Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പലസ്തീനെതിരായ നിലപാട് കർശനമാക്കി യുഎസ്, വാഷിങ്ടനിലെ പിഎൽഒ ഓഫിസ് അടച്ചു പൂട്ടും

Donald Trump ഡോണൾഡ് ട്രംപ് (ഫയൽ ചിത്രം)

വാഷിങ്ടൻ∙ പല്സതീനിനെതിരായ നിലപാട് കർശനമാക്കുന്ന നടപടിയുടെ ഭാഗമായി പലസ്തീൻ വിമോചന സംഘടനയുടെ (പിഎൽഒ) വാഷിങ്ടനിലെ ഓഫിസ് അടച്ചു പൂട്ടാൻ യുഎസ് തീരുമാനം. ഇസ്രയേല്‍ നടത്തുന്ന അതിക്രമങ്ങളെക്കുറിച്ചു പൂർണ അന്വേഷണം വേണമെന്നാവശ്യപ്പെട്ടു രാജ്യാന്തര ക്രിമിനൽ കോടതിയെ പലസ്തീൻ സമീപിച്ചതാണു ട്രംപ് ഭരണകൂടത്തെ പ്രകോപിപ്പിച്ചത്.

ഓഫിസ് അടച്ചു പൂട്ടാനുള്ള തീരുമാനം ഒരു യുഎസ് ഉദ്യോഗസ്ഥൻ അറിയിച്ചതായി പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ (പിഎൽഒ) സെക്രട്ടറി ജനറൽ ഡോ. സയീബ് എറെകാത് അറിയിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെ യുഎസ് നടത്തുമെന്നാണു സൂചന.

വൈറ്റ് ഹൗസുമായുള്ള ബന്ധം അവസാനിപ്പിച്ച പലസ്തീനെ ചർച്ചകളിലേക്കു വീണ്ടുമെത്തിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്‍റെ നീക്കം ശക്തമായി തുടരുന്നതിനിടെയാണു പുതിയ തീരുമാനം. അപകടകരമായ എടുത്തുചാട്ടമാണു യുഎസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതെന്നു പലസ്തീൻ പ്രതികരിച്ചു. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മാനുഷിക ആവശ്യങ്ങൾക്കുവരെയുള്ള ധനസഹായം റദ്ദാക്കുന്നതു പോലെയുള്ള നടപടികളുമായി പലസ്തീൻ ജനതയെ ശിക്ഷിക്കുന്ന യുഎസ് നിലപാടിന്‍റെ തുടർച്ച മാത്രമാണ് ഇപ്പോഴത്തെ നടപടിയെന്ന് എറെകാത് കുറ്റപ്പെടുത്തി. വാഷിങ്ടണിലെ പിഎൽഒ ഓഫിസിനുള്ള പ്രവർത്തനാനുമതി ആറു വർഷം കൂടുമ്പോൾ പുതുക്കണമെന്നാണു ചട്ടം.

രാജ്യാന്തര ക്രിമിനൽ കോടതിയിൽ ഇസ്രയേൽ ഉദ്യോഗസ്ഥരുടെ വിചാരണയ്ക്കായി ചരടുവലിക്കുക വഴി ഇരു രാജ്യങ്ങളും തമ്മില്‍ നിലവിലുള്ള ചട്ടം പലസ്തീൻ ലംഘിച്ചിരിക്കുകയാണെന്നാണു യുഎസ് ആരോപിക്കുന്നത്. ഇസ്രയേൽ – പലസ്തീൻ പ്രശ്ന പരിഹാരത്തിനുള്ള അന്തിമ ഉടമ്പടി എന്നു ട്രംപ് വിശേഷിപ്പിക്കുന്ന ലക്ഷ്യം മുൻ നിർത്തിയുള്ള ചർച്ചകളിലേക്കു പലസ്തീനെ എത്തിക്കുക എന്ന ലക്ഷ്യവും നിലവിലെ നീക്കത്തിനു പിന്നിലുണ്ട്. ജറുസലമിനെ ഇസ്രയേൽ തലസ്ഥാനമായി ട്രംപ് ഭരണകൂടം അംഗീകരിച്ചതോടെയാണു വൈറ്റ് ഹൗസുമായുള്ള ബന്ധം പലസ്തീൻ നിർത്തലാക്കിയത്. ചർച്ചകൾക്കു തിരികെ എത്തുന്നതുവരെ എല്ലാവിധ ധനസഹായവും നിർത്തലാക്കുമെന്നു ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

പ്രധാന പ്രശ്നങ്ങളിൽ ഇസ്രയേൽ ചായ്‍വുള്ള നിലപാടാണു ട്രംപ് ഭരണകൂടം കൈകൊള്ളുന്നതെന്നാണു പലസ്തീൻ നിലപാട്. എന്നാൽ ഇസ്രയേലിനെതിരായ നിലപാടിൽ മാറ്റമില്ലെന്നും രാജ്യാന്തര ക്രിമിനൽ കോടതിയിലെ നടപടികളുമായി മുന്നോട്ടു പോകുമെന്നും പലസ്തീൻ നേതൃത്വം വ്യക്തമാക്കി.