Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉപരോധവും വ്യാപാരച്ചുങ്കവും: യുഎസിനെതിരെ ഇന്ത്യയും ചൈനയും

xi-modi-china-india ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും (ഫയൽ ചിത്രം)

ന്യൂഡൽഹി ∙ ഉപരോധവും വ്യാപാരച്ചുങ്കം ചുമത്തലും ശീലമാക്കുന്ന യുഎസിനെതിരെ കൈകോർക്കാൻ അയൽരാജ്യങ്ങളായ ഇന്ത്യയും ചൈനയും. രണ്ടു രാജ്യങ്ങളിലെയും സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന തരത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇടപെടുന്നതിൽ പ്രതിഷേധിച്ചാണു നീക്കം.

‘2 വലിയ വികസ്വര രാജ്യങ്ങളും വിപണിയുമാണ് ഇന്ത്യയും ചൈനയും. സാമ്പത്തിക പരിഷ്കരണം, സമ്പദ് വ്യവസ്ഥ എന്നിവയിൽ നിർണായക ശക്തികളായ 2 രാജ്യങ്ങൾക്കും സ്ഥിരതയാർന്ന ചുറ്റുപാട് ആവശ്യമാണ്’– ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് കൗൺസിലർ ജി റോങ് പറഞ്ഞു. ചൈനയും യുഎസും തമ്മിലുള്ള വ്യാപാരബന്ധത്തിലെ ഉരസലിനെപ്പറ്റിയുള്ള ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞമാസം 200 ബില്യൻ ഡോളർ ചൈനീസ് ഉൽപന്നങ്ങൾക്കു യുഎസ് തീരുവ ചുമത്തിയിരുന്നു. 60 ബില്യൻ ഡോളർ യുഎസ് ഉൽപന്നങ്ങൾക്ക് ഇറക്കുമതിത്തീരുവ ചുമത്തി ചൈന തിരിച്ചടിച്ചു. ഹാർലി ഡേവിസൺ ബൈക്കുകൾ ഉൾപ്പെടെയുള്ളവയ്ക്കു വൻ ഇറക്കുമതിച്ചുങ്കം ചുമത്തുന്നതു പരാമർശിച്ച് ഇന്ത്യയെ ‘ചുങ്ക രാജാവ്’ എന്നാണു ട്രംപ് വിശേഷിപ്പിച്ചത്. ഇന്ത്യ തീരുവ കുറച്ചില്ലെങ്കിൽ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് വൻതോതിൽ ഇറക്കുമതിച്ചുങ്കം ചുമത്തുമെന്നും ട്രംപ് മുന്നറിയിപ്പു നൽകി.

ഈ പശ്ചാത്തലത്തിലാണു സ്വതന്ത്രവും സുരക്ഷിതവുമായ വ്യാപാരത്തിനു നിലകൊള്ളേണ്ടത് അനിവാര്യമാണെന്നു ചൈന നിലപാടെടുക്കുന്നത്. രണ്ടു രാജ്യങ്ങളുടെയും ആഭ്യന്തര കാര്യങ്ങളിൽ യുഎസ് ഇടപെടുന്നതിനെയും ചൈന വിമർശിച്ചു. പ്രശ്നങ്ങളും സമ്മർദവും ഉണ്ടാക്കുന്നതിൽ യുഎസ് പിന്മാറണമെന്നും സൗത്ത് ചൈന കടലിലെ ഇടപെടലുകളെ ഉദ്ദേശിച്ചു ചൈന ആവർത്തിച്ചു. നേരത്തേ, റഷ്യയിൽനിന്ന് ആയുധം വാങ്ങിയതിനു ചൈനീസ് കമ്പനിക്കു യുഎസ് ഉപരോധം ഏർപ്പെടുത്തിയിരുന്നു.