Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല: വിശ്വാസികൾ പോകില്ല, ബിജെപി അവസരം മുതലെടുക്കുന്നു; സുധാകരൻ

k-sudhakaran

കണ്ണൂർ∙ ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം സർക്കാർ പക്വതയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ ജെല്ലിക്കെട്ട് നിരോധനത്തിന്റെ കാര്യത്തിൽ തമിഴ്നാട്ടിൽ സംഭവിച്ചത് ഇവിടെയുമുണ്ടാകുമെന്നു കെപിസിസി വർക്കിങ് പ്രസിഡന്റ് കെ. സുധാകരൻ. കോടതിവിധി നടപ്പാക്കാൻ തമിഴ്നാട് സർക്കാ‍ർ കാണിച്ച ധൃതിയാണ് അന്നു കലാപത്തിനു വഴിവച്ചത്. പതിനെട്ടാം പടിയിൽ വനിതാ പൊലീസിനെ വിന്യസിക്കുമെന്നു പറയുന്ന മുഖ്യമന്ത്രി അതിനു ഭക്തജനം സമ്മതിക്കുമോ എന്നുകൂടി ചിന്തിക്കണം. പുനഃപരിശോധനാ ഹർജി കൊടുക്കുകയോ, ആചാരങ്ങൾ സംരക്ഷിക്കാൻ നിയമനിർമാണം നടത്തുകയോ വേണം. അവിശ്വാസികളുടെ ഭരണത്തിൽ കേരളത്തിൽ ഒരു ദുരന്തമുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും സുധാകരൻ പറഞ്ഞു. കണ്ണൂർ പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി നിലപാടു മാറ്റിയതു ജനവികാരം കണ്ടിട്ടാണ്. സന്ദർഭം കിട്ടിയപ്പോൾ അവർ മുതലെടുക്കുകയാണ്. അവസരവാദികൾക്കു മുതലെടുപ്പിനുള്ള അവസരം നൽകണോ എന്നു സർക്കാർ ആലോചിക്കണം. വിശ്വാസികളെ കയ്യിലെ‍ടുത്ത് അമ്മാനമാടി വിധി പ്രസ്താവിക്കുകയാണു കോടതി ചെയ്തിരിക്കുന്നത്. ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണിത്? സ്ത്രീകൾക്കു മാത്രമുള്ള ചില ആചാരങ്ങളും നാട്ടിലുണ്ട്. ആറ്റുകാൽ പൊങ്കാലയിടാൻ പുരുഷൻമാർക്കു കഴിയുമോ? ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കപ്പെട്ടില്ലെങ്കിൽ പൊട്ടിത്തെറിയും കലാപവുമുണ്ടാകും. നാടു ചുടലക്കളമാകുമെന്നും സുധാകരൻ വ്യക്തമാക്കി.

അയ്യപ്പനിൽ വിശ്വാസമുള്ള ഒരു സ്ത്രീയും കോടതിവിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ പോകില്ല. ട്രക്കിങ് താൽപര്യമുള്ള, സാഹസിക സഞ്ചാരിയുടെ മനോഭാവമുള്ള ചില സ്ത്രീകളുണ്ട്. അവർ പോകുമായിരിക്കും. മതത്തിന്റെ കാര്യങ്ങൾ മതനേതൃത്വം തീരുമാനിക്കട്ടെ. കോടതിക്ക് അതിൽ എന്തുകാര്യം? മുത്തലാഖിന്റെ കാര്യത്തിലും ഇതാണ് അഭിപ്രായം. ഇതെല്ലാം തന്റെ അഭിപ്രായമാണ്. പാർട്ടിയുടെ അഭിപ്രായം പാർട്ടിയിൽ ചർച്ച നടത്തിയശേഷം പറയുമെന്നും സുധാകരന്‍ കൂട്ടിച്ചേർത്തു.

സജീവ രാഷ്ട്രീയത്തിൽ നിൽക്കുന്ന ഒരാൾ കെപിസിസി പ്രസിഡന്റ് ആകണമെന്ന് ആഗ്രഹിക്കുന്നതിൽ തെറ്റുണ്ടോ എന്നു ചോദ്യത്തിനുത്തരമായി സുധാകരൻ പറഞ്ഞു. പ്രസിഡന്റാകാൻ ആഗ്രഹിച്ചതുകൊണ്ടാണു വർക്കിങ് പ്രസിഡന്റ് എങ്കിലുമായത്. വർക്കിങ് പ്രസിഡന്റുമാർ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കേണ്ടെന്നു നിലവിൽ തീരുമാനിച്ചിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.