Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോഡിൽ പൊലിയുന്നത് 4000 മലയാളികൾ; താരങ്ങൾ ഉപദേശിക്കണമെന്ന് തുമ്മാരുകുടി

Muralee-Thummarukudy-Accident മുരളി തുമ്മാരുകുടി (വലത്)

തിരുവനന്തപുരം∙ വർഷത്തിൽ 4000 മലയാളികളെ റോഡുകൾ കൊന്നൊടുക്കിയിട്ടും സർക്കാർ തലത്തിലോ സമൂഹം എന്ന നിലയിലോ റോഡപകടങ്ങൾക്കെതിരെ ആസൂത്രിതവും ശക്തവുമായ ഒരു കർമപരിപാടിയും നടക്കുന്നില്ലെന്ന് ഐക്യരാഷ്ട്ര സംഘടന ദുരന്തലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി. സമൂഹമാധ്യമത്തിലെ കുറിപ്പിലാണ്, വാഹനയാത്രയ്ക്കിടെ റോഡുകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉൾപ്പെടെ നിർദേശിച്ച് അദ്ദേഹം നയം വ്യക്തമാക്കിയത്.

റോഡുകളിലെ സുരക്ഷ സംബന്ധിച്ച അവബോധം ജനങ്ങളിലേക്കെത്തിക്കാൻ കോടികൾ ആരാധകരുള്ള കലാരംഗത്തെ പ്രമുഖരും ശ്രദ്ധിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. ‘ബാലഭാസ്കറും യാത്രയാകുമ്പോൾ...’ എന്ന തലക്കെട്ടോടെയാണ് മുരളി തുമ്മാരുകുടി കുറിപ്പ് പ്രസിദ്ധീകരിച്ചത്. അതിന്റെ പൂർണരൂപം...

ബാലഭാസ്കറും യാത്രയാകുമ്പോൾ...

രാവിലെ രണ്ടു മണിക്കു തിരുവനന്തപുരത്ത് എത്തി. ഫോൺ തുറന്നപ്പോൾ ആദ്യം കാണുന്നതു ബാലഭാസ്കറിന്റെ മരണവാർത്തയാണ്. കലാരംഗത്തു നിന്നും നമ്മുടെ റോഡ് തട്ടിയെടുത്ത അവസാനത്തെ രക്തസാക്ഷിയാണ് അദ്ദേഹം. മോനിഷ മുതൽ കലാമണ്ഡലം ഹൈദരലി വരെ എത്രയെത്ര പ്രതിഭകളെയാണ് അവരുടെ കലാജീവിതത്തിന്റെ ഉന്നതിയിൽ വച്ച് റോഡപകടം തട്ടിയെടുത്തത്?

ജീവിച്ചിരിപ്പുണ്ടെങ്കിലും നമ്മുടെ പ്രിയങ്കരനായ പ്രതിഭ, ജഗതി ശ്രീകുമാറിന്റെ കലാജീവിതവും വഴിയിൽ വെട്ടിച്ചുരുക്കിയത് റോഡപകടം തന്നെയാണ്. ഒരു വർഷത്തിൽ 4000 മലയാളികളെയാണ് റോഡുകൾ കൊന്നൊടുക്കുന്നത്. എന്നിട്ടും നമ്മൾ ഇപ്പോഴും സർക്കാർ തലത്തിലോ സമൂഹം എന്ന നിലയിലോ റോഡിലെ കൊലക്കളങ്ങൾക്കെതിരെ ആസൂത്രിതവും ശക്തവുമായ ഒരു കർമപരിപാടിയും നടത്തുന്നില്ല. എന്തൊരു സങ്കടമാണിത് ?

