Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒഡീഷയിൽ നാശം വിതച്ച് തിത്‍ലി: ആന്ധ്രയിൽ എട്ടുപേർ മരിച്ചു

cyclone-titli തിത്‌ലി ചുഴലിക്കാറ്റും (വലത്) ലുബാൻ ചുഴലിയും (ഉപഗ്രഹ ചിത്രം)

ഭുവനേശ്വർ∙ ബംഗാൾ ഉൾക്കടലിനു മുകളിൽ രൂപം കൊണ്ട തിത്‍ലി ചുഴലിക്കാറ്റ് ഒഡീഷ തീരത്ത് വൻനാശം വിതച്ചു. ഇന്നു രാവിലെ 4.30നും 5.30 നും ഇടയ്ക്കാണ് കാറ്റ് ഒഡീഷ തീരത്തെത്തിയത്. കാറ്റില്‍ അയൽ സംസ്ഥാനമായ ആന്ധ്രാപ്രദേശിൽ എട്ടുപേർ മരിച്ചു.  ഇവരിൽ ആറുപേർ മൽസ്യത്തൊഴിലാളികളാണ്. ശ്രീകാകുളത്ത് മരം വീണും വീട് തകർന്നും രണ്ടു പേർ മരിച്ചു. മണിക്കൂറിൽ 126 കിലോമീറ്റർ വേഗത്തിലാണ് ഇന്നു പുലർച്ചെ ഗോപാൽപുർ മേഖലയിലേക്കു ചുഴലിക്കാറ്റെത്തിയത്. മൂന്നു ജില്ലകളിൽ കനത്ത മഴയാണ്. 

വൈദ്യുതി, ആശയവിനിമയ സംവിധാനങ്ങൾക്കു തകരാർ സംഭവിച്ചിട്ടുണ്ട്. മരങ്ങൾ കടപുഴകി. റോഡുകൾ തകർന്നു. സുരക്ഷാ മുൻകരുതലായി ഒഡീഷ തീരമേഖലയിൽ മൂന്നു ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചിരുന്നു. ആന്ധ്രാ, ഒഡീഷ സംസ്ഥാനങ്ങളിലെ വിമാന, ട്രെയിൻ സർവീസുകളെയും കാറ്റു ബാധിച്ചു. ഒ‍ഡിഷയിലെ ഭുവനേശ്വറിൽനിന്നു പുറപ്പെടാനും അവിടേക്ക് എത്തിച്ചേരാനുമുള്ള അഞ്ച് വിമാനങ്ങൾ ഇൻഡിഗോ റദ്ദാക്കി. ഒഡീഷയിലെ എട്ടു ജില്ലയിൽ തിത്‍ലി ചുഴലിക്കാറ്റ് ബാധിച്ചു. 

Read in English: Very severe cyclone Titli makes landfall in Odisha...

ഗോപാൽപുരിൽ മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ കാറ്റു വീശിയതായാണു വിവരം. 165 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റടിക്കുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകുന്നത്. 836 ക്യാംപുകൾ ഒഡീഷയിൽ വിവിധ ഇടങ്ങളിലായി തുറന്നു. മുന്നൂറോളം ബോട്ടുകളും സജ്ജമാക്കിനിർത്തി. രാഹുൽഗാന്ധിയുടെ നിർദേശാനുസരണം കോൺഗ്രസ് പാർട്ടിയും 16 വരെ അടിയന്തര സഹായവിഭാഗം പ്രവർത്തിപ്പിക്കുമെന്നു സംസ്ഥാന അധ്യക്ഷൻ നിരഞ്ജൻ പട്നായിക് അറിയിച്ചു. ബംഗാളിനു നേരെ വീശുന്ന കാറ്റിന്റെ ശക്തി കുറഞ്ഞുവരുമെന്നാണു വിലയിരുത്തൽ. 

കേരളത്തിൽ വ്യാപക മഴയ്ക്കു സാധ്യതയില്ല

തിരുവനന്തപുരം∙ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ശക്തമായ ചുഴലിക്കാറ്റ് വീശുന്നുണ്ടെങ്കിലും കേരളത്തിൽ വ്യാപകമായ മഴയ്ക്കു സാധ്യതയില്ലെന്ന് കാലാവസ്ഥാകേന്ദ്രം. ഒറ്റപ്പെട്ട മഴ പെയ്യാനിടയുണ്ട്. അറബിക്കടലിൽ ശക്തമായ കാറ്റു വീശുന്നതിനാൽ 14 വരെ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണു മുന്നറിയിപ്പ്. അറബിക്കടലിൽ മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗത്തിൽ വീശുന്ന ലുബാൻ ചുഴലിക്കാറ്റ് മൂന്നുദിവസങ്ങൾക്കുള്ളിൽ ഒമാൻ തീരത്തെത്തുമെന്നാണ് പ്രവചനം.