Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരുമയിലൂടെ മാത്രമേ പ്രളയാനന്തര കേരളത്തെ പുനര്‍നിര്‍മിക്കാനാകൂ: ഇ.പി.ജയരാജൻ

keralamnale-summit ‘കേരളം നാളെ’ വികസന ഉച്ചകോടിക്കെത്തിയ മന്ത്രി ഇ.പി.ജയരാജനു മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു ഹസ്തദാനം നൽകുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമീപം. ചിത്രം: മനോരമ

തിരുവനന്തപുരം ∙ ഒരുമയിലൂടെ മാത്രമേ പ്രളയാനന്തര കേരളത്തെ പുനര്‍നിര്‍മിക്കാന്‍ കഴിയൂ എന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍. മലയാള മനോരമയും മനോരമ ന്യൂസും സംയുക്തമായി ഫെഡറല്‍ ബാങ്കിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ‘കേരളം നാളെ’ വികസന ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുനര്‍നിര്‍മാണം നടത്തുമ്പോള്‍ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സമതുലിതാവസ്ഥ ഉണ്ടാകണം. ലോകത്ത് എവിടെയുമുളള ശാസ്ത്ര സാങ്കേതിക വിദ്യകളെ പുനര്‍നിര്‍മാണത്തിന് ഉപയോഗിക്കാനാകണം. 31,000 കോടി രൂപയോളം പുനര്‍നിര്‍മാണത്തിന് ആവശ്യമായി വരുമെന്നാണു നിലവിലെ കണക്ക്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വന്ന തുകയും കേന്ദ്ര സഹായവുമെല്ലാം കൂട്ടിയാല്‍ 5,000 കോടിയില്‍ താഴെയേ വരൂ. അധിക വിഭവസമാഹരണമാണ് നാം നേരിടുന്ന വെല്ലുവിളി.

പുനര്‍നിര്‍മാണത്തിനു വ്യക്തികളുടെയും സംഘങ്ങളുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തം പ്രധാനമാണ്. അവര്‍ക്കു പുനര്‍നിര്‍മാണം ഏറ്റെടുക്കാം. അതിനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്. പുനര്‍നിര്‍മാണത്തിനു കേരള മാതൃകയാണ് അവതരിപ്പിക്കേണ്ടത്. അതു ലോകം ശ്രദ്ധിച്ച കേരള മാതൃകയുടെ പുതിയ പതിപ്പാകണം.

പ്രശ്നത്തെ എങ്ങനെ മറികടക്കാം എന്ന കാര്യത്തില്‍ ക്രിയാത്മക ആശയങ്ങള്‍ക്കുള്ള സ്ഥാനം പ്രധാനപ്പെട്ടതാണ്. മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങണം എന്ന സര്‍ക്കാര്‍ തീരുമാനം ചരിത്രത്തിന്റെ ഭാഗമായി. പണം വിതരണം ചെയ്തതു കൊണ്ടുമാത്രം അളക്കാവുന്നതല്ല മത്സ്യത്തൊഴിലാളികളുടെ രക്ഷാപ്രവര്‍ത്തനത്തിന്റെ മഹത്വം. ഇവിടെയാണ് ആശയത്തിന്റെ പ്രാധാന്യം. ഇത്തരം വികസന കൂട്ടായ്മകളില്‍ നിന്നേ മികച്ച ആശയങ്ങള്‍ ഉണ്ടാകൂ എന്നും മന്ത്രി പറഞ്ഞു.

പ്രളയ പുനര്‍നിര്‍മാണത്തിനു സര്‍ക്കാര്‍ സമർപ്പിച്ച നിര്‍ദേശങ്ങള്‍ പൊതുവേ സ്വീകാര്യമാണെങ്കിലും നടപ്പിലാക്കുന്ന രീതിയില്‍ വ്യത്യസ്ത അഭിപ്രായം ഉണ്ടെന്നു മുഖ്യപ്രഭാഷണം നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഈ ദുരന്തത്തില്‍നിന്ന് നാം എന്തു പാഠംപഠിച്ചു എന്നു ചിന്തിക്കണം. നമുക്ക് ദുരന്തങ്ങളെ നേരിടാന്‍ തയാറെടുപ്പില്ല. നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല.