ഇങ്ങനെയൊക്കെ ചിന്തിച്ചാണു വിമാനത്താവളത്തിന് പുറത്തെത്തിയത്. പതിവുപോലെ കൊച്ചുകുട്ടികളും അമ്മൂമ്മമാരും ഉൾപ്പെട്ട ആൾക്കൂട്ടം അവിടെയുണ്ട്. വിമാനത്താവളത്തിൽ ആളെ സ്വീകരിക്കാനും യാത്രയയയ്ക്കാനും കുടുംബമായും കൂട്ടായും വരുന്നവർക്കു തന്നെ അപകടമുണ്ടായി വർഷം നൂറുപേരെങ്കിലും മരിക്കുന്നു. അതുകൊണ്ടു പറ്റിയാൽ പ്രീപെയ്ഡ് ടാക്സി എടുത്തു പോകണം അല്ലെങ്കിൽ വീട്ടിൽ നിന്നു പരമാവധി ഒരാൾ മാത്രമേ സ്വീകരിക്കാൻ വരാവൂ എന്നൊക്കെ ഞാൻ എത്രയോ തവണ പറഞ്ഞിരിക്കുന്നു. ഞാൻ പറയുന്ന കാര്യങ്ങൾ കേരളത്തിലെ ബഹുഭൂരിപക്ഷം പേരിലും എത്തുന്നില്ല എന്നു മനസ്സിലായി. അതിശയമില്ല, 333 ലക്ഷം ജനങ്ങളുള്ള കേരളത്തിൽ ഒരു ലക്ഷം പേരുപോലും എന്നെ വായിക്കുന്നില്ല.

അതുകൊണ്ട് കോടികൾ ആരാധകരുള്ള, ദശലക്ഷങ്ങൾ ഫോളോവേഴ്സ് ഉള്ള കലാരംഗത്തെ പ്രതിഭകളോടു ഞാൻ ആവശ്യപ്പെടുകയാണ്. നിങ്ങൾ എപ്പോഴെങ്കിലും റോഡ് സുരക്ഷയുടെ ചില നിർദേശങ്ങൾ എങ്കിലും നിങ്ങളുടെ പ്രസംഗങ്ങളിലും ഫെയ്സ്ബുക്കിലും പങ്കുവയ്ക്കണം. പ്രതിഭയുടെ പാതിവഴിയിൽ പൊഴിഞ്ഞുപോയ നിങ്ങളുടെ സഹപ്രവർത്തകർക്കു വേണ്ടി ചെയ്യാവുന്ന ഒരു നല്ല കാര്യമായിരിക്കും അത്. മൊത്തം സമൂഹത്തിനും ഏറെ ഗുണം ചെയ്യും.

താഴെ പറയുന്ന നിർദേശങ്ങളാണു പങ്കുവയ്‌ക്കേണ്ടത്

1. ഒരിക്കലും മദ്യപിച്ചു വാഹനം ഓടിക്കരുത്. മദ്യപിച്ച മറ്റൊരാളെ വാഹനം ഓടിക്കാൻ അനുവദിക്കുകയും അരുത്. മദ്യപിച്ചു ജോലിക്കെത്തുന്ന ഡ്രൈവറെ പിന്നീട് ഒരിക്കലും വണ്ടി ഓടിക്കാൻ അനുവദിക്കരുത്.

2. മുന്നിലാണെങ്കിലും പിന്നിലാണെങ്കിലും എത്ര ചെറിയ യാത്രയാണെങ്കിലും സീറ്റ് ബെൽറ്റ് നിർബന്ധമായും ഉപയോഗിക്കണം.

3. രാത്രി പത്തിനു ശേഷവും രാവിലെ ആറിനു മുൻപും ദീർഘ ദൂര റോഡ് യാത്ര നടത്തരുത്.

4. ഒരു ഡ്രൈവറോടും ദിവസം പത്തുമണിക്കൂറിൽ കൂടുതൽ ജോലി ചെയ്യാൻ ആവശ്യപ്പെടരുത്. നിങ്ങളുടെ ഡ്രൈവർ അധികം ജോലി ചെയ്യുന്നുണ്ടോ എന്ന് നിങ്ങൾ തന്നെ ശ്രദ്ധിക്കണം.

5. പന്ത്രണ്ടു വയസ്സിന് താഴെയുള്ള കുട്ടികളെ മുൻസീറ്റിൽ ഇരിക്കാൻ അനുവദിക്കരുത്.

6. എത്ര ചെറിയ കുട്ടിയാണെങ്കിലും (പ്രസവം കഴിഞ്ഞു ആശുപത്രിയിൽ നിന്നും വരുന്ന യാത്ര ഉൾപ്പടെ), കുട്ടികളെ അവർക്കുള്ള പ്രത്യേക സീറ്റിൽ മാത്രമേ ഇരുത്താവൂ.

