Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമ്മർദം ശക്തം; ‘സാലറി ചാലഞ്ചി’ന് കൂട്ടത്തോടെ നോ പറയാനൊരുങ്ങി ജീവനക്കാര്‍

cash

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കുന്ന സാലറി ചലഞ്ചിനു കൂട്ടത്തോടെ വിസമ്മതം പറയാന്‍ ഒരുങ്ങി പ്രതിപക്ഷ സംഘടനകള്‍. വിസമ്മതം പറയുന്നവരെ പിന്തിരിപ്പിക്കാന്‍ ഭരണപക്ഷ സംഘടനകള്‍ സമ്മര്‍ദം ശക്തമാക്കിയ സാഹചര്യത്തിലാണു ശനിയാഴ്ച എല്ലാ വകുപ്പുകളിലേയും ജീവനക്കാരില്‍നിന്ന് വിസമ്മതപത്രം ശേഖരിച്ച് ഒരുമിച്ച് സമർ‍പ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സാലറി ചലഞ്ചില്‍നിന്ന് വിട്ടുനില്‍ക്കണമെങ്കില്‍ അറിയിക്കേണ്ട അവസാന ദിവസം ശനിയാഴ്ചയാണ്.

സെക്രട്ടേറിയറ്റിലെ 3,500 ഉദ്യോഗസ്ഥരില്‍ സാലറി ചാലഞ്ചിനോട് വിസമ്മതം അറിയിച്ചത് ഇരുന്നൂറില്‍ താഴെ ഉദ്യോഗസ്ഥരാണെന്ന് ഭരണപക്ഷ സംഘടനകള്‍ പറയുമ്പോള്‍ 650 പേര്‍ ഇതുവരെ വിസമ്മതം അറിയിച്ചതായി പ്രതിപക്ഷ സംഘടനകള്‍ അവകാശപ്പെടുന്നു. വിസമ്മതപത്രം നല്‍കാനെത്തുന്നവരില്‍നിന്ന് രേഖകള്‍ വാങ്ങാന്‍ ബന്ധപ്പെട്ടവര്‍ തയാറാകുന്നില്ലെന്നും ആരോപണമുണ്ട്.

സാലറി ചാലഞ്ചില്‍നിന്ന് വിട്ടുനില്‍ക്കുന്നവരെ ആകര്‍ഷിക്കാനായി ഭരണപക്ഷ യൂണിയനുകള്‍ വായ്പാ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റത്തവണയായി ശമ്പളം നല്‍കുന്നവര്‍ക്ക് കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് കോഓപ്പറേറ്റീവ് സൊസൈറ്റി ഒരു ലക്ഷംരൂപ വായ്പ നല്‍കുമെന്നാണ് ജീവനക്കാരെ അറിയിച്ചിരിക്കുന്നത്. 24 തുല്യ ഗഡുക്കളായി ഇതു തിരിച്ചടയ്ക്കണം.

related stories