Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മീ ടൂ: മാധ്യമപ്രവർത്തകയ്ക്കെതിരെ അക്ബറിന്റെ മാനനഷ്ട കേസ്

MJ Akbar

ന്യൂഡൽഹി ∙ മീടൂ ക്യാംപെയ്നിന്‍റെ ഭാഗമായി തനിക്കെതിരെ പീഡന ആരോപണം ഉന്നയിച്ച വനിത മാധ്യമപ്രവർത്തകയ്ക്കെതിരെ മാനനഷ്ട കേസുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബർ കോടതിയെ സമീപിച്ചു. ആദ്യ ആരോപണം ഉയർത്തിയ പ്രിയ രമണിക്കെതിരെയാണ് അക്ബർ പട്യാല ഹൗസ് കോടതിയിൽ കേസ് ഫയൽ ചെയ്തത്. മാധ്യമങ്ങളിലൂടെ നടത്തിയ പ്രസ്താവനയിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പ്രിയ രമണി തന്നെ ബോധപൂർവം അപമാനിച്ചിരിക്കുകയാണെന്നും ഇന്ത്യൻ ശിക്ഷാ നിയമം സെക്‌ഷൻ 500 അനുസരിച്ച് ശിക്ഷ അർഹിക്കുന്ന കുറ്റമാണിതെന്നും പരാതിയിൽ കേന്ദ്രമന്ത്രി വ്യക്തമാക്കി. തന്‍റെ പേരും പ്രശസ്തിയും സമൂഹത്തിലെ സ്ഥാനവും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള തീർത്തും വ്യാജവും നീതീകരിക്കാനാകാത്തതും ബാലിശവും സംശയാസ്പദവുമായ നിലപാടാണ് പ്രിയാ രമണിയുടേതെന്നും പരാതി കുറ്റപ്പെടുത്തുന്നു. 

തനിക്കെതിരെയുള്ള മീ ടൂ പീഡന പ്രചാരണം വ്യാജവും ബോധപൂർവവുമാണെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും അക്ബർ നേരത്തെ വ്യക്തമാക്കിയിരുന്നു. വിദേശപര്യടനം കഴിഞ്ഞ് തിരികെ എത്തിയപ്പോഴായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത്. ടെലിഗ്രാഫ്, ഏഷ്യന്‍ ഏജ് തുടങ്ങിയ പത്രങ്ങളുടെ എഡിറ്ററായിരുന്ന അക്ബറിനെതിരെ പീഡന ആരോപണവുമായി ഒരു ഡസനോളം മാധ്യമ പ്രവർത്തകരാണ് രംഗത്തെത്തിയത്. വ്യക്തമായ തെളിവുകളില്ലാതെ പ്രമുഖർക്കെതിരെ ആരോപണമുന്നയിക്കുന്നത് വൈറൽ പനി പോലെ സമൂഹത്തിൽ വ്യാപകമാകുകയാണെന്നായിരുന്നു ആരോപണങ്ങളെ കുറിച്ച് മന്ത്രിയുടെ ആദ്യ പ്രതികരണം.

ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അക്ബർ മന്ത്രിസ്ഥാനം ഒഴിയണമെന്ന ആവശ്യം ബിജെപിയിൽതന്നെ ഉയർന്നിരുന്നു. ആരോപണങ്ങളെക്കുറിച്ച് പഠിക്കുമെന്നും അക്ബറിന്‍റെ കൂടി ഭാഗം കേട്ട ശേഷമാകും അനന്തര നടപടിയെന്നും പാർട്ടി അധ്യക്ഷൻ അമിത് ഷാ വ്യക്തമാക്കിയിരുന്നു. രാജി ആവശ്യം മന്ത്രി നിരാകരിച്ചതോടെ ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബാധ്യതയായി മാറിയിരിക്കുകയാണ്. മന്ത്രിമാരായ സ്മൃതി ഇറാനിയും മേനക ഗാന്ധിയും ഇക്കാര്യത്തിൽ അഭിപ്രായം പറഞ്ഞെങ്കിലും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇതുവരെ പ്രതികരിച്ചിട്ടില്ല. അക്ബറിന്‍റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ മൗനം അസ്വീകാര്യമാണെന്നും അദ്ദേഹം നിലപാടു വ്യക്തമാക്കണമെന്നും കോൺഗ്രസ് വക്താവ് ആനന്ദ് ശർമ ആവശ്യപ്പെട്ടു. 

related stories