Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിക്കനും ബീഫുമല്ല, അസമിൽ ജനപ്രിയം എലിയിറച്ചി; കിലോയ്ക്ക് 200 രൂപ!

rat-assam കുമരികട്ട മാർക്കറ്റിലെ എലിക്കച്ചവടം

ദിസ്പൂർ∙ അസമിലെ ഗ്രാമപ്രദേശങ്ങളിൽ ജനകീയമായി, വേവിച്ചതും തൊലിയുരിഞ്ഞതുമായ എലി ഇറച്ചി വിൽപന. കിലോയ്ക്ക് 200 രൂപയാണ് ഇത്തരം എലികൾക്ക് അസമിലെ ചന്തകളിൽ വിലയിട്ടിരിക്കുന്നത്. പ്രദേശത്തെ കൃഷിയിടങ്ങളിൽ വിളവെടുപ്പു സമയത്താണു എലി‍ വിൽപനയും പൊടിപൊടിക്കുന്നത്.

അസമിലെ കുമരികട്ട ഗ്രാമത്തിലെ ഞായറാഴ്ച വിപണിയിൽ ചിക്കനും മറ്റ് ഇറച്ചികളും അധികമാർക്കും വേണ്ട, പകരം ഡിമാന്‍ഡ് എലിയിറച്ചിക്കാണ്. രോമങ്ങൾ ഉള്ളതും രോമം കളഞ്ഞും ഇറച്ചി വിപണിയിൽ നിന്നു വാങ്ങാനാകും. കൃഷിസ്ഥലങ്ങളിൽനിന്നു കർഷകർ പിടികൂടുന്ന എലികളെയാണു വിൽപനയ്ക്കായി മാർക്കറ്റിലെത്തിക്കുന്നത്. വറുക്കാൻ പാകത്തിനു തയാറാക്കിയ രൂപത്തിലും എലിയിറച്ചി ലഭ്യമാകും.

FILES-INDIA-ANIMAL-AGRICULTURE-RATS കുമരികട്ട മാർക്കറ്റിലെ എലിക്കച്ചവടം

തേയില തോട്ടങ്ങളിൽ ജോലി ചെയ്യുന്ന ആദിവാസി വിഭാഗങ്ങള്‍ക്ക് അധികവരുമാനമാണ് എലി വിൽപന. ഒരു കിലോ എലിയിറച്ചി വാങ്ങുന്നതിന് ഇവിടെ നൽകേണ്ടത് 200 രൂപയാണ്. മേഖലയിൽ അടുത്തിടെയായി എലിശല്യം വ്യാപകമായതായും കർഷകർ അഭിപ്രായപ്പെടുന്നു. ജനങ്ങളുടെ നെൽകൃഷി നശിപ്പിക്കാനെത്തുന്ന എലികളെയാണു തങ്ങള്‍ കെണി വച്ചു പിടിക്കുന്നതെന്ന് കുമരികട്ടയിലെ എലിക്കച്ചവടക്കാരനായ സാംബ സോറൻ പറഞ്ഞു.‌

വിളവെടുപ്പു കാലത്തു രാത്രി സമയങ്ങളിലാണ് എലികളെ പിടിക്കാൻ ഇറങ്ങുക. മുളകൊണ്ട് ഉണ്ടാക്കിയ കെണികളുമായി കൃഷിസ്ഥലത്തുപോയി പിടികൂടുകയാണു പതിവ്. എളിമാളങ്ങളുടെ പുറത്തുതന്നെ കെണി വയ്ക്കും. എലി, മാളത്തിനു പുറത്തെത്തിയാല്‍ ഉടൻ കെണിയിൽ വീഴുകയും ചെയ്യും. ഒരു രാത്രി ജോലി ചെയ്താൽ 10–20 കിലോ വരെ എലികളെ ലഭിക്കും.