Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അയ്യപ്പഭക്തരെ ഭീകരരെ പോലെ കാണുന്നു; ഗവർണർക്കുള്ള നിവേദനത്തിൽ ചെന്നിത്തല

Ramesh Chennithala രമേശ് ചെന്നിത്തല

തിരുവനന്തപുരം∙  ശബരിമലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിക്കുകയും അവിടെ സമാധാനവും ശാന്തിയും പുനഃസ്ഥാപിക്കുന്നതിന് അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവർണർ പി.സദാശിവത്തിന് നിവേദനം നല്‍കി. ലോകത്തിലെ തന്നെ പ്രധാനപ്പെട്ട തീര്‍ഥാടന കേന്ദ്രമായ ശബരിമലയില്‍ 16,000 ത്തോളം പൊലീസുകാരെ വിന്യസിച്ചു സംസ്ഥാന  സര്‍ക്കാര്‍ ഭീകരാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല നിവേദനത്തില്‍  ചൂണ്ടിക്കാട്ടി. 

ഇതു ഭക്തര്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ വിവരണാതീതമാണ്. ആര്‍എസ്എസ്, ബിജെപി, സംഘപരിവാര്‍ ശക്തികള്‍ക്ക് മുതലെടുപ്പിന് അവസരം സൃഷ്ടിച്ചു നല്‍കിയ സര്‍ക്കാര്‍, അവര്‍ അഴിച്ചുവിടുന്ന അക്രമങ്ങളുടെ പേരില്‍ ദര്‍ശനത്തിനെത്തുന്ന  ലക്ഷണക്കിന് ഭക്തരെ ശിക്ഷിക്കേണ്ട കാര്യമില്ലന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

41 ദിവസം വ്രതമെടുത്ത് എത്തുന്ന അയ്യപ്പ ഭക്തരെ  ഭീകരപ്രവര്‍ത്തകരെ പോലെയാണ് പൊലീസ് കൈകാര്യം ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ വിവേകശൂന്യമായ നടപടിയാണ് ശബരിമലയില്‍ ഇന്നത്തെ പ്രതിസന്ധിക്ക് കാരണമെന്നു രമേശ് ചെന്നിത്തല നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ശബരിമലയുടെ ചരിത്രത്തില്‍ ആദ്യമായാണ് 144 പ്രഖ്യാപിക്കുന്നത്. അതു കൊണ്ട് ഭക്തജനങ്ങള്‍ക്ക് സന്നിധാനത്ത് പ്രവേശിക്കാനോ ദര്‍ശനം നടത്താനോ കഴിയാതെ വന്നിരിക്കുകയാണ്. 

കഴിഞ്ഞ വര്‍ഷം അഞ്ച് ലക്ഷം ഭക്തര്‍ എത്തിയ സ്ഥലത്ത് ഇത്തവണ കേവലം 74,000 ഭക്തരെ  ദര്‍ശനം നടത്താന്‍ എത്തിയുള്ളുവെന്നത്  ഇതിന്റെ  സൂചനയാണ്. മുംബൈയില്‍ നിന്നെത്തിയ 110 ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ കഴിയാതെ പോയത് ഉദാഹരണമാണ്. 
ശബരിമലയിലെ കാര്യങ്ങള്‍ തിരുമാനിക്കേണ്ടതും, നടപ്പാക്കേണ്ടതും ഭരണഘടനാ സ്ഥാപനമായ  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ്. എന്നാല്‍ ദേവസ്വം ബോര്‍ഡിനെ നോക്കുകുത്തിയാക്കി ബോര്‍ഡിന്റെ ഭരണം സര്‍ക്കാര്‍ കവര്‍ന്നെടുത്തിരിക്കുകയാണ്. 

കെപിസിസി നിര്‍ദേശപ്രകാരം ശബരിമല സന്ദര്‍ശനം നടത്തി പ്രശ്‌നങ്ങള്‍ പഠിച്ച് മുന്‍മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അടൂര്‍ പ്രകാശ്, വി.എസ്.ശിവകുമാര്‍ എന്നിവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വസ്തുതകളും കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് ഉള്‍പ്പടെയുള്ള യുഡിഎഫ് നേതാക്കള്‍ നിലയ്ക്കലും പമ്പയും സന്ദര്‍ശിച്ചപ്പോള്‍ ബോധ്യപ്പെട്ട കാര്യങ്ങളും ക്രോഡീകരിച്ചാണ് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയത്.