Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേവസ്വം ബോർഡിന്റെ സാവകാശ ഹർജി ജനത്തെ കബളിപ്പിക്കാൻ: ശ്രീധരൻ പിള്ള

P.S. Sreedharan Pillai

കൊച്ചി ∙ ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ സമർപ്പിച്ചിട്ടുള്ള സാവകാശ ഹർജി ജനങ്ങളെ കബളിപ്പിക്കാനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിമാരുടെ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേവസ്വം ബോർഡ് ഹർജിയിൽ ആത്മാർഥതയുടെ അംശം അൽപം പോലും ഇല്ലെന്നു വ്യക്തമാണ്. ആയിരത്തോളം സ്ത്രീകൾ ശബരിമലയിൽ പോകുന്നതിന് അപേക്ഷ നൽകി കാത്തിരിക്കുകയാണ്, അവരുടെ ജീവൻ സംരക്ഷിക്കാനാകില്ല എന്നു വരത്തക്കവണ്ണമാണ് ഹർജി നൽകിയിട്ടുള്ളത്. കൂടുതൽ സമയം നീട്ടിക്കിട്ടുന്നതിനു വേണ്ടിയല്ല അപേക്ഷ നൽകിയിട്ടുള്ളത്. മറിച്ച് സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ച് കൂടുതൽ അടിച്ചമർത്താനാണ് അവർ ആഗ്രഹിക്കുന്നത്. ദേവസ്വം ബോർഡ് സിപിഎമ്മിന്റെ ആജ്ഞാനുവർത്തികളായി പ്രവർത്തിക്കുകയാണ്. കേരള ഗവൺമെന്റിന്റെ നിർദേശ പ്രകാരമാണ് ഹർജി നൽകിയതെന്നാണ് കരുതുന്നത്. കോടതി വിധി നടപ്പാക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുക എന്നു ഉദ്ദേശ്യമാണ് അതിനു പിന്നിലെന്നു സംശയിക്കുന്നതായും ശ്രീധരൻ പിള്ള പറഞ്ഞു. 

പ്രവർത്തകരെ ഘട്ടം ഘട്ടമായി ശബരിമലയിൽ എത്തിക്കണമെന്ന സർക്കുലറിൽ അപാകതയില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. ഇവിടെ ഒരു സ്വാതന്ത്ര്യവും പാടില്ലാത്ത വിഭാഗമാണ്. പാർട്ടിയുടെ ആഭ്യന്തര യോഗത്തിൽ പ്രവർത്തകരെ ഉത്തേജിപ്പിക്കാൻ പറഞ്ഞു, ചിലപ്പോൾ സമാധാന പരമായി പറഞ്ഞു. ഇതിലൊക്കെയുള്ള കാര്യങ്ങളെടുത്താണ് പ്രചാരണം നടത്തുന്നത്. പാർട്ടി പതിവായി സർക്കുലർ ഇറക്കുന്നതാണ്. ഇക്കാര്യത്തിൽ നിലപാടുകൾ വളരെ സുതാര്യമാണ്. വിശ്വാസികൾ, ശബരിമല കർമ സമിതി നടത്തുന്ന സമരത്തിന് എല്ലാ പിന്തുണയും നൽകുന്നുണ്ട്. ഇതിനായി രണ്ടു യാത്രകൾ നടത്തിയ പാർട്ടിയാണ്. ആളുകളെ ആവശ്യമുണ്ടെങ്കിൽ സംഘടിപ്പിച്ചു കൊടുക്കുക എന്ന പ്രതിബദ്ധതയുണ്ട്. മിനിഞ്ഞാന്ന് രാത്രി ശബരിമലയിൽ മുൻപു നടന്നിട്ടില്ലാത്തതരത്തിൽ കൊടിയ മർദനം നടന്നു. അതിൽനിന്നു ശ്രദ്ധ തിരിച്ചുവിടാൻ ശ്രമിക്കുകയാണ് സിപിഎം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് സർക്കാർ ഇതിലൂടെ ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ ആക്ഷേപങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണ്. 

