Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ജെഎന്‍യുവിനെ മറ്റൊരു കേരളമാക്കാന്‍ അനുവദിക്കില്ല': സംഘര്‍ഷത്തില്‍ കേരള ബന്ധം

delhi-JNU-Su

ന്യൂഡല്‍ഹി ∙ വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ രൂപപ്പെട്ട സംഘര്‍ഷാവസ്ഥ തുടരുന്നു. പുതിയ യൂണിയന്‍ പ്രസിഡന്റ് എന്‍. സായ് ബാലാജി ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി നേതാക്കള്‍ക്കു മര്‍ദനമേറ്റതായാണ് പരാതി.

സര്‍വകലാശാലാ ക്യാംപസിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് നൂറുകണക്കിനു സുരക്ഷാ ഉദ്യോഗസ്ഥരെയാണു നിയോഗിച്ചിരിക്കുന്നത്. യൂണിയന്‍ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പൂര്‍ത്തിയായി ഫലം പ്രഖ്യാപിച്ചതിനു പിന്നാലെ എബിവിപിക്കാരാണ് അക്രമം അഴിച്ചുവിട്ടതെന്നാണ് ആക്ഷേപം. ജെഎന്‍യുവിനെ മറ്റൊരു കേരളമാക്കാന്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ചാണ് എബിവിപി പ്രവര്‍ത്തകര്‍ അക്രമം നടത്തിയതെന്നു വിദ്യാര്‍ഥികള്‍ പറയുന്നു.

പുലര്‍ച്ചെ 2.30നു ക്യാംപസിലെ സത്‌ലജ് ഹോസ്റ്റലില്‍ അതിക്രമിച്ചു കടന്ന വിദ്യാര്‍ഥികള്‍ ഇടതു പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തെക്കുറിച്ചറിഞ്ഞു ഹോസ്റ്റലിലെത്തിയ തന്നെയും എബിവിപിക്കാര്‍ മര്‍ദിച്ചുവെന്ന് എന്‍. സായ് ബാലാജി ആരോപിച്ചു. ഇടതു വിദ്യാര്‍ഥി നേതാവായ പവന്‍ മീണയെ ആക്രമിക്കുന്നതറിഞ്ഞാണു സായ് ബാലാജിയും സംഘവും ഹോസ്റ്റലിലെത്തിയത്.

വടിയും കുപ്പികളുമായി എബിവിപി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നെന്ന് ഇവര്‍ പറയുന്നു. മുന്‍ യൂണിയന്‍ പ്രസിഡന്റ് ഗീതാകുമാരിക്കു നേരെയും ആക്രമണമുണ്ടായി. അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. പിന്നാലെ ഝലം ഹോസ്റ്റലിലെത്തിയ വിദ്യാര്‍ഥികള്‍ ജെഎന്‍യുവിലെ പൂര്‍വവിദ്യാര്‍ഥി അഭിനയിയെയും ക്രൂരമായി മര്‍ദിച്ചു. അബോധാവസ്ഥയിലായ ഇദ്ദേഹത്തെ സായ് ബാലാജിയുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ഥി സംഘമാണ് ആശുപത്രിയിലെത്തിച്ചത്. മുന്‍ ജനറല്‍ സെക്രട്ടറി ശതപൂര ചക്രവര്‍ത്തി, നിധീഷ് നാരായണന്‍ തുടങ്ങിയവര്‍ക്കു സാരമായി പരുക്കേറ്റു. പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ പോയ ശതപൂര ചക്രവര്‍ത്തി ഉള്‍പ്പെടെയുള്ള മൂന്നുപേരെ കാറിലെത്തിയ മുഖംമൂടി സംഘം ഓട്ടോയില്‍ നിന്നു പിടിച്ചിറക്കി മര്‍ദിച്ചെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. ഒരു വിദ്യാര്‍ഥിയുടെ കാലിനു സാരമായ പരുക്കേറ്റിട്ടുണ്ട്. 

