Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹര്‍ത്താല്‍: അക്രമത്തിനു മുതിരുന്നവരെ അറസ്റ്റ് ചെയ്യാന്‍ ‍ഡിജിപിയുടെ നിര്‍ദ്ദേശം

DGP Lokanath Behera ഡിജിപി ലോക്നാഥ് ബെഹ്‌റ

തിരുവനന്തപുരം∙ ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താലിന്‍റെ പശ്ചാത്തലത്തില്‍ സാമാന്യ ജനജീവിതം ഉറപ്പു വരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ എല്ലാ ജില്ലാ പൊലീസ് മേധാവികൾക്കും നിര്‍ദ്ദേശം നല്‍കി. ഏതെങ്കിലും വിധത്തിലുളള അക്രമത്തില്‍ ഏര്‍പ്പെടുകയോ സഞ്ചാര സ്വാതന്ത്ര്യം തടയുകയോ ചെയ്യുന്ന ഹര്‍ത്താല്‍ അനുകൂലികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അക്രമത്തിന് മുതിരുകയോ നിര്‍ബന്ധമായും കടകളും സ്ഥാപനങ്ങളും അടപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നവരെ ഉടനടി അറസ്റ്റ് ചെയ്യണം. ഇവർക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കണം.

വ്യക്തികള്‍ക്കും വസ്തുക്കള്‍ക്കും എതിരെയുളള അക്രമങ്ങള്‍ കര്‍ശനമായി തടയണം. എല്ലാ വിധത്തിലുളള അനിഷ്ട സംഭവങ്ങള്‍ തടയുന്നതിനും ആവശ്യമായ സുരക്ഷ എര്‍പ്പെടുത്തണം. സര്‍ക്കാര്‍ ഓഫിസുകള്‍, കെഎസ്ഇബി, മറ്റ് ഓഫിസുകള്‍ എന്നിവയ്ക്ക് ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്തണം. കെഎസ്ആർടിസി ബസുകള്‍, സ്വകാര്യ ബസുകള്‍ എന്നിവ തടസ്സം കൂടാതെ സര്‍വീസ് നടത്തുന്നതിനു സൗകര്യം ഒരുക്കണം. കോടതികളുടെ പ്രവര്‍ത്തനം സുഗമമായി നടത്തുന്നതിന് പ്രത്യേക നടപടികള്‍ സ്വീകരിക്കണം. ആവശ്യമായ സ്ഥലങ്ങളില്‍ പൊലീസ് പിക്കറ്റും പട്രോളിങും ഏര്‍പ്പെടുത്തണം.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ഓഫിസിനു മതിയായ സംരക്ഷണം ഒരുക്കണം. ശബരിമല തീർഥാടകര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഹര്‍ത്താലുകള്‍ നിര്‍ബന്ധിത ഹര്‍ത്താലായി മാറാതിരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന പലപ്പോഴായുളള ഹൈക്കോടതി ഉത്തരവുകള്‍ നടപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ പൊലീസ് മേധാവികൾക്കു നിര്‍ദ്ദേശം നല്‍കി. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് റേഞ്ച് ഐജിമാരോടും സോണല്‍ എഡിജിപിമാരോടും സംസ്ഥാന പൊലീസ് മേധാവി ആവശ്യപ്പെട്ടു.

related stories