Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പതിനഞ്ചുകാരിയെ കൊന്നു സിമന്റിലാഴ്ത്തിയോ?; അസ്ഥികൂടം ‘ഒളിപ്പിച്ച’ നിഗൂഢസത്യത്തിലേക്ക്...

Mirella-Gregori-Emanuela-Orlandi-Vatiacn-Missing-Girls എമന്വേല ഒർലാൻഡി

റോം∙ മൂന്നരപ്പതിറ്റാണ്ട് പഴക്കമുള്ള ഒരു നിഗൂഢത. അതിനു പിന്നിലെ യാഥാർഥ്യം തേടിയുള്ള യാത്ര ഇറ്റാലിയൻ പൊലീസ് വീണ്ടും ആരംഭിച്ചിരിക്കുകയാണ്. നേരത്തേ പല തവണ മടക്കി വച്ച ഫയലാണ് ഇപ്പോൾ വീണ്ടും പൊടിതട്ടി അന്വേഷണത്തിനായി തുറന്നിരിക്കുന്നത്. അതിനു കാരണമായതാകട്ടെ, ഇറ്റലിയിലെ വത്തിക്കാൻ എംബസിയിലെ കെട്ടിടങ്ങളിലൊന്നിൽനിന്നു ലഭിച്ച മനുഷ്യ അസ്ഥികൂടവും. ഒക്ടോബർ 29-നാണു നാലു നിർമാണ തൊഴിലാളികൾ എംബസി സമുച്ചയത്തിന്റെ അനുബന്ധ കെട്ടിടത്തിന്റെ തറയ്ക്കടിയിൽനിന്ന് അസ്ഥികൂടം കണ്ടെത്തിയത്. കെട്ടിടത്തിന്റെ പുനരുദ്ധാരണ പ്രവർത്തനത്തിന്റെ ഭാഗമായി തറ പൊളിക്കുകയായിരുന്നു അവർ. ഉടൻ തന്നെ വത്തിക്കാന്‍ അധികൃതരെയും പൊലീസിനെയും വിവരം അറിയിച്ചു.

അസ്ഥികൾ കണ്ടെത്തിയതിനു തൊട്ടുപിന്നാലെ ഉയര്‍ന്നു വന്നത് രണ്ടു പേരുകളായികുന്നു– എമന്വേല ഒർലാൻഡി, മിറെല ഗ്രിഗോറി. 1983 ൽ ഒന്നരമാസത്തെ ഇടവേളയിൽ കാണാതായ രണ്ടു പതിനഞ്ചുകാരികളായിരുന്നു ഇവർ. ഇന്നും ആർക്കും അറിയില്ല ഈ രണ്ടു പേരും എവിടെയാണെന്ന്. പക്ഷേ എംബസി കെട്ടിടത്തിനടിയിൽനിന്നു ലഭിച്ചത് ഇവരിൽ ഒരാളുടെ മൃതദേഹമാണെന്നാണ് ഇറ്റാലിയന്‍ മാധ്യമങ്ങൾ വിശ്വസിക്കുന്നത്. അതിനg ബലം പകരുന്ന തെളിവുകളുമുണ്ട്. ഇറ്റാലിയൻ മാഫിയ വരെ ഉൾപ്പെട്ടിട്ടുള്ള യഥാർഥ സംഭവങ്ങളാണ് ഇരുവരുടെയും തിരോധാനവുമായി ബന്ധപ്പെട്ടുള്ളത്. അതിനിടെ, ഭാര്യയോടുള്ള ഒരു ഭർത്താവിന്റെ ക്രൂരതയാണ് ആ അസ്ഥികൂടത്തിനു പിന്നിലെന്നു മറ്റൊരു അഭ്യൂഹമുണ്ട്.

എവിടെയാണ് എമന്വേല?

എംബസി കെട്ടിടത്തിൽനിന്നു ലഭിച്ച അസ്ഥികൂടത്തിന്റെ പ്രാഥമിക പരിശോധനയിൽ ഒരു കാര്യം വ്യക്തമായി- അതൊരു പെൺകുട്ടിയുടെ അസ്ഥിയാണ്. ഇടുപ്പെല്ലിന്റെ പരിശോധനയിലാണ് അതു തെളിഞ്ഞത്. കൗമാരപ്രായത്തിലുള്ള പെൺകുട്ടിയുടെ മൃതദേഹമാണ് അതെന്നു പല്ലിന്റെ പരിശോധനയിലും വ്യക്തമായി. പല്ലിൽനിന്ന് ഡിഎൻഎ സാംപിളും ശേഖരിച്ചിട്ടുണ്ട്. ഇതു പെൺകുട്ടികളുടെ കുടുംബത്തിന്റെ ഡിഎൻഎയുമായി ഒത്തുനോക്കും. ഇതിന് പത്തു ദിവസത്തോളം സമയമെടുക്കും. അതിനിടെ, തിരോധാനവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളും പൊലീസ് തിരയുന്നുണ്ട്. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശവും കാവൽക്കാരുടെ വിവരങ്ങളും ഉൾപ്പെടെ പൊലീസിനg വത്തിക്കാൻ കൈമാറിയിട്ടുണ്ട്. കേസിനോടു പൂർണമായും സഹകരിക്കുന്നുമുണ്ട്.

