Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂർച്ച കുറഞ്ഞ് വജ്രായുധം; മോദീപ്രഭാവം മങ്ങുന്നു, ആശങ്കയോടെ ബിജെപി

പി.സനിൽകുമാർ
Author Details
Follow Facebook
Narendra Modi പ്രധാനമന്ത്രി നരേന്ദ്ര മോദി.

ബിജെപിയുടെ വജ്രായുധത്തിന്റെ മൂർ‌ച്ച കൈമോശം വന്നുവോ?. നരേന്ദ്ര മോദിയെന്ന ബിജെപിയുടെ ‘ക്രൗഡ് പുള്ളറുടെ’ ജനപിന്തുണയ്ക്കു ഹിന്ദി ഹൃദയഭൂമിയില്‍ ഇളക്കം തട്ടിയോ?. പൊതുതിരഞ്ഞെടുപ്പിന്റെ അരങ്ങിലേക്കു അടുത്തവർഷം കടക്കുമ്പോൾ ബിജെപിക്ക് പുതിയ പോർമുനകൾ രാകി മിനുക്കേണ്ടി വരുമെന്നാണ്, ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള സെമിഫൈനലായി വിശേഷിപ്പിച്ച അഞ്ചു നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്ന സൂചന.

പ്രതീക്ഷിച്ചത്ര വിജയമില്ലാത്തതിന്റെ ആശങ്കയിലാണു ബിജെപി. എക്കാലത്തെയും വലിയ ജനകീയ നേതാവെന്ന് പാർട്ടി ഉറപ്പിച്ചു പറയുന്ന മോദിയുടെ തോളിലേറി മാത്രം പടുകൂറ്റൻ ജയമെന്ന ആത്മവിശ്വാസം പോയ്പോകുന്നു. സർക്കാരിന്റെ നേട്ടങ്ങളായി കൊട്ടിഘോഷിക്കുന്ന നോട്ടുനിരോധനം, ജിഎസ്ടി തുടങ്ങിയ വിഷയങ്ങൾ തിരിച്ചടിയായെന്നു മോദിയും സർക്കാരും തിരിച്ചറിയുന്നു. പാർട്ടിയുടെ നെടുന്തൂണാണു മോദിയെന്ന ചിന്തയിലുണ്ടായ ഇടിവാണ് അഞ്ചിടത്തും ആഞ്ഞടിക്കാതിരുന്ന മോദീതരംഗം.

നാലാംവർഷം പ്രധാനമന്ത്രിമാർക്കു കാറ്റും കോളും നിറഞ്ഞതാണ്. ആറാംവട്ടവും ഗുജറാത്തിൽ സ്വന്തം പ്രഭാവംകൊണ്ടു മാത്രം നേടിയ വിജയത്തിന്റെ മധുരം, ഹിമാചൽ പ്രദേശിലെ ജയം, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ കാവിക്കൊടിയേറ്റം എന്നിവ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെയും അപ്രമാദിത്വം അരക്കിട്ടുറപ്പിച്ചിരുന്നു. എന്നാൽ മാസങ്ങൾക്കുമുമ്പു നടന്ന കർണാടക, ഇക്കഴിഞ്ഞ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, തെലങ്കാന, മിസോറം നിയമസഭാ തിരഞ്ഞെടുപ്പുകൾ മോദി–ഷാ സഖ്യത്തിനേറ്റ തിരിച്ചടി കൂടിയാണ്. ബിജെപിയും സർക്കാരിലും ചോദ്യം ചെയ്യാനാവാത്ത നേതാവെന്ന അവസ്ഥയ്ക്ക് പാര്‍ട്ടിക്കുള്ളില്‍നിന്നു തന്നെ ചോദ്യങ്ങളുയരും.

പുതുതായി വിധിയെഴുതിയ സംസ്ഥാനങ്ങളിലായി 83 ലോക്സഭാ സീറ്റുകളാണുള്ളത്. ഇതിൽ 65 സീറ്റും മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ. 2014 ൽ 65 ൽ 63 സീറ്റും നേടിയാണു ബിജെപി കേന്ദ്രത്തിൽ അധികാരത്തിലെത്തിയത്. എന്നാൽ നോട്ടുനിരോധനം ജനത്തെ ആകെയും ജിഎസ്ടി വ്യാപാര സമൂഹത്തെയും മോദിയിൽനിന്ന് അകറ്റി. കാർഷിക ഉൽപ്പന്നങ്ങളുടെ വൻ വിലത്തകർച്ച മൂലം മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പൊട്ടിപ്പുറപ്പെട്ട ‌കർഷക രോഷവും ക്ഷീണമായി. വികസന അജൻഡയ്ക്കൊപ്പം രാമക്ഷേത്രം ഉൾപ്പെടെയുള്ള ഹിന്ദുത്വ അജൻഡയെ പുൽകാനുള്ള ശ്രമങ്ങളും മോദിക്കും കൂട്ടർക്കും തുണയായില്ല.

