സ്വത്വങ്ങള്‍ അംഗീകരിക്കാന്‍ സമൂഹം പക്വതയാര്‍ജിച്ചു. ലൈംഗികസ്വത്വം വെളിപ്പെടുത്താനുള്ള അവകാശം മൗലികാവകാശമാണ്. 377–ാം വകുപ്പ് ഭരണഘടനാവിരുദ്ധവും ഏകപക്ഷീയവും യുക്തിഹീനവുമാണ്.’

‘157 വർഷം ഞങ്ങളുടെ സമുദായം ക്രിമിനലുകളായി മുദ്രകുത്തപ്പെട്ടു. സ്വത്വം നിഷേധിക്കപ്പെട്ട് ധാരാളം പേര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. രോഗികളാക്കപ്പെട്ടിട്ടുണ്ട്. സമൂഹത്തിനുള്ള ഉത്തരമാണീ വിധി. സമൂഹത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ വിധിക്കു കഴിയും’– ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം പറയുന്നു. ‘സന്തോഷത്തേക്കാളുപരി മധുര പ്രതികാരമാണിത്. 377 എന്ന ക്രൂരനിയമത്തെ കാറ്റില്‍ പറത്തുന്നതില്‍ ഒരു ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. നികൃഷ്ടജീവികളായാണ് പൊലീസുദ്യോഗസ്ഥരില്‍ പലരും ഞങ്ങളെ കണ്ടിരുന്നത്. എന്തെങ്കിലും ആവശ്യത്തിനായി സ്റ്റേഷനിലെത്തിയാല്‍ കൈചൂണ്ടി 377 എന്ന് വിളിച്ചിട്ടുണ്ട്. ആ 377 ഇനിയില്ല എന്നതു വലിയ പ്രതീക്ഷയാണ്’– സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ പറഞ്ഞു.

എന്താണ് സ്വവർഗ ലൈംഗികത?

‘സ്വവർഗലൈംഗികതയിൽ ലജ്ജിക്കാൻ ഒന്നുമില്ല. അതൊരു ദുഃശീലമോ അസുഖമോ അല്ല. ലൈംഗികതയുടെ രൂപാന്തരം മാത്രമാണ്. ചികിത്സിച്ചാൽ ഫലം കിട്ടുമെന്ന് പ്രവചിക്കാനാവില്ല’- സിഗ്മണ്ട് ഫ്രോയ്ഡിന്റെ വാക്കുകൾ. ലോകം കൂടുതലായി തുറസ്സാവുകയും വ്യത്യസ്തതകളെ അംഗീകരിക്കുകയും ചെയ്യുന്ന പുരോഗമന കാലത്തും വെറുക്കപ്പെടാൻ വിധിക്കപ്പെട്ടവരായിരുന്നു ലൈംഗിക ന്യൂനപക്ഷങ്ങൾ. കൊളോണിയൽ ശേഷിപ്പായ 377–ാം വകുപ്പിന്റെ മറ പിടിച്ചു ഭരണകൂടവും സദാചാരവടി പിടിച്ചു സമൂഹവും സ്വവർ‌ഗ ലൈംഗികതയ്ക്ക് എതിരു നിന്നു. സ്വവർഗ ലൈംഗികത, എതിർ ലൈംഗികത പോലെതന്നെ സ്വാഭാവികമാണെന്നു പൊതുസമൂഹം ചിന്തിച്ചില്ല. അതു പാപമാണെന്നും നികൃഷ്ടമാണെന്നും ചിലർ തീട്ടൂരങ്ങളിറക്കി.

