Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഹരി വിപണിയിൽ ഉണർവോടെ തുടക്കം; രൂപയും നില മെച്ചപ്പെടുത്തി

sensex-mobile

കൊച്ചി∙ കഴിഞ്ഞ ദിവസവും തകർച്ചയോടെ വ്യാപാരം അവസാനിച്ച ഓഹരി വിപണിയിൽ ഇന്ന് ഉണർവോടെ തുടക്കം. ബിഎസ്ഇ 34291.92ന് ഓപ്പൺ ചെയ്തപ്പോൾ നിഫ്റ്റി 10221.55ലായിരുന്നു വ്യാപാരം ആരംഭിച്ചത്.

നിഫ്റ്റി വ്യാപാരം 10400ന് മുകളിൽ നിലനിർത്താനായാൽ വരും ദിവസങ്ങളിൽ ഇത് 10,600 വരെ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സെലിബ്രസ് ക്യാപിറ്റൽ സീനിയർ അനലിസ്റ്റ് ജോസ് മാത്യു വിലയിരുത്തുന്നു. ‌വിപണിയിൽ ബാങ്കിങ്, ഓട്ടോ ഇൻഡക്സുകളിലാണ് മികച്ച വ്യാപാരം നടക്കുന്നത്. അതേസമയം ഐടി ഷെയറുകൾ ഇടിവും നേരിടുന്നു. 

നേരത്തെ ബാങ്കിങ് ഓഹരികൾ ഇടിഞ്ഞപ്പോൾ മികച്ച പ്രതികരണം കാണിച്ച ഐടി ഇൻഡെക്സുകളുടെ ഇപ്പോഴത്തെ ഇടിവ് നോർമൽ കറക്ഷൻ ആണെന്നാണ് വിലിയിരുത്തൽ. നിഫ്റ്റിയിൽ ഷെയറുകളിലധികവും മികച്ച നിലയിലാണ് മുന്നേറുന്നത്. 1400 ഷെയറുകളിൽ പോസിറ്റീവ് പ്രവണത കാണിക്കുമ്പോൾ 192 ഷെയറുകൾ ഇടിവു കാണിക്കുന്നു. ബജാജ് ഫിനാൻസ്, എംആൻഡ്എം, യെസ്ബാങ്ക്, ഇന്ത്യാ ബുൾ ഫിനാൻസ് ഷെയറുകളാണ് വ്യാപാരത്തിൽ മുന്നിൽ.

ഐടി സെക്ടറിൽ ഇൻഫോസിസ്, വിപ്രോ, ടിസിഎസ്, എച്ച്സി ടെക് തുടങ്ങിയ ഷെയറുകൾ തകർച്ച നേരിടുന്നു. ബിഎസ്ഇയിൽ ഇന്നലെ ക്ലോസ് ചെയ്തതിനേക്കാൾ അഞ്ഞൂറിലധികം പോയിന്റ് ഉയർന്ന നിലയിലാണ് വ്യാപാരം.  ഇന്നലെ ബിഎസ്ഇ 2.19%(759.74 പോയിന്റ്)ഇടിഞ്ഞ് 34001ലായിരുന്നു ക്ലോസിങ്. നിഫ്റ്റി 2.16% (225.45 പോയിന്റ്) ഇടിഞ്ഞ് 10234.65ൽ ഇന്നലെ ക്ലോസ് ചെയ്തു. 

അതിനിടെ, ഡോളറിനെതിരെ രൂപയുടെ മൂല്യം തുടർച്ചയായ രണ്ടാം ദിവസവും നില മെച്ചപ്പെടുത്തുന്നതായാണ് കാണുന്നത്. ഇന്നലെ 74.12ന് ക്ലോസ് ചെയ്തെങ്കിൽ ഇന്നത് 73.63ലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്ത്യൻ കറൻസിയുടെ മൂല്യത്തിലുണ്ടായ വർ‍ധനയും ഓഹരി വിപണിയിൽ ഉണർവിനു കാരണമായിട്ടുണ്ട്.