7. രാത്രിയിലും മഴയുള്ളപ്പോഴും സാധാരണയിൽ കൂടുതൽ ശ്രദ്ധ കൊടുക്കുക.

8. വിമാനത്താവളത്തിൽ യാത്രയയയ്ക്കാനും സ്വീകരിക്കാനും ഒന്നും ഒന്നിൽ കൂടുതൽ ആളുകളെ വരാൻ അനുവദിക്കരുത്.

9. ഉച്ചയ്ക്ക് വയറു നിറച്ചു ഭക്ഷണം കഴിച്ചതിനുശേഷം (പ്രത്യേകിച്ചും സദ്യ കഴിച്ചതിനു ശേഷം) ദീർഘ ദൂരം ഡ്രൈവ് ചെയ്യുന്നത് അപകടം വിളിച്ചു വരുത്തും.

10. ദീർഘദൂര യാത്രയിൽ ക്ഷീണം തോന്നിയാലോ, ഉറക്കം വന്നാലോ അല്ലെങ്കിൽ മൂന്നു മണിക്കൂറിൽ ഒരിക്കലോ നിർബന്ധമായും വണ്ടി നിർത്തി, മുഖം കഴുകി എന്തെങ്കിലും ചൂടോടെ കുടിക്കുക. ഉറക്കം വന്നാൽ ഉറങ്ങുക.

11. പ്രോഗ്രാമിനോ പരീക്ഷയ്ക്കോ വിമാനത്താവളത്തിലോ സമയത്തിന് എത്തുന്നതു പ്രധാനമാണ്. പക്ഷെ അതിലും പ്രധാനമാണു ജീവനോടെ എത്തുന്നത്. അതുകൊണ്ട് തന്നെ യാത്ര നന്നായി പ്ലാൻ ചെയ്യുക. ഒരു കാരണവശാലും ഡ്രൈവറെ വേഗത്തിൽ പോകാൻ നിർബന്ധിക്കരുത്.

12. റോഡിൽ വേറെ വാഹനങ്ങൾ ഇല്ലെങ്കിലും രാത്രി ആണെങ്കിലും അമിത വേഗത്തിൽ കാറോടിക്കരുത്.

14. അപകടത്തിൽ പെട്ടുകിടക്കുന്നവരെ സാമാന്യബോധം ഉപയോഗിച്ചു രക്ഷിക്കാൻ പോകരുത്. തെറ്റായ പ്രഥമശുശ്രൂഷ പലപ്പോഴും നിസ്സാര പരിക്കുകൾ കൂടുതൽ സങ്കീർണ്ണമാക്കും. അതുപോലെ നിങ്ങൾക്ക് അപകടം പറ്റിയാൽ ആംബുലൻസ് വിളിക്കാൻ പറയുക. നാട്ടുകാർ പറയുന്നതു കേട്ട് വെള്ളം കുടിക്കാനും എഴുന്നേറ്റു നിൽക്കാനും ഒന്നും ശ്രമിക്കരുത്.

ഈ പറഞ്ഞതൊക്കെ മറ്റുള്ളവർക്കു മാത്രമല്ല നിങ്ങൾക്കും ബാധകം ആണെന്ന് എപ്പോഴും ഓർക്കുക. കേരളത്തിൽ സ്ഥിരമായി ദൂരസ്ഥലങ്ങളിലേക്ക് റോഡ് യാത്ര ചെയ്യുന്നത് കേരളത്തിലെ എംഎൽഎ മാരും മന്ത്രിമാരും കലാകാരന്മാരും ഒക്കെയാണ്. അവരുടെ ഡ്രൈവർമാരാണ് പന്ത്രണ്ടും പതിനഞ്ചും മണിക്കൂറുകൾ ജോലി ചെയ്യുന്നത്. അതുകൊണ്ട് ഒരു ദിവസം ഈ നിർദേശങ്ങൾ നിങ്ങളുടെ ജീവനും രക്ഷിച്ചേക്കാം.