ഒരേ ലിംഗത്തിലോ ലിംഗതന്മയിലോ (സെക്‌ഷ്വൽ ഐഡിന്റിറ്റി) പെട്ടവർ തമ്മിലുള്ള ലൈംഗികമോ പ്രണയപരമോ ആയ ആകർഷണമാണ് സ്വവർഗ ലൈംഗികത (ഹോമോസെക്‌ഷ്വൽ). സ്വന്തം ലിംഗത്തിൽ പെട്ട വ്യക്തിയോട് ലൈംഗികാഭിനിവേശവും പ്രണയവും തോന്നുന്നതാണു സ്വവർഗാനുരാഗം. എതിർവർഗ ലൈംഗികത (ഹെട്രോ സെക്‌ഷ്വാലിറ്റി)​, ഉഭയ ലൈംഗികത (ബൈ സെക്‌ഷ്വാലിറ്റി) എന്നിവയ്‌ക്കൊപ്പം മനുഷ്യ ലൈംഗികതയുടെ തുടർച്ചയാണു സ്വവർഗലൈംഗികതയെന്നു ശാസ്ത്രം പറയുന്നു.

സ്വവർഗ ലൈംഗികതയുള്ള പുരുഷനെ ഗേ (സ്വവർഗപ്രണയി) എന്നും സ്ത്രീയെ ലെസ്ബിയൻ (സ്വവർഗപ്രണയിനി) എന്നും ആണിനോടും പെണ്ണിനോടും ഒരുപോലെ ആകർഷണം തോന്നുന്നവരെ ഉഭയവർഗപ്രണയി (ബൈ സെക്‌ഷ്വൽ) എന്നും വിളിക്കുന്നു. സ്വന്തം ലിംഗബോധം (ജെൻഡർ) തങ്ങളുടെ ശാരീരിക ലിംഗവുമായി പൊരുത്തപ്പെടാത്തവരാണു ട്രാൻസ്ജെൻഡർ (അപര ലിംഗർ)​. ലെസ്ബിയൻ, ഗേ, ബൈസെക്‌ഷ്വൽ, ട്രാൻസ്‌ജെൻഡർ എന്നീ സമൂഹങ്ങളെ മൊത്തമായി പറയുന്ന ചുരുക്കപ്പേരാണ് എൽജിബിടി. ക്വിയർ എന്നും വിശേഷണമുണ്ട്.

‘സ്വവർഗബന്ധം പിഴവല്ല, വ്യത്യസ്തതയാണ്’

സ്വവർഗബന്ധത്തിൽ താൽപര്യമുള്ളവർ കുടുംബത്തിന്റെയും സമൂഹത്തിന്റെയും സമ്മർദം കാരണം എതിർലിംഗക്കാരെ വിവാഹം ചെയ്യാൻ നിർബന്ധിതരാവുന്നു. ഇതു രണ്ടു തരത്തിലുള്ള ലൈംഗിക ബന്ധത്തിനും മാനസിക പ്രശ്നങ്ങൾക്കും വഴിവയ്ക്കുന്നു. മനുഷ്യർക്കിടയിൽ മാത്രമല്ല, മൃഗങ്ങൾക്കിടയിലും സ്വവർഗബന്ധമുണ്ട്. അതൊരു പിഴവല്ല, വ്യത്യസ്തതയാണ്. അതു കുറ്റകരമല്ലാതാക്കുന്നതോടെ സ്വവർഗാനുരാഗികൾക്കുമേൽ ചുമത്തപ്പെട്ടിരിക്കുന്ന കളങ്കം ഇല്ലാതാകും. ഭരണഘടനാപരമായ പ്രശ്നങ്ങൾ ജനഹിത പരിശോധന നടത്തിയല്ല, ഭരണഘടനാപരമായ ധാർമികതയുടെ അടിസ്ഥാനത്തിലാണു തീരുമാനിക്കുന്നത്– 2018 ജൂലൈ 12ന് സുപ്രീംകോടതി നിരീക്ഷിച്ചു.