1949 ൽ ഒരു ജൂത കച്ചവടക്കാരനാണു കെട്ടിടം വത്തിക്കാനു കൈമാറിയത്. കാണാതായ എമന്വേല ഒർലാൻഡിയുടെ പിതാവ് വത്തിക്കാൻ പൊലീസിലെ അംഗമായിരുന്നു. അതിനാൽത്തന്നെ എമന്വേലയുമായി ബന്ധപ്പെട്ട കഥകൾക്കാണ് ഏറെ പ്രചാരം ലഭിച്ചത്. 1983 ജൂൺ 22 നാണ് ഈ പെൺകുട്ടിയെ കാണാതാകുന്നത്. റോമിൽ സംഗീതപഠനത്തിനു പോയി മടങ്ങി വരികയായിരുന്നു‌. അവസാനമായി ഒരു ബസ് സ്റ്റോപ്പിൽ വച്ച് എമന്വേലയെ കണ്ടവരുണ്ട്. അതിനു ശേഷം ഈ പെൺകുട്ടി എവിടെയെന്നത് ഇന്നും ദുരൂഹം.

Mirella-Gregori-Emanuela-Orlandi-Vatiacn-Missing-Girls മിറെല ഗ്രിഗോറി, എമന്വേല ഒർലാൻഡി

സംഭവത്തെക്കുറിച്ച് രണ്ടു നിഗമനങ്ങളിലാണ് പൊലീസ് എത്തിയത്. ഒന്ന്, പ്രദേശത്തെ മാഫിയ തലവനായിരുന്ന എൻറിക്കോ ഡി പെഡിസുമായി ബന്ധപ്പെട്ടതാണ്. ഇയാളുടെ നേതൃത്വത്തിൽ എമന്വേലയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നായിരുന്നു അത്. വത്തിക്കാനിലെ ഒരു ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ട വിലപേശലിനു വേണ്ടിയായിരുന്നു തട്ടിക്കൊണ്ടുപോകലെന്നും പറയപ്പെടുന്നു.

അസ്ഥികൂടങ്ങൾക്കൊപ്പം ഒരു മാഫിയ തലവൻ

എൻറിക്കോയുമായി ബന്ധമുണ്ടായിരുന്ന ഗിസെപ്പോ സിമോണെ എന്നയാളുടെ നിർദേശ പ്രകാരമായിരുന്നു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന നിഗമനത്തിലായിരുന്നു ആദ്യം പൊലീസ്. സിമോണെ 12 വർഷം മുൻപു മരിച്ചു. ‘മാഗ്‌ലിയാ ഗ്യാങ്’ എന്ന മാഫിയ സംഘത്തിന്റെ തലവനായിരുന്നു എൻറിക്കോ. ഇയാൾ എമന്വേലയെ സിമന്റിലാഴ്ത്തി കുഴിച്ചിടുന്നതു കണ്ടതായി കാമുകി 2007 ൽ മൊഴി നൽകിയിരുന്നു. ഇത്തരത്തിൽ പല ആരോപണങ്ങളും വന്നതോടെ 2012ൽ ഫൊറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ പൊലീസ് എൻറിക്കോയുടെ കല്ലറ തുറന്നു പരിശോധിച്ചു. ഇയാൾക്കൊപ്പം 400 പെട്ടികളിലായി പലരുടെയും അസ്ഥികൂടങ്ങൾ അങ്ങനെയാണു കണ്ടെത്തിയത്. ഇവയെല്ലാം ഡിഎൻഎ പരിശോധനയ്ക്കു വിധേയമാക്കി. എന്നാൽ അതിൽ എമന്വേലയുടെ മൃതദേഹം ഇല്ലെന്നു വ്യക്തമായി. അതോടെ 2016 ൽ തിരോധാനവുമായി ബന്ധപ്പെട്ട കേസ് തന്നെ അവസാനിപ്പിച്ചു.

