Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘വർഗീയ’ നോട്ടിസ് സ്റ്റേഷനിൽ എത്തിച്ചത് സിപിഎമ്മുകാർ: കെ.എം. ഷാജി പിടിമുറുക്കുന്നു

km-shaji കെ.എം. ഷാജി

കോഴിക്കോട്∙ എംഎൽഎ സ്ഥാനത്തുനിന്നു തനിക്ക് അയോഗ്യത കൽപ്പിക്കാൻ ഇടയാക്കിയ വർഗീയച്ചുവയുള്ള നോട്ടിസിന്റെ ഉറവിടം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു കെ.എം. ഷാജി നിയമനടപടിക്ക്. നോട്ടിസ് പൊലീസിന് എത്തിച്ചുനൽകിയതായി പറയുന്ന സിപിഎം പ്രവർത്തകനെ ചോദ്യംചെയ്തു തെളിവെടുക്കണം. കേസ് റജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു ഡിജിപിക്ക് ഉടൻ തന്നെ പരാതി നൽകും.

ഇസ്‌ലാം മതവിശ്വാസി അല്ലാത്തവർക്കു വോട്ടുകൊടുക്കരുതെന്നു പരാമർശിച്ച് കെ.എം. ഷാജിക്കു വേണ്ടി തയാറാക്കിയ നോട്ടിസ് യുഡിഎഫ് പ്രാദേശിക നേതാവിന്റെ വീട്ടിൽനിന്നു കണ്ടെടുത്തുവെന്ന ഹർജിയിലാണ് അഴീക്കോട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്. എന്നാൽ നോട്ടിസ് കണ്ടെത്തിയത് യുഡിഎഫ് കേന്ദ്രത്തിൽനിന്നല്ല, പകരം സിപിഎം പ്രവർത്തകൻ അബ്ദുൽ നാസർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചുനൽകിയതാണെന്നു വ്യക്തമാക്കുന്ന പൊലീസ് മഹസർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ഇക്കാര്യത്തിൽ വ്യാജമൊഴി നൽകി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് കെ.എം. ഷാജി ഹർജി നൽകിയിരിക്കുകയാണ്. ഇതിനൊപ്പമാണു നോട്ടിസ് കൈമാറിയ സിപിഎം പ്രവർത്തകൻ അബ്ദുൽ നാസറിന്റെ നടപടിയിൽ അന്വേഷണത്തിനു പൊലീസിനെ സമീപിക്കുന്നത്. പൊലീസ് പരിശോധന നടത്തിയപ്പോൾ കണ്ടെത്താതിരുന്ന നോട്ടിസ് യുഡിഎഫ് നേതാവിന്റെ വീട്ടിൽനിന്നു പിറ്റേന്നു തനിക്കു കിട്ടിയെന്നാണ് അബ്ദുൽ നാസർ പറയുന്നത്. അതു സ്റ്റേഷനിൽ എത്തിച്ചുവെന്നും. ഈ മൊഴിയിൽ ദുരൂഹതയുണ്ട്. അതുകൊണ്ടു തന്നെ നാസർ അടക്കം സിപിഎമ്മുകാരുടെ നടപടികളെക്കുറിച്ചു വിശദമായ അന്വേഷണം വേണമെന്നാണ് കെ.എം. ഷാജിയുടെ ആവശ്യം.

മണ്ഡലത്തിന്റെ മറ്റു ചില ഭാഗങ്ങളിൽ സമാന നോട്ടിസുകൾ കണ്ടതായി പറയുന്നവരും സിപിഎമ്മുകാരാണ്. അവരെയും ചോദ്യംചെയ്തു തെളിവെടുക്കണം. നോട്ടിസ് അച്ചടിച്ച പ്രസും അതിനു നിർദേശം നൽകിയവരെയും കണ്ടെത്താൻ ഇത് അത്യാവശ്യമാണെന്നും ചൂണ്ടിക്കാട്ടി അടുത്ത ദിവസം തന്നെ ഡിജിപിയെ കാണും. ഷാജിക്കെതിരായ നോട്ടിസ് സ്റ്റേഷനിൽ എത്തിച്ച അബ്ദുൽ നാസർ താൻ സിപിഎം പ്രവർത്തകൻ ആണെന്നും എതിർ സ്ഥാനാർഥിയായ എം.വി. നികേഷ് കുമാറിനു വേണ്ടി പ്രചാരണത്തിലായിരുന്നു എന്നും പറഞ്ഞു പൊലീസിനു നൽകിയ മൊഴിയും പുറത്തുവന്നു.