377–ാം വകുപ്പു സംബന്ധിച്ചു നിലപാടില്ലെന്നും വിഷയം കോടതിയുടെ വിവേകത്തിനു വിടുകയാണെന്നും കേന്ദ്ര സർക്കാർ നേരത്തേ പറഞ്ഞിരുന്നു. ഇതു മലക്കം മറിച്ചിലാണെന്നും സമൂഹത്തിന് ആശങ്കയുണ്ടാക്കുന്ന സമീപനമാണെന്നും അപ്പസ്തോലിക് അലയൻ‍സ് ഓഫ് ചർച്ചസ്, ഉത്കൽ ക്രിസ്ത്യൻ കൗൺസിൽ എന്നിവയ്ക്കുവേണ്ടി ഹാജരായ മനോജ് വി.ജോർജ് വാദിച്ചു. എന്തിനാണു കേന്ദ്രത്തിന്റെ നിലപാടിനെ മലക്കം മറിച്ചിലായി കാണുന്നതെന്നു കോടതി ചോദിച്ചു. സ്വകാര്യത സംബന്ധിച്ച വിധിക്കുശേഷം നിയമത്തിലുണ്ടായിരിക്കുന്ന വികാസമായി പരിഗണിച്ചുകൂടേ? കേന്ദ്രത്തിന്റെ നിലപാടു പരിഗണിച്ചു മാത്രം 377–ാം വകുപ്പു ഭരണഘടനാ വിരുദ്ധമെന്നു പറയില്ല; വകുപ്പു വിശദമായി പരിശോധിക്കും, ഭരണഘടനാ സാധുത വിലയിരുത്തും– കോടതി പറഞ്ഞു.

Gay-Sex

ജൂലൈ 3, 2009: പ്രായപൂർത്തിയായവർ തമ്മിലുള്ള സ്വവർഗബന്ധം നിയമവിരുദ്ധമല്ലെന്നു ഡൽഹി ഹൈക്കോടതി. ഇതു ക്രിമിനൽ കുറ്റമെന്നു വ്യവസ്‌ഥ ചെയ്യുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്‌ഷൻ 377 പൗരന്റെ മൗലികാവകാശങ്ങളുടെ ലംഘനമാണ്. ‘നാസ് ഫൗണ്ടേഷൻ’ നൽകിയ ഹർജിയിലാണു ചീഫ് ജസ്‌റ്റിസ് എ.പി.ഷാ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ വിധി. പ്രായപൂർത്തിയായിട്ടില്ലാത്തവരുമായുള്ള സ്വവർഗരതി കുറ്റമായി തന്നെ തുടരും. അവകാശ സംരക്ഷണ സംഘടനകൾ കോടതി വിധിയെ സ്വാഗതം ചെയ്‌തപ്പോൾ വിവിധ മത - സാമുദായിക സംഘടനകൾ വിമർശിച്ചു.

12 മാർച്ച് 2016: സ്വവർഗരതി കുറ്റമല്ലാതാക്കാൻ ശശി തരൂർ എംപി കൊണ്ടുവന്ന സ്വകാര്യ ബിൽ ലോക്സഭയിൽ അവതരിപ്പിക്കാൻ സാധിച്ചില്ല. ഹാജരായിരുന്ന 73 ൽ 58 പേർ എതിർത്തു വോട്ടുചെയ്തു. 14 പേർ അനുകൂലിച്ചു. 2015 ഡിസംബറിലും തരൂർ ഈ ബിൽ അവതരിപ്പിക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു.

28 ജൂൺ 2016: സ്വവർഗ ലൈംഗികത പുലർത്തുന്നവരോട് കാട്ടിയ നീതിരാഹിത്യത്തിന്റെ പേരിൽ ക്രിസ്ത്യാനികളും റോമൻ കത്തോലിക്കാ സഭയും ക്ഷമ ചോദിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. സ്വവർഗസംഭോഗികളോട് വെറുതെ മാപ്പു പറഞ്ഞാൽ പോര, ക്ഷമ ചോദിക്കണം– മാർപാപ്പ പറഞ്ഞു.

lgbtq-ralley-mumbai

19 മാർച്ച് 2016: സ്വവർഗ ലൈംഗികത കുറ്റകരമല്ലെന്ന് ആർഎസ്എസ് ജോയിന്റ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബൊല. വിവാദമായതോടെ സ്വവർഗ വിവാഹം നിരോധിക്കേണ്ടതാണെന്ന് അദ്ദേഹം നിലപാടു മാറ്റി.

എന്താണ് 377-ാം വകുപ്പ്?