ശബരിമല കർമസമിതി നടത്തുന്ന സമരത്തിന് ബിജെപിയുടെ നിർലോഭ പിന്തുണയുണ്ട്. അതേസമയം, ശബരിമലയിൽ സർക്കാർ പ്രഖ്യാപിച്ച നിരോധനാജ്ഞ പിൻവലിക്കുക, പൊലീസ് രാജ് അവസാനിപ്പിക്കുക, ആരാധനാ സ്വാതന്ത്ര്യം അനുവദിക്കുക എന്നീ മൂന്ന് ആവശ്യങ്ങളുന്നയിച്ച് അടുത്ത ദിവസം ബിജെപിയുടെ നേതൃത്വത്തിൽ പ്രക്ഷോഭം ആരംഭിക്കും. അടുത്ത ദിവസം പൊൻ രാധാകൃഷ്ണൻ ശബരിമല സന്ദർശിക്കും കാര്യങ്ങൾ വിലയിരുത്തുകയും കോടതിയുടെ നിർദേശങ്ങൾ അവഗണിച്ചു നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾ പുറം ലോകത്തെ അറിയിക്കുകയും ചെയ്യും.

ബിജെപി കേരളത്തിൽ ഗാന്ധിയൻ മോഡൽ സഹന സമരമാണ് നടത്തുന്നത്. ആത്യന്തികമായി ജനങ്ങളാണ് വിധികർത്താക്കൾ. ജനങ്ങൾക്ക്‌ ഏല്പിച്ചു കൊടുക്കുകയാണ്. സത്യത്തിനും ധർമത്തിനും വേണ്ടി അടി വാങ്ങുകയാണ്. ഇതാണ് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നിക്ഷേപം. മറുഭാഗത്തുള്ള പാർട്ടികൾ പിരിച്ചുവിടലിലാണ്. മറ്റെല്ലാ സംസ്ഥാനവും നഷ്ടപ്പെട്ട പാർട്ടി ഇപ്പോൾ കേരളത്തിൽ മാത്രമാണ്. അതും ഇല്ലാതെയാകും.

കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ടിന്റെ പേരിലാണ് നടപടിയെന്നു പറയുന്ന മുഖ്യമന്ത്രിയോട് സഹതാപമേ ഉള്ളൂ. അങ്ങനെ പറയുന്ന മുഖ്യമന്ത്രി ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല.  അത് കോൺഫിഡൻഷ്യലായ പീരിയോഡിക്കൽ റിപ്പോർട്ടാണ്. അത് എപ്പോഴും നൂറുകണക്കിനു ലഭിക്കുന്നതാണ്. ലോ ആൻഡ് ഓർഡർ പ്രശ്നമുണ്ടായാൽ ശ്രദ്ധിക്കണമെന്നാണ് റിപ്പോർട്ടിലുള്ളത്. ശബരിമലക്കാര്യത്തിൽ കേന്ദ്രസേനയെ അയയ്ക്കാൻ കേരളം ആവശ്യപ്പെടാതെ ഒരിക്കലും സാധിക്കില്ല. സംസ്ഥാനം ആവശ്യപ്പെട്ടാൽ അതിന്റെ നടപടിക്രമം കേന്ദ്രം തീരുമാനിക്കും. ബിജെപിയല്ല അതു തീരുമാനിക്കുന്നത്. 

ബിജെപി പ്രവർത്തകരെ അടിച്ചമർത്തി രണ്ടാം തര പൗരൻമാരായി കണ്ട് കള്ളക്കേസ് എടുക്കുകയാണ് സർക്കാർ. 144 ലംഘിച്ചാൽ പൊലീസിനെ ആക്രമിച്ചു എന്നു പറഞ്ഞാണ് കേസെടുക്കുന്നത്. കൂടുതൽ കേന്ദ്ര നേതാക്കൾ അവരുടെ ഷെഡ്യൂൾ അനുസരിച്ച് വരും ദിവസങ്ങളിൽ ശബരിമലയിൽ എത്തുമെന്നും പി.എസ്. ശ്രീധരൻ പിള്ള അറിയിച്ചു.