Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല: വാഹനങ്ങൾ തകർത്ത പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് ഹൈക്കോടതി

sabarimala-protest-police

കൊച്ചി∙ ശബരിമലയിൽ വാഹനങ്ങൾ തകർത്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണവും നടപടിയും വേണമെന്ന് ഹൈക്കോടതി. ഡിജിപിയോ മറ്റ് ഉയർന്ന ഉദ്യോഗസ്ഥരോ അന്വേഷിക്കണമെന്നാണു നിർദേശം. അക്രമത്തിൽ പങ്കെടുത്തവരുടെ വിഡിയോ ദൃശ്യങ്ങൾ ശേഖരിച്ചു നടപടി എടുത്തതുപോലെ പൊലീസുകാരുടെ കാര്യത്തിലും നടപടിയെടുക്കണം. വാഹനങ്ങൾ തകർത്തതു ജോലിയുടെ ഭാഗമായി കണക്കാക്കാനാവില്ല. കുറ്റക്കാരായ പൊലീസുകാർ ജോലിയിൽ തുടരാൻ അർഹരാണോ എന്നു പരിശോധിക്കണം. വാഹനങ്ങൾ എന്തു പ്രകോപനം സൃഷ്ടിച്ചിട്ടാണ് അവ തകർത്തതെന്നും കോടതി ചോദിച്ചു.

ശബരിമലയിൽ മാധ്യമപ്രവർത്തകരെ തടയുന്നതിനെതിരെയും ഹൈക്കോടതി പരാമർശമുണ്ടായി. ക്രമസമാധാനം ഉറപ്പാക്കാൻ സർക്കാരിനു നടപടി എടുക്കുന്നതിൽ തെറ്റില്ല. എന്നാൽ എന്തിനാണു മാധ്യമപ്രവർത്തരെ തടയുന്നത്? മാധ്യമപ്രവർത്തകർക്കോ തീർഥാടകർക്കോ ബുദ്ധിമുട്ടുണ്ടാക്കരുതെന്നും കോടതി നിർദേശിച്ചു. എന്നാൽ മാധ്യമപ്രവർത്തകർക്കു വിലക്കില്ലെന്നും അവരെ തടഞ്ഞിട്ടില്ലെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. ഇതു സംബന്ധിച്ചു ഡിജിപി വിശദീകരണം നടത്തിയിട്ടുണ്ടെന്നും സർക്കാർ കോടതിയിൽ ബോധിപ്പിച്ചു.

ശബരിമലയിലെ അക്രമങ്ങളിൽ കേസെടുത്തതു തെളിവുകളുടെ അടിസ്ഥാനത്തിലെന്നു സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. തൃപ്പൂണിത്തുറ സ്വദേശി ഗോവിന്ദ് മധുസൂദനൻ സമർപ്പിച്ച ജാമ്യാപേക്ഷയിലാണു സർക്കാർ വിശദീകരണം നൽകിയത്. അക്രമത്തിന്റെ വിഡിയോ ദൃശ്യങ്ങൾ ഇന്നും പൊലീസ് ഹാജരാക്കിയില്ല. ഏതാനും ഫോട്ടോകൾ മാത്രം കോടതിയിൽ ഹാജരാക്കി. പൊലീസ് ഉദ്യോഗസ്ഥരും കെഎസ്ആർടിസി ഡ്രൈവറും മാധ്യമ പ്രവർത്തകരും പ്രതിയെ തിരിച്ചറിഞ്ഞതായാണു സർക്കാർ വാദം. ജാമ്യാപേക്ഷ വിധി പറയാൻ മാറ്റിവച്ചു.