1860 ല്‍ നിലവില്‍ വന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പാണ് രാജ്യത്തെ ലൈംഗിക ന്യൂനപക്ഷങ്ങള്‍ നേരിട്ടിരുന്ന വെല്ലുവിളി. പ്രകൃതി വിരുദ്ധ ലൈംഗികത കുറ്റകരമാകുന്നത് ഐപിസി 377-ാം വകുപ്പ് പ്രകാരമാണ്. സ്ത്രീയും പുരുഷനും തമ്മിലുള്ള ലൈംഗികത രാജ്യത്ത് കുറ്റകരമല്ല. സ്ത്രീയ്ക്കും പുരുഷനും അപ്പുറത്ത് ‘നിയമം നിര്‍വചിക്കപ്പെടാത്ത ലൈംഗികതന്മയുള്ളവർ’ ലൈംഗികതയിൽ ഏര്‍പ്പെടുന്നതു കുറ്റകരമാകും. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാം. ‘സ്ത്രീയും പുരുഷനും’ തമ്മില്‍ അല്ലാതെ ലൈംഗിക ബന്ധം സാധ്യമായവരാണ് ലൈംഗിക ന്യൂനപക്ഷം.

കൈകോർത്ത് രാജ്യത്തലവൻമാർ

ഇന്ത്യൻ വംശജനും സ്വവർഗാനുരാഗിയുമായ അയർലൻഡ് പ്രധാനമന്ത്രി ലിയോ വരാഡ്കർ 2017 ഓഗസ്റ്റിൽ ഉത്തര അയർലൻഡിൽ നടത്തിയ ആദ്യ ഔദ്യോഗിക സന്ദർശനത്തിനിടെ, അവിടത്തെ സ്വവർഗാനുരാഗികളുടെ പ്രഭാതക്കൂട്ടായ്മയിൽ പങ്കെടുത്തു. 2015 മേയിൽ യൂറോപ്പിലെ ചെറുരാജ്യമായ ലക്‌സംബർഗിന്റെ പ്രധാനമന്ത്രി സേവ്യർ ബെറ്റൽ തന്റെ സ്വവർഗപങ്കാളി ഗൗതിയർ ഡെസ്‌റ്റെനേയെ വിവാഹം ചെയ്‌തു.

lgbtq4 കൊച്ചിയിൽനടന്ന ലൈംഗിക സാഭിമാന ഘോഷയാത്രയിൽനിന്ന്. ചിത്രം: പി.സനിൽകുമാർ

2010ൽ ഐസ്‌ലൻഡ് പ്രസിഡന്റായിരുന്ന ജൊഹാന സിഗുർഡർഡോത്തിർ അവരുടെ സ്വവർഗ പങ്കാളിയായ ജൊനീന ലിയോസ്‌ഡോത്തിറിനെ വിവാഹം ചെയ്‌തിരുന്നു. 2016 ജൂലൈയിൽ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സ്വവർഗാനുരാഗികളുടെ പരേഡിൽ പങ്കെടുത്തു ചരിത്രം കുറിച്ചു. രാജ്യത്തിന്റെ പ്രധാനമന്ത്രി ആദ്യമായാണു ‘ടൊറന്റോ ഗേ പ്രൈഡിൽ’ പങ്കെടുത്തത്.