ഇനിയെങ്കിലും അത് ഉണ്ടാകണം. പ്രളയ നാശനഷ്ടത്തെക്കുറിച്ചു ശരിയായ കണക്ക് ഉണ്ടാകണം. അതിനുശേഷമാകണം പുനര്‍നിര്‍മാണത്തിനു പദ്ധതികള്‍ രൂപീകരിക്കേണ്ടത്. പുനര്‍നിര്‍മാണത്തിന് മാനുഷിക മുഖം ഉണ്ടാകണം. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പദ്ധതികളില്‍ പ്രമുഖ പരിഗണന നല്‍കണം. പദ്ധതികള്‍ക്ക് മാനുഷിക മുഖം ഉണ്ടാകാന്‍ ജനങ്ങളെ കൂടുതലായി സഹകരിപ്പിക്കണം.‌

ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി ജനകീയ പ്രസ്ഥാനമാക്കണം. സോഷ്യല്‍ ഓഡിറ്റ് ഉണ്ടാകണം. എന്നാലേ പദ്ധതികള്‍ വിജയിക്കൂ. കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ പ്രളയ പദ്ധതികള്‍ ഉള്‍പ്പെടുത്തുക, പ്രളയ പുനര്‍നിര്‍മാണത്തിനായി വരുന്ന ബജറ്റ് രൂപപ്പെടുത്തുക, തദ്ദേശ സഥാപനങ്ങളുടെ പദ്ധതികളുമായി പ്രളയ പുനര്‍ നിര്‍മാണ പദ്ധതികളെ സംയോജിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും ചെന്നിത്തല പങ്കുവച്ചു.

keralam-nale കേരളം നാളെ ഉച്ചകോടിയിൽനിന്ന്.

സമൂഹവും രാഷ്ട്രീയ നേതൃത്വവും നവകേരളത്തിനായി പരിശ്രമിക്കുമെന്നു ദൃഢതീരുമാനം എടുക്കണമെന്നു മലയാള മനോരമ ചീഫ് എഡിറ്റര്‍ മാമ്മന്‍ മാത്യു പറഞ്ഞു. കേരളം ഇന്നു പലകാര്യങ്ങളിലും ദേശീയ നിലവാരത്തിനു താഴെയാണ്. ഒരു കാലത്ത് വൃത്തിയുള്ള നാടായിരുന്ന കേരളം ഇപ്പോള്‍ മലിനപ്പെട്ടു കിടക്കുന്നു.

ഹര്‍ത്താല്‍ ആയുധമാണ്. എന്നാല്‍ അതു കേരളത്തിനു ശാപമായി മാറരുത്. നാടിന്റെ വികസനത്തിനായി കൈപിടിച്ചു നീങ്ങാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തീരുമാനിച്ചാല്‍ അതാകും നവകേരളത്തിനുള്ള സുന്ദരമായ അനുഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ മാത്യൂസ് വര്‍ഗീസ് നന്ദി പറഞ്ഞു.

ഭാവികേരളം – ലോകമാതൃകകൾ

മോഡറേറ്റർ: ജി.വിജയരാഘവൻ (ടെക്നോപാർക് സ്ഥാപക സിഇഒ, ആസൂത്രണ ബോർഡ് മുൻ അംഗം).
പാനൽ: ഡോ. കെ.എം.ഏബ്രഹാം, എം.ശിവശങ്കർ, (സെക്രട്ടറി, ഐടി വകുപ്പ്) ഡോ. രവി രാമൻ (ആസൂത്രണ ബോർഡ് അംഗം), കെ.നന്ദകുമാർ (പ്രസിഡന്റ് ആൻഡ് സിഇഒ, സൺടെക് ബിസിനസ് സൊലൂഷൻസ്), ഇ.എം.നജീബ് (സീനിയർ വൈസ് പ്രസിഡന്റ്, അയാട്ടോ ), ജെന്നിഫർ (ജർമൻ ഹോണററി കോൺസുൽ ഉദ്യോഗസ്ഥ), ഗോപിനാഥ് പാറയിൽ (ബ്ലു യോണ്ടർ), ഡോ. ബി.ജി.ശ്രീദേവി (നാറ്റ്പാക് സീനിയർ സയന്റിസ്റ്റ്), ഡോ. ജി.കിഷോർ (പ്രിൻസിപ്പൽ, എൽഎൻസിപിഇ), അനിൽകുമാർ (സിഒഒ, ടോറസ് ഇന്ത്യ), അജയ് പത്മനാഭൻ (സിഇഒ, സ്പോർട്സ് ഹബ്).

keralam-nale-summit ‘കേരളം നാളെ’ വികസന ഉച്ചകോടിയില്‍ പങ്കെടുക്കുന്ന മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി ഇ.പി.ജയരാജൻ എന്നിവർ. ചിത്രം: മനോരമ

