Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്രൂപ്പ് സമവാക്യം പാലിക്കാത്തതിൽ അതൃപ്തി; ഹൈക്കമാന്‍ഡിനെ എതിര്‍ക്കാനും വയ്യ

KPCC Meet കൊടിക്കുന്നിൽ സുരേഷ്, രമേശ് ചെന്നിത്തല, എം.എം.ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ (ഫയൽ ചിത്രം)

തിരുവനന്തപുരം ∙ കോൺഗ്രസ് ഹൈക്കമാൻഡ് കെപിസിസി നേതൃത്വത്തെ അഴിച്ചുപണിതതിനു പിന്നാലെ പാർട്ടിയിൽ അസംതൃപ്തി പുകയുന്നു. ഹൈക്കമാന്‍ഡിനോട് അടുത്തുനില്‍ക്കുന്നവരും സംസ്ഥാന രാഷ്ട്രീയവുമായി സജീവ ബന്ധമില്ലാത്തവരുമായവരെ പൂര്‍ണമായും ചുമതല ഏൽപിച്ചതിൽ ഗ്രൂപ്പ് നേതാക്കൾക്കു അതൃപ്തിയുണ്ട്. കെ.സുധാകരന്‍ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കില്ലെന്നും സൂചന. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കു മുല്ലപ്പള്ളി രാമചന്ദ്രനെപ്പോലെ ഉയര്‍ന്നുകേട്ട പേരായിരുന്നു കെ.സുധാകരന്റേത്.

ഹൈക്കമാന്‍ഡ് തീരുമാനത്തോടു പരോക്ഷമായി അതൃപ്തി പ്രകടിപ്പിച്ച സുധാകരന്‍, വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കില്ലെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറയുന്നത്. ഇക്കാര്യത്തില്‍ തന്റെ നിലപാട് ഉടൻ വിശദീകരിക്കുമെന്നു സുധാകരന്‍ പറഞ്ഞു. അഴിച്ചുപണിയില്‍ ഗ്രൂപ്പ് സമവാക്യങ്ങള്‍ അടിസ്ഥാനമാക്കില്ലെന്നു ഹൈക്കമാന്‍ഡ് നേരത്തേ വ്യക്തമാക്കിയതാണ്. തീരുമാനത്തോട് അതൃപ്തിയുണ്ടെങ്കിലും ഹൈക്കമാന്‍ഡിനെ പരസ്യമായി എതിര്‍ക്കാന്‍ ആരും തയാറല്ല. വര്‍ക്കിങ് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതോടെ വൈസ് പ്രസി‍ഡന്റുമാരുടേയും ജനറല്‍ സെക്രട്ടറിമാരുടേയും എണ്ണത്തില്‍ കുറവു വരുമെന്നും സൂചനയുണ്ട്.

സംസ്ഥാന നേതാക്കളെ പൂര്‍ണമായും ഒഴിവാക്കിയതിനോടു ഗ്രൂപ്പ് നേതാക്കള്‍ക്കു യോജിപ്പില്ല. പ്രസിഡന്റും വര്‍ക്കിങ് പ്രസി‍ഡന്റുമാരില്‍ രണ്ടുപേരും ഹൈക്കമാന്‍ഡ‍ുമായി അടുപ്പമുള്ളവരും ഏറെനാളായി സംസ്ഥാന രാഷ്ട്രീയത്തില്‍ ഇല്ലാത്തവരുമാണ്. ഇവര്‍ ചുമതല ഏറ്റെടുക്കുന്നതോടെ ഗ്രൂപ്പുകള്‍ക്കു പ്രസക്തിയില്ലാതാകും. എന്നാൽ, തഴക്കവും പഴക്കവുമുള്ള നേതാക്കള്‍ ഉള്‍പ്പെടുന്ന നല്ല ടീമാണെന്നാണു മുൻ അധ്യക്ഷൻ വി.എം.സുധീരൻ അഭിപ്രായപ്പെട്ടത്.