ലൈംഗിക സ്വാഭിമാന ഘോഷയാത്ര

ലൈംഗിക ന്യൂനപക്ഷ സമുദായാംഗങ്ങൾക്കും പൊതുസമൂഹത്തിനും ഐക്യപ്പെടാനുള്ള അവസരമാണ് ക്വീർ പ്രൈഡ് മാർച്ച്. 2009 ജൂലൈ രണ്ടിന് ഡൽഹി ഹൈക്കോടതി ഉഭയസമ്മത പ്രകാരമുള്ള ലൈംഗികതയുമായി ബന്ധപ്പെട്ട ഐപിസി 377-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ചു. 2013 ഡിസംബറിൽ സുപ്രീംകോടതി ഡൽഹി ഹൈക്കോടതിയുടെ വിധി റദ്ദാക്കി. 377-ാം വകുപ്പ് കൈകാര്യം ചെയ്യേണ്ടത് ജുഡീഷ്യറിയല്ലെന്നും പാർലമെന്റാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ജർമൻകാരനായ കാൾ ഉൾറിച്ചിസാണ് എൽജിബിടിക്കായി ശബ്ദമുയർത്തിയ ആദ്യവ്യക്തി. 1897ൽ ബർലിൻ ആസ്ഥാനമാക്കി രൂപീകരിച്ച 'സയന്റിഫിക് ഹ്യുമനിറ്റേറിയൻ കമ്മിറ്റി’യാണ് ആദ്യ സ്വവർഗാനുരാഗ സംഘടന. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യൂറോപ്പിലെമ്പാടും അമേരിക്കയിലും സംഘടനകൾ വ്യാപിച്ചു. 1955ൽ അമേരിക്കയിലെ ആദ്യ പെൺ സ്വവർഗാനുരാഗസംഘം രൂപപ്പെട്ടു. അറിയപ്പെടുന്ന ഗേ ക്ളബും റസ്റ്ററന്റുമായിരുന്ന ‘സ്റ്റോൺവാൾ ഇന്നിൽ’ 1969 ജൂണിൽ പൊലീസ് റെയ്ഡ് നടന്നു. ഇത് വലിയ കലാപമായി.

lgbtq3 കൊച്ചിയിൽനടന്ന ലൈംഗിക സാഭിമാന ഘോഷയാത്രയിൽനിന്ന്. ചിത്രം: പി.സനിൽകുമാർ

സ്വവർഗ ലൈംഗികതയിൽ വൻമാറ്റങ്ങളുണ്ടാക്കിയ 'ഗേ ലിബറേഷൻ ഫ്രണ്ട്' എന്ന ഐക്യവേദിയിലേക്കും പ്രൈഡ് പരേഡിലേക്കും നയിച്ചത് ഈ കലാപമാണ്. സ്റ്റോൺവാൾ കലാപത്തിന്റെ ഒന്നാം വാർഷികദിനമായ 1970 ജൂൺ 28ന് ന്യൂയോർക്ക് സിറ്റിയിൽ ലോകത്തിലെ ആദ്യ പ്രൈഡ് പരേഡ് നടന്നു. ഡൽഹി ഹൈക്കോടതിവിധി ആഘോഷിക്കാനായി കേരളത്തിൽ തുടങ്ങിയ ലൈംഗിക സ്വാഭിമാന ഘോഷയാത്ര പിന്നീട് സുപ്രീകോടതി വിധിയുടെ പശ്ചാത്തലത്തിൽ പ്രതിഷേധ പ്രകടനം കൂടിയായി. 2010ൽ തൃശൂരിലായിരുന്നു കേരളത്തിലെ ആദ്യപരേഡ്. 2012ൽ ഏഷ്യയിലെ ആദ്യ ജെൻഡർ ക്വീർ പ്രൈഡ് പരേഡ് മധുരയിൽ നടന്നു.

വിമത ലൈംഗികതയെ പറ്റിയും അവരനുഭവിക്കുന്ന അവഗണനകളെയും അതിക്രമങ്ങളെയും കുറിച്ചും സമൂഹത്തോടു പറയുക, സ്വയംനിർണയാവകാശം ഊട്ടിയുറപ്പിക്കുക തുടങ്ങിയവയാണു പരേഡിന്റെ ലക്ഷ്യം. ജൈവികവും സ്വാഭാവികവുമാണ് സ്വവർഗപ്രണയം. അത് ചികിൽസയാവശ്യമുള്ള അസുഖമല്ല. ലൈംഗികചായ്‌വോ ലിംഗതന്മയോ അടിസ്ഥാനമാക്കിയുള്ള വിവേചനം രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങൾ പ്രകാരം തെറ്റാണ്. സ്വവർഗലൈംഗികത കുറ്റമാക്കുന്ന നിയമങ്ങൾ മനുഷ്യാവകാശങ്ങളെ ലംഘിക്കുന്നുവെന്നും ലൈംഗിക ന്യൂനപക്ഷങ്ങളെ സംരക്ഷിക്കേണ്ടത് രാജ്യങ്ങളുടെ കടമയാണെന്നും ഐക്യരാഷ്ട്ര സംഘടന വ്യക്തമാക്കിയിട്ടുണ്ട്.

