Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുസ്‍ലിംകളെ അംഗീകരിച്ചില്ലെങ്കിൽ അത് ഹിന്ദുത്വമല്ല: മോഹൻ ഭാഗവത്

Mohan Madhukar Bhagawat

ന്യൂഡൽഹി∙ ഹിന്ദു രാഷ്ട്രമെന്നാൽ അവിടെ മുസ്‍ലിംകൾക്ക് സ്ഥാനമില്ലെന്ന് അർഥമില്ലെന്നു ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ‘മുസ്‍ലിംകളെ അംഗീകരിച്ചില്ലെങ്കിൽ അത് ഹിന്ദുത്വമല്ല. ഹിന്ദുത്വമെന്നാൽ ഇന്ത്യയെ ഒന്നായി കാണലും ഉൾക്കൊള്ളലുമാണ് ’ – ഭാരതത്തിന്റെ ഭാവി, ഒരു ആർഎസ്എസ് വീക്ഷണം – എന്ന പേരിൽ ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ സംഘടിപ്പിക്കുന്ന ത്രിദിന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആർഎസ്എസിനെ മുസ്‍ലിം ബ്രദർഹുഡുമായി കോൺഗ്രസ് അധ്യക്ഷൻ നടത്തിയ താരതമ്യത്തിനും ആർഎസ്എസ് മേധാവി മറുപടി നൽകി. സാർവലൗകിക സാഹോദര്യത്തെക്കുറിച്ചാണ് ആർഎസ്എസ് സംസാരിക്കുന്നത്. നാനാത്വത്തിൽ ഏകത്വമാണ് ഈ വീക്ഷണത്തിന്‍റെ അടിസ്ഥാന ശില. ഇതാണ് ഹിന്ദുത്വത്തിന്‍റെ പാരമ്പര്യം. അതുകൊണ്ടാണ് നമ്മളതിനെ ഹിന്ദു രാഷ്ട്രമെന്നു വിളിക്കുന്നതെന്നും രാഹുൽ ഗാന്ധിയുടെ പേരെടുത്തു പറയാതെ മോഹൻ ഭാഗവത് മറുപടി നൽകി.

സമൂഹത്തെ ഒന്നായി കാണുകയും ഇതിനായി പരിശ്രമിക്കുകയുമാണ് ആർഎസ്എസിന്‍റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിൽ നിന്നു വിട്ടുനിൽക്കുമെന്നത് രൂപീകരണ കാലം തൊട്ട് ആർഎസ്എസ് സ്വീകരിച്ചു പോന്നിട്ടുള്ള നയമാണ്. തിരഞ്ഞെടുപ്പിൽ മത്സരിക്കുകയോ ആ പ്രക്രിയയിൽ പങ്കാളികളാകുകയോ ആർഎസ്എസ് ചെയ്യില്ല. ആർഎസ്എസ് പ്രവർത്തകർക്ക് ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കാൻ കഴിയില്ലെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു.

സർക്കാരിന്‍റെ ദൈനംദിന പ്രവർത്തനങ്ങളിൽ ആർഎസ്എസ് ഒരിക്കലും ഇടപെടാറില്ലെന്നും ഭാഗവത് അവകാശപ്പെട്ടു. ‘നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്തു നിന്നുള്ള നിർദേശമാണ് സർക്കാരിന്‍റെ തീരുമാനത്തിനു പിന്നിലെന്ന തീരുമാനത്തിൽ പലരും എത്തുക പതിവാണ്. ഇത് അർഥശൂന്യമാണ്. സർക്കാരിന്‍റെ ഭാഗമായുള്ളവരെല്ലാം രാഷ്ട്രീയത്തിൽ ഞങ്ങളെക്കാൾ പരിചയസമ്പന്നരാണ്. അവർ ഞങ്ങളുടെ സ്വയംസേവകരാണ്. എന്നാൽ‌ അവരുടെ ജോലി കൃത്യമായി ചെയ്യാൻ അവർക്ക് അറിയാം’. – ആർഎസ്എസ് മേധാവി പറഞ്ഞു

ആർഎസ്എസിനെ മെച്ചപ്പെട്ട രീതിയിൽ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യമിട്ട് നടത്തുന്ന പരിപാടിയുടെ ആദ്യദിനം നടത്തിയ പ്രസംഗത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ കോൺഗ്രസ് വഹിച്ച പങ്കിനെ പുകഴ്ത്തി ഭാഗവത് സംസാരിച്ചിരുന്നു.