Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ത്രീകളെ ഗാന്ധി മാർഗത്തിൽ നേരിടും; നെഞ്ചിൽ ചവിട്ടിയേ കയറാനാകൂ: രാഹുൽ ഈശ്വർ

Rahul Easwar

കൊച്ചി ∙ ആചാരങ്ങൾ പരിഗണിക്കാതെ സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കുന്നതിന് എത്തിയാൽ അവരെ ഗാന്ധിയൻ മാർഗത്തിലായിരിക്കും നേരിടുകയെന്നു രാഹുൽ ഈശ്വർ. 17 മുതൽ 22 വരെ 125 മണിക്കൂറാണു നമുക്കു ശബരിമലയെ സംരക്ഷിക്കാനുള്ളത്. ഈ സമയം നമുക്ക് ശബരിമലയ്ക്കു കാവൽ നിൽക്കണം. അതിക്രമിച്ചു കടക്കാനെത്തുന്നവർക്ക് നമ്മുടെ നെഞ്ചിൽ ചവിട്ടി മാത്രമേ ശബരിമലയിൽ പ്രവേശിക്കാനാകൂവെന്നും എറണാകുളം നഗരത്തിൽ സംഘടിപ്പിച്ച ഹൈന്ദവ ധർമ സംരക്ഷണ നാമജപയാത്രയുടെ സമാപനയോഗത്തിൽ അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു വിവിധ ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ ഹൈന്ദവ ധർമ സംരക്ഷണ നാമജപയാത്രയിൽ ആയിരങ്ങളാണു പങ്കെടുത്തത്. എറണാകുളം ശിവക്ഷേത്ര സന്നിധിയിൽനിന്നു രാവിലെ 11ന് ആരംഭിച്ച യാത്ര നഗരം ചുറ്റി ഉച്ചയ്ക്ക് ഒന്നരയോടെ ശിവക്ഷേത്രത്തിന്റെ കിഴക്കെനടയിൽ ദർബാർ ഹാൾ മൈതാനിയിൽ സമാപിച്ചു. ഗുരുവായൂർ തന്ത്രി ഡോ. ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചാണ് നാമജപയാത്ര ഉദ്ഘാടനം ചെയ്തത്. എംപിമാരായ സുരേഷ് ഗോപി, കെ.വി. തോമസ്, ഹൈബി ഈഡൻ എംഎൽഎ, വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് എസ്.ജെ.ആർ. കുമാർ, ഡോ. കെ.എസ്. രാധാകൃഷ്ണൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻഅംഗം അജയ് തറയിൽ, ഗായകൻ ബിജു നാരായണൻ തുടങ്ങിയവർ നേതൃത്വം നൽകി.