ചരിത്രവിധിയുടെ പിന്നണിക്കാർ

പരസ്പര സമ്മതത്തോടെയുള്ള സ്വവർഗബന്ധം ക്രിമിനൽ കുറ്റമല്ലെന്ന സുപ്രീംകോടതിയുടെ വിധിക്കു കാരണമായത് അഞ്ചുപേർ നൽകിയ ഹർജിയാണ്. ‍ഡാൻസർ നവ്തേജ് സിങ് ജോഹര്‍, മാധ്യമപ്രവര്‍ത്തകന്‍ സുനില്‍ മെഹ്റ, വ്യവസായികളായ റിതു ഡാല്‍മിയ, അമന്‍ നാഥ, അയിഷ കപൂർ തുടങ്ങിയവരാണു സ്വവര്‍ഗബന്ധം ക്രിമിനല്‍ കുറ്റമായി കാണുന്ന വകുപ്പു റദ്ദാക്കണമെന്നാവശ്യപ്പെട്ടു സമീപിച്ചത്.

lgbtq2 കൊച്ചിയിൽനടന്ന ലൈംഗിക സാഭിമാന ഘോഷയാത്രയിൽനിന്ന്. ചിത്രം: പി.സനിൽകുമാർ

ക്ലാസിക്കല്‍ ഡാന്‍സറാണ് നവ്തേജ് സിങ് ജോഹര്‍. അശോക സര്‍വകലാശാലയിലെ വിസിറ്റിങ് പ്രഫസറാണ്. സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവ്. കൊറിയോഗ്രാഫറും യോഗ ഇന്‍സ്ട്രക്ടറുമാണ്. 25 വര്‍ഷമായി പങ്കാളിയായ സുനില്‍ മെഹ്റയ്‌ക്കൊപ്പമാണ് നവ്‌തേജ് സുപ്രീംകോടതിയെ സമീപിച്ചത്. മെഹ്റയ്‌ക്കൊപ്പം സ്റ്റുഡിയോ അഭ്യാസ് സ്ഥാപിച്ചു. മാധ്യമപ്രവര്‍ത്തകനായ സുനില്‍ മെഹ്റ, മാക്‌സിം മാഗസിന്‍ ഇന്ത്യന്‍ എഡിഷന്റെ മുന്‍ എഡിറ്ററാണ്. പരമ്പരാഗത കഥ പറയല്‍ രീതിയായ ദസ്താന്‍ഗോയിയുടെ വ്യാഖ്യാതാവും വക്താവുമാണ്.

പാചകവിദഗ്ധയാണു ഋതു ഡാല്‍മിയ. ഡല്‍ഹിയിലെ ദിവ റസ്‌റ്റോറന്റ് ശൃംഖലയുടെ ഉടമയായ ഋതു, ടിവി ചാനലുകളിൽ പാചക പരിപാടികളും അവതരിപ്പിക്കാറുണ്ട്. നിരവധി പാചക പുസ്‌കങ്ങളും യാത്രാവിവരണങ്ങളും എഴുതിയിട്ടുണ്ട്. നീമ്രാന ഹോട്ടല്‍ ശൃംഖലയുടെ ഉടമയാണ് അമന്‍നാഥ്. ചരിത്രം, ആര്‍ക്കിടെക്ചര്‍ തുടങ്ങിയവയില്‍ വലിയ താല്‍പര്യം. ചരിത്രവുമായി ബന്ധപ്പെട്ടും കലകളുമായി ബന്ധപ്പെട്ടും നിരവധി പുസ്തകങ്ങളെഴുതി. കവിയും അറിയപ്പെടുന്ന എഴുത്തുകാരനുമാണ്. 2014ല്‍ ടൂറിസം മന്ത്രാലയത്തിന്റെ ആജീവനാന്ത സംഭാവനകള്‍ക്കുള്ള പുരസ്‌കാരം, പങ്കാളിയായ ഫ്രാന്‍സിസ് വാസിയാര്‍ഗിനൊപ്പം നേടി. ഭക്ഷ്യവ്യവസായ മേഖലയില്‍ അറിയപ്പെടുന്ന ബിസിനസുകാരിയാണ് അയിഷ കപൂര്‍.