അതിനു മുൻപ് 1997 ലും കേസ് ഫയൽ മടക്കിയതാണ്. അതിനിടെയാണ് വത്തിക്കാനിലെ ഒരു ബാങ്ക് തലവന്റെ നിർദേശ പ്രകാരം എമന്വേലയെ തട്ടിയെടുത്തു കൊലപ്പെടുത്തിയെന്ന എൻറിക്കയുടെ കാമുകിയുടെ മൊഴി പുറത്തെത്തിയത്. 1982 ൽ തകർന്ന ബാൻകോ ആംബ്രോസിയോനോ എന്ന ഇറ്റാലിയൻ ബാങ്കിനു വത്തിക്കാനുമായുണ്ടായിരുന്ന പണമിടപാടാണ് തട്ടിക്കൊണ്ടു പോകലിലേക്കു നയിച്ചതെന്നും പരാതി ഉയർന്നു. വത്തിക്കാനിൽനിന്ന് പണം ഈടാക്കാൻ മാഫിയ സംഘത്തിന്റെ സഹായം ബാങ്ക് ഉപയോഗപ്പെടുത്തിയെന്നായിരുന്നു പരാതി. ഈ വിഷയത്തിൽ വത്തിക്കാന്റെ മേൽ സമ്മര്‍ദം ചെലുത്താൻ അവിടത്തെ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ മകളെ തട്ടിക്കൊണ്ടുപോയി വിലപേശുകയായിരുന്നു ലക്ഷ്യമെന്നും നിഗമനങ്ങളുണ്ടായി. എന്നാൽ ഇതുമായി ബന്ധപ്പെട്ട അന്വേഷണവും എവിടെയുമെത്തിയില്ല. കേസ് മടക്കിയെങ്കിലും വത്തിക്കാനോട് സ്വന്തം അന്വേഷണത്തിന് ഇറ്റലി നിർദേശം നൽകിയിരുന്നു.

തുർക്കിക്കാരനു വേണ്ടി...

ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ വെടിവച്ചു കൊലപ്പെടുത്താൻ ശ്രമിച്ച തുർക്കിക്കാരനെ വിട്ടുകിട്ടാനുള്ള വിലപേശലിനു വേണ്ടി എമന്വേലയെ തട്ടിക്കൊണ്ടു പോയെന്നാണ് മറ്റൊരു കഥ. പെൺകുട്ടിയെ കാണാതായതിനു പിന്നാലെ ഇറ്റാലിയൻ പൊലീസിനു ലഭിച്ച ഫോൺകോളുകളാണ് അത്തരമൊരു നിഗമനത്തിലെത്തിച്ചത്– എമന്വേലയെ വിട്ടുകിട്ടണമെങ്കിൽ തുർക്കി കൊലയാളിയായ മെഹ്‌മെത്ത് അലി അഗ്കയെ ജയിലിൽനിന്നു മോചിപ്പിക്കണമെന്നായിരുന്നു ആവശ്യം. കേസുമായി ബന്ധപ്പെട്ടു മെഹ്‌മെത്തിനെ ചോദ്യം ചെയ്തെങ്കിലും തുമ്പൊന്നും ലഭിച്ചില്ല.

VATICAN-POPE-ANGELUS-ORLANDI

തുർക്കിയിലെ അങ്കാറയിൽ തടവിലായിരുന്ന മെഹ്‌മെത്തിനെ 2010 ലാണു മോചിപ്പിക്കുന്നത്. 19 വർഷം ഇറ്റലിയിലെ ജലിയിൽ കിടന്ന മെഹ്‌മെത്തിനെ മാർപാപ്പ മാപ്പു നൽകിയതിനെത്തുടർന്ന് 2000 ത്തിൽ തുർക്കിക്കു വിട്ടുകൊടുത്തു. എന്നാൽ 1979 ൽ ഒരു മാധ്യമ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസ് ഇയാൾക്കെതിരെ തുർക്കിയിലുണ്ടായിരുന്നു., തുടർന്ന് പത്തു വർഷത്തോളം വീണ്ടും ജയിൽ ശിക്ഷ. പുറത്തിറങ്ങിയ മെഹ്‌മെത്ത് വാർത്താസമ്മേളനം വിളിച്ച് എമന്വേലയുടെയും മിറെലയുടെയും തിരോധാനവുമായി തനിക്കു ബന്ധമില്ലെന്നു വ്യക്തമാക്കുകയും ചെയ്തു.

