Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജീവ് ഗാന്ധി വധം: പ്രതികളെ മോചിപ്പിക്കാൻ ആവശ്യപ്പെടുന്ന പ്രമേയം പാസാക്കി തമിഴ്നാട്

rajiv-gandhi രാജീവ് ഗാന്ധി

ചെന്നൈ∙ രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ ഉടൻ ജയിൽ മോചിതരാക്കണമെന്നു ഗവർണറോട് ആവശ്യപ്പെടുന്ന പ്രമേയം സംസ്ഥാന മന്ത്രിസഭ പാസാക്കി. കേസിലെ ഒരു പ്രതിയായ പേരറിവാളൻ മോചനം തേടി സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിന്മേൽ ഗവർണർക്ക് തീരുമാനമെടുക്കാമെന്ന വിധിയുടെ തുടർനടപടികൾക്കായി ചേർന്ന മന്ത്രിസഭാ യോഗത്തിലാണു പ്രമേയം പാസാക്കിയത്. തീരുമാനം വൈകാതെ തന്നെ ഗവർണറെ അറിയിക്കും. മുരുകൻ, ശാന്തൻ, റോബർട്ട് പയസ്, നളിനി, രവിചന്ദ്രൻ, പേരറിവാളൻ, ജയകുമാർ എന്നിവരാണു കേസിൽ 27 വർഷമായി ശിക്ഷയനുഭവിക്കുന്നത്.

അതേസമയം, മോചനം ആവശ്യപ്പെട്ടു നളിനിയും തമിഴ്നാട് ആഭ്യന്തര സെക്രട്ടറിക്കു ദയാ ഹർജി നൽകിയിട്ടുണ്ട്. മകളുടെ വിവാഹത്തിനായി ആറു മാസത്തെ പരോൾ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച അപേക്ഷ നളിനി പിൻവലിക്കുകയും ചെയ്തു.

2014–ൽ മുഖ്യമന്ത്രിയായിരുന്ന ജയലളിതയും പ്രതികളെ മോചിപ്പിക്കാൻ തീരുമാനിച്ചിരുന്നു എന്നാൽ കേന്ദ്രത്തിന്റെ വിയോജിപ്പിനെ തുടർന്നു നീക്കം ഉപേക്ഷിക്കുകയായിരുന്നു. പിതാവിനെ വധിച്ചവരോടു പൂർണമായും ക്ഷമിച്ചതായി മക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടുത്തിടെ പറഞ്ഞിരുന്നു.