Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഖി: മൽസ്യത്തൊഴിലാളികൾക്കു നൽകിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കണമെന്ന് ബിനോയ് വിശ്വം

binoy-viswam ബിനോയ് വിശ്വം.

കൊച്ചി∙ ഓഖി ദുരന്തമുണ്ടായപ്പോൾ സംസ്ഥാന സർക്കാർ മത്സ്യത്തൊഴിലാളികൾക്കു നൽകിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കണമെന്നു ബിനോയ് വിശ്വം എംപി. കടലിൽ പോകുന്ന മൽസ്യത്തൊഴിലാളികളുമായുള്ള കമ്യൂണിക്കേഷനു വേണ്ട സൗകര്യം ഒരുക്കണം. കടലിൽ പതിനായിരക്കണക്കിനു മൽസ്യത്തൊഴിലാളികൾ മീൻ പിടിക്കുന്ന 15 മുതൽ 35 വരെ നോട്ടിക്കൽ മൈൽ ദൂരം കപ്പൽ ചാൽ ആക്കുന്നതിനുള്ള പദ്ധതിയിൽനിന്ന് കേന്ദ്ര സർക്കാർ പിൻമാറണം. ഗുജറാത്തിലെ കച്ച് മുതൽ കന്യാകുമാരി വരെ ഈ ദുരപരിധിയിൽ പദ്ധതി നടപ്പാക്കിയാൽ കോടിക്കണക്കിനു മൽസ്യത്തൊഴിലാളി കുടുംബങ്ങൾ പട്ടിണിയാകുന്ന സാഹചര്യമുണ്ടാകും.

വൻകിട കപ്പൽ മുതലാളിമാർക്കായാണു കേന്ദ്ര സർക്കാർ സമ്മതം മൂളിയിട്ടുള്ളത്. കടലിൽ ഏറ്റവും അധികം മൽസ്യസമ്പത്തു ലഭ്യമാകുന്നത് ഇവിടെയാണ്. ഈ പ്രദേശത്തു മൽസ്യബന്ധനം തടയുന്നതോടെ പാവങ്ങളുടെ അവകാശമാണ് ഇല്ലാതാകുന്നത്. ബോട്ടുകളും ചെറുകിട വള്ളങ്ങളും മീൻ പിടിക്കുന്ന ഇവിടെ വൻകിട യാനങ്ങൾ കടന്നു പോകുന്നതോടെ മൽസ്യ സമ്പത്തിൽ കാര്യമായ കുറവുണ്ടാകുന്നതിനും ഇടയാക്കും. നിരന്തരമായ കപ്പലോട്ടം ഉണ്ടാക്കാനിടയുള്ള അപകടങ്ങളിൽ പെടുന്ന മൽസ്യത്തൊഴിലാളികൾക്കു വ്യക്തമായ നിയമ പരിരക്ഷയും നഷ്ടപരിഹാരവും ഉറപ്പു വരുത്തണം. സർക്കാർ കപ്പൽചാലിനായി തയാറാക്കിയ രൂപരേഖയിലുള്ള ദൂരപരിധി എഐടിയുസി അംഗീകരിക്കില്ലെന്നും പരിധിയിൽ വരുന്ന എല്ലാ സംസ്ഥാനങ്ങളിലെയും തൊഴിലാളികളെ സംഘടിപ്പിച്ചു പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ബിനോയ് വിശ്വം അറിയിച്ചു.

സാഗര ടൂറിസം പദ്ധതി നടപ്പാകുന്നതോടെ ഫലത്തിൽ മൽസ്യത്തൊഴിലാളികൾക്കു കടലിൽ ഇറങ്ങാൻ പറ്റാത്ത സാഹചര്യം ഉണ്ടാകും. പദ്ധതികൾ നടപ്പാക്കും മുമ്പ് ട്രേഡ് യൂണിയനുകളുമായി ചർച്ചനടത്തി തൊഴിലാളികൾക്കു ദോഷമാകാത്ത രീതിയിൽ അന്തിമ തീരുമാനമെടുക്കണമെന്ന് അഖിലേന്ത്യ ഫിഷ് വർക്കേഴ്സ് ഫെഡറേഷൻ(എഐടിയുസി) ജനറൽ സെക്രട്ടറി പി. രാജു, മൽസ്യത്തൊഴിലാളി ഫെഡറേഷൻ ജനറൽ സെക്രട്ടറി ടി. രാഘവൻ എന്നിവർ ആവശ്യപ്പെട്ടു.

related stories