എമന്വേലയെ കാണാതാകുന്നതിന് കൃത്യം 40 ദിവസം മുൻപ്, മേയിലാണ്, പതിനഞ്ചുകാരിയായ മിറെല ഗ്രിഗോറിയെ കാണാതാകുന്നത്. തന്റെ സ്കൂളിലെ ഒരു സുഹൃത്തിനെ കാണാൻ പോകുന്നുവെന്നായിരുന്നു മിറെല അമ്മയോടു പറഞ്ഞത്. എന്നാൽ പിന്നീടു മടങ്ങിയെത്തിയില്ല. അസ്ഥികൂടം കണ്ടെത്തിയ എംബസി കെട്ടിടത്തിൽനിന്ന് 10 മിനിറ്റ് മാത്രം നടക്കാവുന്ന ദൂരത്തിലായിരുന്നു അന്ന് മിറെലയുടെ കുടുംബം താമസിച്ചിരുന്നത്. എമന്വേലയുടെയും മിറെലയുടെയും തിരോധാനങ്ങൾ തമ്മിൽ ബന്ധമുണ്ടെന്നാണ് ഇന്നും ഇരുവരുടെയും വീട്ടുകാർ വിശ്വസിക്കുന്നത്. പ്രതീക്ഷയറ്റിരുന്ന ഇരു കുടുംബങ്ങളും പുതിയ അന്വേഷണത്തിനും പൂർണ പിന്തുണ അറിയിച്ചിട്ടുണ്ട്. തിരോധാനം സംബന്ധിച്ച ഒരു ചെറു തുമ്പെങ്കിലും ഇത്തവണ ലഭിക്കുമെന്നാണ് ഇവർ കരുതുന്നത്. അതിനിടെയാണ് മറ്റൊരു സംഭവവും ചുരുളഴിഞ്ഞത്.

കാവൽക്കാരന്റെ ഭാര്യ!

എംബസി കെട്ടിടം നിർമിച്ചതിനു ശേഷം അവിടെ കാവൽക്കാരായിരുന്നവരുടെ മുഴുവൻ വിവരങ്ങളും പൊലീസ് വത്തിക്കാനിൽനിന്നു ശേഖരിച്ചിരുന്നു. 1980 കളിൽ ജീവിച്ചിരുന്ന ഒരു കാവൽക്കാരന്റെ ജീവിതത്തിൽനിന്നു ചില സത്യങ്ങൾ പൊലീസിനു മുന്നിൽ വെളിപ്പെട്ടതായാണു വിവരം. ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ കാവൽക്കാരനും ഭാര്യയുമായി അസ്വാരസ്യങ്ങളുണ്ടായിരുന്നുവെന്ന് അയൽക്കാർ പറയുന്നു. ഇടയ്ക്കിടെ ഇരുവരും തമ്മിൽ വഴക്കുകൂടുന്നതു കേൾക്കാം. പെട്ടെന്നൊരു ദിവസം ഭാര്യയെ കാണാതായി. അയൽക്കാരും ബന്ധുക്കളും ഇതിനെപ്പറ്റി ചോദിച്ചെങ്കിലും മറ്റൊരാളുമായി അവർ ഒളിച്ചോടിയെന്നായിരുന്നു മറുപടി.

Mehmet-AGCA-POPE-Missing-Italian-Girls മിറെല ഗ്രിഗോറിയുടെയും എമന്വേല ഒർലാൻഡിയുടെയും ചിത്രങ്ങളുമായി മെഹ്‌മെത്ത് 2010ൽ നടത്തിയ വാർത്താസമ്മേളനം (ഫയൽ ചിത്രം)

കെട്ടിടത്തിന്റെ തറ അവസാനമായി പൊളിച്ചു പണിതത് 1980 കളിലാണ്. അന്നുപക്ഷേ യാതൊന്നും അതിനു താഴെയുണ്ടായിരുന്നില്ലെന്നു നിർമാതാക്കൾ പറയുന്നു. എന്നാൽ പിന്നീടു വന്ന അന്ന മാസിയ എന്ന കാവൽക്കാരി പറഞ്ഞ കാര്യങ്ങൾ മുൻ കാവൽക്കാരനിലേക്കു തന്നെയാണു വിരൽ ചൂണ്ടുന്നത്. താൻ വന്ന സമയത്ത് തറ ആകെ വിണ്ടുകീറി നശിച്ച അവസ്ഥയിലായിരുന്നെന്നും അതിൽ അറ്റകുറ്റപ്പണി നടത്തിയെന്നുമായിരുന്നു അത്.

തറ കുഴിച്ചു നോക്കാതിരുന്നതിനാൽത്തന്നെ അസ്ഥികൾ ‘സുരക്ഷിതമായി’ അവിടെയിരുന്നു. മൃതദേഹം ജീർണിച്ചതിനു ശേഷം അസ്ഥികൂടം മാത്രം ശേഖരിച്ച് കെട്ടിടത്തിൽ കുഴിച്ചിട്ടതാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. വമ്പൻ മതിലുകളും ആയുധധാരികളായ കാവൽക്കാരും ഉള്ള കെട്ടിടത്തിൽ പുറമേനിന്ന് ഒരാൾക്കും പ്രവേശിക്കാനാകില്ലെന്നതും ഈ സംശയത്തിന് ആക്കം കൂട്ടുന്നു.