ഡൽഹിയിൽനിന്ന് കേരളത്തിലേക്ക്

എംപിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, എം.െഎ.ഷാനവാസ് എന്നിവർ ഏറെനാളായി ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നവരാണ്. സംസ്ഥാന രാഷ്ട്രീയത്തിലെ ചലനങ്ങളോടു സമരസപ്പെടുകയാണു മൂവരുടേയും മുന്നിലുള്ള ആദ്യ വെല്ലുവിളി. ലോക്സഭാ തിരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പാര്‍ട്ടിയില്‍നിന്ന് അകന്നുപോയ ഭൂരിപക്ഷ, ന്യൂനപക്ഷ വിഭാഗങ്ങളെ തിരികെ കൊണ്ടുവരണം. മുന്നണി ശക്തിപ്പെടുത്തണം. ഇതിനെല്ലാം പുറമെ ഗ്രൂപ്പ് പോരില്ലാതെ പാര്‍ട്ടിയെ മുന്നോട്ടു നയിക്കണം.

ഒരു ഗ്രൂപ്പിന്റേയും ലേബലില്ലാത്ത മുല്ലപ്പള്ളിക്കു ഗ്രൂപ്പ് സമ്മര്‍ദങ്ങളെ അതിജീവിക്കുക കഠിനമാകും. ഒപ്പം കെ.സുധാകരന്റ കര്‍ക്കശ നിലപാടുകളേയും. ജാതിസമവാക്യങ്ങള്‍ കൂടി പരിഗണിച്ചാണു പുതിയ നേതൃത്വത്തെ തീരുമാനിച്ചതെന്നു വ്യക്തം. വര്‍ക്കിങ് പ്രസിഡ‍ന്റ് സ്ഥാനത്തേക്കു വി.ഡി.സതീശന്റ പേര് പറഞ്ഞുകേട്ടിരുന്നെങ്കിലും താൽപര്യമില്ലെന്ന് അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിക്കുകയായിരുന്നു.

എംപിമാരായ മൂന്നുപേര്‍ പാര്‍ട്ടി നേതൃത്വത്തിലേക്കു വരുന്നതോടെ ലോക്സഭാ സ്ഥാനാര്‍ഥിയായി മറ്റുപേരുകള്‍ കണ്ടെത്തേണ്ടി വരും. ദുര്‍ബലമായ യുഡിഎഫിനെ ശക്തിപ്പെടുത്തുകയെന്ന ശ്രമകരമായ ജോലിയാണു ബെന്നി ബഹനാനുള്ളത്. സര്‍ക്കാരിനെതിരായ വികാരം പ്രയോജനപ്പെടുത്താന്‍ മുന്നണിക്കു കഴിയുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കെ പ്രതീക്ഷയോടെയാണ് അണികൾ പുതുനേതൃത്വത്തെ കാണുന്നത്.

പ്രതികരണവുമായി നേതാക്കൾ

‘പുതിയ അധ്യക്ഷനെ തീരുമാനിച്ചത് എഐസിസിയാണ്. അതില്‍ തനിക്ക് അഭിപ്രായമില്ല. പുതിയ ടീമില്‍ താനുണ്ടോയെന്ന കാര്യത്തില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ല. പാര്‍ട്ടിയിലുള്ളിടത്തോളം പാര്‍ട്ടി പറഞ്ഞാല്‍ അനുസരിക്കണമല്ലോ’– കെ.സുധാകരന്‍ പറഞ്ഞു. ‘സ്ഥാനലബ്ധി അപ്രതീക്ഷിതമാണ്. സംഘടനാരംഗത്തേക്കു വന്നതുകൊണ്ടു പാര്‍ലമെന്‍ററി രാഷ്ട്രീയത്തില്‍ മാറിനില്‍ക്കുമെന്നു പറയാനാകില്ല’– എം.ഐ.ഷാനവാസ് എംപി പറഞ്ഞു. ലോക്സഭാ തിര​ഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പൂര്‍ണവിജയത്തിന് ആദ്യപരിഗണന നല്‍കുമെന്നായിരുന്നു കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പ്രതികരണം.