അഞ്ചു സംസ്ഥാനങ്ങളിലും മോദിയുടെ സാന്നിധ്യം താരതമ്യേന കുറവായിരുന്നു എന്നതു ശ്രദ്ധേയമാണ്. തിരഞ്ഞെടുപ്പിനു മുമ്പു ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ, ഭരണവിരുദ്ധ വികാരം തിരിച്ചടിയാകുമെന്ന തിരിച്ചറിവിൽ മോദിയെ ‘പൊതിഞ്ഞു സൂക്ഷിക്കാനായിരുന്നു’ ബിജെപി ശ്രദ്ധിച്ചത്. ഗുജറാത്തിൽ 34 പ്രചാരണ റാലികളിൽ മോദി പങ്കെടുത്തെങ്കിൽ, മധ്യപ്രദേശ് ഉൾപ്പെടെ 5 സംസ്ഥാനങ്ങളിൽ‌ ആകെ 24 റാലികളിലേ മോദിയെ കണ്ടുള്ളൂ. അതായത്, ബിജെപി തുടർച്ചായി ഭരണത്തിലുള്ള മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലും കഴിഞ്ഞ തവണ ഭരണത്തിലേറിയ രാജസ്ഥാനിലും പാർട്ടി പരാജയപ്പെട്ടാൽ ഉത്തരവാദിത്തം അവിടത്തെ നേതാക്കൾക്കാണ് എന്നു സ്ഥാപിക്കലായിരുന്നു ലക്ഷ്യം.

ഇവിടങ്ങളിൽ മോദിയുടെ പ്രസംഗവിഷയങ്ങളും ശ്രദ്ധേയമാണ്. നെഹ്റു–ഗാന്ധി കുടുംബത്തിന്റെ വാഴ്ച, വളർച്ച മുരടിപ്പിച്ച കോൺഗ്രസ് എന്നിങ്ങനെ പ്രതിപക്ഷത്തിന് എതിരെയാണ് അദ്ദേഹം കൂടുതലും സംസാരിച്ചത്. അതായത് മുൻ സർക്കാരുകളുടെ പ്രവൃത്തികളാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്കു കാരണമെന്നുള്ള ചൂണ്ടിക്കാട്ടൽ. സംസ്ഥാന– കേന്ദ്ര സർക്കാരുകളുടെ ഭരണനേട്ടങ്ങൾ പ്രസംഗത്തിന്റെ ഒടുവിലേക്കു മോദി മാറ്റിവച്ചു.

ഭരണവിരുദ്ധ വികാരം മുതലാക്കാൻ ഗുജറാത്തിൽ സടകുടഞ്ഞെഴുന്നേറ്റ കോൺഗ്രസിന്റെ വെല്ലുവിളി മുഖ്യമന്ത്രി വിജയ് രൂപാണിയേക്കാൾ ഏറ്റെടുത്തത് മോദിയായിരുന്നു. എന്നാൽ, ഈ ചുമതല ഇത്തവണ ഏറ്റെടുക്കാൻ തയാറാവാതിരുന്ന മോദി, മുഖ്യമന്ത്രിമാരായ ശിവരാജ് സിങ് ചൗഹാൻ, രമൺ സിങ്, വസുന്ധര രാജെ എന്നിവർക്കു വീതിച്ചു നൽകി. മൂന്നിടത്തും ശക്തിസ്രോതസ്സായി മുന്നോട്ടുവരാൻ മോദി മടികാണിച്ചു.

ഭരണത്തുടർച്ച കിട്ടുമെന്ന ആത്മവിശ്വാസത്തിൽ പൂർണ ബജറ്റ് അവതരിപ്പിക്കുമെന്ന പ്രഖ്യാപനമാണ് ഇനി മുന്നിലുള്ള തുറുപ്പുചീട്ട്. ജനവിരുദ്ധ നയങ്ങൾക്കു പകരം പുതിയ ജനപ്രിയ പദ്ധതികൾ പ്രഖ്യാപിക്കാനായിരിക്കും മോദി സർക്കാർ ശ്രമിക്കുക. തീപ്പൊരി പ്രസംഗങ്ങളും നിലപാടുകളും മയപ്പെടുത്താനും മോദി ശ്രമിക്കും.

related stories