ടൂറിസം

പരിസ്ഥിതിലോല പ്രദേശങ്ങളിൽ ഉൾപ്പെടെ കർശനമായ നിയമവ്യവസ്ഥകളോടെ വേണം ടൂറിസം അനുവദിക്കേണ്ടത്. ഓരോ മേഖല തിരിച്ചും മാസ്റ്റർ പ്ലാൻ തയാറാക്കി ഉത്തരവാദിത്ത, സുസ്ഥിര വിനോദസഞ്ചാരമാകണം നടപ്പാക്കേണ്ടത്. വിനോദസഞ്ചാരം സംബന്ധിച്ച് 2008ലെ കേരള പ്രഖ്യാപനം കർശനമായി പാലിക്കണം.

പ്രാദേശിക പങ്കാളിത്തത്തോടെ വേണം ടൂറിസ വികസനം. ഭിന്നശേഷിയുള്ളവർക്കും പ്രായമായവർക്കും അനുകൂലമായ രീതിയിൽ വിനോദസഞ്ചാര കേന്ദ്രങ്ങളെ മാറ്റിയെടുക്കണം. 

keralam-nale-leaders

അടിസ്ഥാനസൗകര്യ വികസനം

ഓരോ വർഷവും നിലവിലുള്ള പ്രതലത്തിനു മേൽ കൂടുൽ മെറ്റൽ നിരത്തിയും ടാറൊഴിച്ചും പൊക്കം കൂട്ടുന്ന വിധത്തിൽ റോഡ് നിർമിക്കുന്ന രീതിയൊഴിവാക്കി Full Depth Reclaimed (FDR) എന്ന രീതിയിൽ റോഡ് കുഴിച്ചു നിലവിലുള്ള വസ്തുക്കൾ ഉപയോഗപ്പെടുത്തി റോഡ് ബലപ്പെടുത്തിയാൽ ചെലവ് കുറയ്ക്കാം.

keralamnale-summit1 കേരളം നാളെ ഉച്ചകോടിയിൽനിന്ന്.

ഈ രീതി പരീക്ഷണാടിസ്ഥാനത്തിൽ പത്തനംതിട്ടയിൽ നടത്തിയിട്ടുണ്ട്. റോഡ് നിർമാണത്തിനു മുൻപ് സാങ്കേതികപഠനം നിർബന്ധമാക്കുകയും ഇന്ത്യൻ റോഡ് കോൺഗ്രസ് വ്യവസ്ഥകൾ പ്രകാരം മാത്രം നടത്തുകയും വേണം. റോഡുകളുടെ അറ്റകുറ്റപ്പണി നടത്താനായി ഫണ്ട് കണ്ടെത്തുന്നതിനു വാഹനങ്ങൾ കടന്നുപോകുന്ന മുറയ്ക്കു സാങ്കേതികമായി ഫണ്ട് കണ്ടെത്തുന്ന ടോൾ സിസ്റ്റം നടപ്പാക്കണം. 

കൃഷി

തോട്ടവിളകൾ പ്രതിസന്ധയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ മൂന്നാം ലോക രാഷ്ട്രങ്ങളുമായി ഇത്തരം വിളകളുടെ ഉൽപാദനകാര്യത്തിലെ മത്സരം ഒഴിവാക്കുന്നതോടെ വിലയിടിവ് പ്രശ്നം പരിഹരിക്കാനാവും. വികസിത രാജ്യങ്ങളുമായി വിളകളുടെ കാര്യത്തിൽ മത്സരം വരുന്നതാണു ഭാവിക്കു നല്ലത്. തോട്ടമേഖലയിൽ വിളകളേതു വേണമെന്നു തീരുമാനിക്കാൻ കർഷകനു സ്വാതന്ത്ര്യവും ഇതിന് ഭൂനിയമപരിഷ്കാരങ്ങളും ആവശ്യം.