അതേസമയം ഐസ പ്രവര്‍ത്തകര്‍ തങ്ങളെ മര്‍ദിച്ചുവെന്ന ആക്ഷേപവുമായി എബിവിപി പ്രതിനിധികളും രംഗത്തെത്തി. മുന്‍ യൂണിയന്‍ പ്രസിഡന്റ് ഗീതാകുമാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതെന്നാണു പരാതി. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇരുവിദ്യാര്‍ഥി സംഘടനകളും വസന്ത്കുഞ്ച് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ശനിയാഴ്ചയും ഇരുവിദ്യാര്‍ഥി സംഘടനകളും തമ്മില്‍ സംഘര്‍ഷം രൂപപ്പെട്ടിരുന്നു. യൂണിയനിലെ നാലു പ്രധാന സീറ്റിലും ഇടതുസഖ്യമാണ് വിജയം നേടിയത്.

താരമായി അമുദ ജയദീപ്

ജെഎന്‍യു വിദ്യാര്‍ഥി യൂണിയനിലെ മലയാളിചരിത്രം തുടരുകയാണു ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അമുദ ജയദീപ്. എഐഎസ്എഫ് പ്രവര്‍ത്തകയായ അമുദ 757 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എബിവിപിയുടെ വെങ്കട് ചൗധരിയെ പരാജയപ്പെടുത്തിയത്.  മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.പി. ജയദീപിന്റെ മകളായ അമുദ ഡല്‍ഹിയിലാണു പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

എട്ടാം ക്ലാസ് മുതല്‍ പ്ലസ് ടുവരെ തിരുവനന്തപുരത്ത്. കൊച്ചി കളമശേരി രാജഗിരി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബിഎസ്ഡബ്ല്യു പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും ഡല്‍ഹിയിലെത്തി. ബിരുദാനന്തര ബിരുദവും എംഫിലും ജെഎന്‍യുവില്‍ പൂര്‍ത്തിയാക്കിയ ശേഷമാണു ജെഎന്‍യുവിലെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസില്‍ ഗവേഷക വിദ്യാര്‍ഥിയായി പ്രവേശനം നേടിയത്.

ജെഎന്‍യുവില്‍ എഐഎസ്എഫിന്റെ പ്രധാന നേതാക്കളിലൊരാളായ അമുദ, ഇടതുസഖ്യത്തില്‍ സംഘടനയെ ഭാഗമാക്കുന്നതിലും പങ്കുവഹിച്ചു. ഷീലാ തോമസാണ് അമ്മ. സിപിഐ നേതാവും മുന്‍ എംഎല്‍എയുമായ രാജാജി മാത്യു തോമസ് അമ്മാവനാണ്. നോര്‍ത്ത് പറവൂര്‍ സ്വദേശിയും എസ്എഫ്‌ഐ നേതാവുമായ പി.പി.അമല്‍ 2015ല്‍ വൈസ് പ്രസിഡന്റായി യൂണിയനില്‍ വിജയിച്ചിരുന്നു. വി.സി.കോശി, പ്രകാശ് കാരാട്ട്, ടി.കെ.അരുണ്‍, വിജൂ കൃഷ്ണന്‍, ജിനു സക്കറിയ ഉമ്മന്‍ എന്നിവരാണു ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ ഭാരവാഹികളായ മലയാളികള്‍. 

നേട്ടം കൊയ്ത് സി-ആര്‍ജെഡി

ജെഎന്‍യു യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മികച്ച നേട്ടവുമായി ആര്‍ജെഡി വിദ്യാര്‍ഥി സംഘടന. പ്രസിഡന്റ് സ്ഥാനത്തേക്കു മല്‍സരിച്ച ഛാത്ര രാഷ്ട്രീയ ജനതാദളിന്റെ (സി-ആര്‍ജെഡി) ജയന്ത് കുമാര്‍ 540 വോട്ടുകളാണു സ്വന്തമാക്കിയത്. എട്ടു പേരാണു പ്രസിഡന്റ് സ്ഥാനത്തേക്കു മല്‍സരിച്ചത്. ഇടതുസഖ്യത്തിനും എബിവിപിക്കും പിന്നില്‍ മൂന്നാമതായിരുന്നു ജയന്ത്. എന്‍എസ്‌യുഐയെക്കാള്‍ കൂടുതല്‍ വോട്ടു നേടിയതു നേട്ടമാകുകയും ചെയ്തു.

related stories