ഇവരോട് ചരിത്രം മാപ്പു പറയുമോ?

ഭിന്നലൈംഗിക സമൂഹം എല്ലാ ഭരണഘടനാ അവകാശങ്ങള്‍‌ക്കും അര്‍ഹരാണ്; മറ്റെല്ലാവരെയും പോലെ. സ്വത്വം നിഷേധിക്കപ്പെടുന്നതു മരണത്തിനു തുല്യമാണെന്നും സുപ്രീംകോടതി പറയുന്നു. ഇക്കാലമത്രയും സാമൂഹികഭ്രഷ്ട് കല്പിച്ചതിനു സ്വവർഗാനുരാഗികളുടെ സമൂഹത്തോടു ചരിത്രം മാപ്പ് പറയണമെന്ന കോടതിയുടെ വാക്കുകൾ നമ്മൾ കേൾക്കുമോ?

കാമസൂത്രയിൽ സ്വവർഗപ്രേമത്തെ കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. സംഘകാലം തൊട്ട് തമിഴ്‌നാട്ടിലെ കൂത്താണ്ടവർ കോവിൽ ഹിജഡകളുടെ വാർഷിക സംഗമകേന്ദ്രമാണ്. മഹാഭാരതത്തിൽ അർജുനന്റെ നാലു മക്കളിൽ ഒരാളായ അറവാനാണ് ആരാധനാമൂർത്തി. പതിമൂന്നാം നൂറ്റാണ്ടോടെ സ്വവർഗബന്ധം തെറ്റാണെന്ന ചിന്ത യൂറോപ്പിലെങ്ങും വ്യാപകമായി. 1861ൽ ബ്രിട്ടിഷുകാർ ഐപിസി 377 ഭരണഘടനയിൽ ചേർത്തതോടെ, ഭാരതത്തിൽ സ്വാഭാവികമായി നിലനിന്നിരുന്ന സ്വവർലൈംഗികത പ്രകൃതിവിരുദ്ധവും കുറ്റകരവുമായി. തൊട്ടുപിന്നാലെ കൊണ്ടുവന്ന ക്രിമിനൽ ട്രൈബ്സ് നിയമം ഹിജഡകളെ ക്രിമിനലുകളുമാക്കി.

lgbtq1 കൊച്ചിയിൽനടന്ന ലൈംഗിക സാഭിമാന ഘോഷയാത്രയിൽനിന്ന്. ചിത്രം: പി.സനിൽകുമാർ

അന്നുമുതൽ ലൈംഗിക ന്യൂനപക്ഷങ്ങൾ അനുഭവിച്ച മുറിവുകളുണ്ട്; ശരീരത്തിലും ആത്മാവിലും. എത്രപേരുടെ ജീവിതവും സ്വപ്നവുമാണ് പാഴായിപ്പോയത്. കണക്കെടുക്കാൻ പറ്റാത്ത ഈ നഷ്ടത്തിന് ഇനിയെങ്കിലും നമ്മൾ വില കൊടുക്കേണ്ടതാണ്. അശ്ലീലം നിറഞ്ഞ നമ്മുടെ നോട്ടങ്ങളെ, കാഴ്ചപ്പാടുകളെ, അസഭ്യച്ചിരികളെ കയ്യൊഴിയാൻ കഴിഞ്ഞാൽ അതുതന്നെ വലിയ മാറ്റമാണ്. അവരും മനുഷ്യരാണ്; നമ്മളെപ്പോലെ വ്യത്യസ്തരായ മഴവിൽ മനുഷ്യർ.