കാലാവസ്ഥ മാറ്റത്തെ മറികടക്കാൻ സാധ്യതയുള്ള വിളകളുടെ ഉൽപാദനം പ്രോത്സാഹിപ്പിക്കണം. ഉദാഹരണത്തിന് പൊക്കാളി. സുരക്ഷിതമായി ഭക്ഷിക്കാനുള്ള പച്ചക്കറികളും വിളകളും മാത്രമേ കൃഷി ചെയ്യാവൂയെന്ന നില കൈവരുത്തുക. 

keralam-nale-summit

സുസ്ഥിര പരിസ്ഥിതി

5 വർഷം കൊണ്ട് കഴിയുന്നത്ര മേഖലകൾ പ്ലാസ്റ്റിക് മുക്തമാക്കുക. പ്രളയകാലത്തെ ജലനിരപ്പ് ഉൾപ്പെടെ രേഖപ്പെടുത്താനും ദുരന്തകാലത്തെ പ്രദേശങ്ങളുടെ സ്ഥിതിവിവരം സാങ്കേതികമായി സ്വതന്ത്ര പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചു രേഖപ്പെടുത്താനും ശ്രമം വേണം. ജലപാതകളെക്കുറിച്ചും ജലസ്രോതസുകളെക്കുറിച്ചും സമഗ്രപഠനം നടത്തുക. 

ആരോഗ്യ രംഗം

കൂടുതൽ സ്വകാര്യ– സർക്കാർ പങ്കാളിത്തം ആരോഗ്യമേഖലയിൽ ആവശ്യമാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സർക്കാർ ധനസഹായത്തോടെ ഉൾപ്പെടെ സമ്പൂർണ ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കണം. റോഡപകടരഹിത സംസ്ഥാനമാക്കി മാറ്റുക.

ഡോക്ടർമാർ, നഴ്സുമാർ, സാങ്കേതിക പ്രവർത്തകർ, സന്നദ്ധപ്രവർത്തകർ എന്നിവർ ഉൾപ്പെട്ട ട്രോമ കെയർ കേഡർ സംവിധാനം കേരളത്തിനായി ഒരുക്കണം. ആയുർവേദം, കളരിചികിത്സ തുടങ്ങിയ പാരമ്പര്യരീതികൾ വെൽനെസിന്റെ ഭാഗമാക്കിയാൽ ആരോഗ്യമേഖലയിലെ ചെലവ് കുറയ്ക്കാം.

കായികം

ആധുനിക സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിച്ച് കായികപരിശീലനം സാധ്യമാക്കണം. തുഴച്ചിൽ, നീന്തൽ തുടങ്ങിയവയിൽ പരിശീലനം വ്യാപകമാക്കുന്നത് ദുരന്തങ്ങളെ നേരിടാൻ ജനങ്ങളെ സജ്ജരാക്കും. രാജ്യാന്തര, ദേശീയ കായിക മത്സരങ്ങൾക്കു കേരളം വേദിയാകുന്നതു സാമ്പത്തിക വികസനത്തിനും സഹായകരമാകും.

keralamnale-summit2 കേരളം നാളെ ഉച്ചകോടിയിൽനിന്ന്.

നിലവിലുള്ള സ്റ്റേഡിയങ്ങൾ പാ‍ർക്കിങ് സൗകര്യത്തോടെ ആധുനീകരിക്കണം. പുതുതലമുറയിൽ ജീവിതശൈലീ രോഗങ്ങൾ  കുറയ്ക്കാൻ സ്കൂൾ, കോളജ് തലങ്ങളിൽ കായികാഭിമുഖ്യം വളർത്തുക. 

ഉന്നത വിദ്യാഭ്യാസം

ഉന്നത വിദ്യാഭ്യാസം നേടാൻ സംസ്ഥാനത്തിനു പുറത്തു പോകേണ്ടുന്ന അവസ്ഥ ഒഴിവാക്കി കേരളത്തിൽ അതിനു സാഹചര്യമൊരുക്കാൻ ഉടച്ചുവാർക്കൽ ആവശ്യം. അധ്യാപകർക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപന മേധാവികൾക്കും മേഖലയിലെ മാറ്റങ്ങൾ മനസിലാക്കാൻ പ്രത്യേക  പരിശീലനം നൽകണം. 

സർക്കാരിന്റെ പദ്ധതികളും സേവനങ്ങളും നിയമങ്ങളും ഒറ്റ പ്ലാറ്റ്ഫോമിൽ കൊണ്ടുവന്ന് സുതാര്യമാക്കുക. സ്വകാര്യ, സർക്കാർ ഓഫിസുകളിൽ ഒരു പോലെ വനിതാ സൗഹൃദമാക്കുക. ഇപ്പോൾ 2 സ്മാർട് സിറ്റികളാണുള്ളത്. ഇതു മാത്രം പോര, സ്മാർട് കേരളമാകുന്ന തരത്തിലുള്ള സാങ്കേതിക വികസനം വേണം.

related stories