Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നയതന്ത്രവിജയമായി മാർപാപ്പയുടെ മ്യാൻമർ ദൗത്യം

pope-francis ഇടയനൊപ്പം.. മ്യാൻമർ യങ്കൂണിലെ കായ് ക്കാസൻ മൈതാനത്ത് തിങ്ങിനിറഞ്ഞ വിശ്വാസികളെ ആശിർവദിച്ചുകൊണ്ട് പാപ്പാ മൊബീലിൽ സഞ്ചരിക്കുന്ന ഫ്രാൻസിസ് മാർപാപ്പ. ചിത്രം: റിജോ ജോസഫ്

ഫ്രാൻസിസ് മാർപാപ്പയുടെ മ്യാൻമർ ദൗത്യം നയതന്ത്രവിജയം. രോഹിൻഗ്യ പ്രശ്നത്തെക്കുറിച്ചു പരാമർശിക്കാതെയും എന്നാൽ വിവാദവിഷയങ്ങളിലേക്കു ശ്രദ്ധയാകർഷിച്ചും ഒട്ടേറെ കാര്യങ്ങൾ പറയാതെ പറഞ്ഞും മാർപാപ്പ സന്ദർശനം പൂർത്തിയാക്കി.യാങ്കൂൺ കായ്ക്കസൻ മൈതാനത്തു കുർബാന അർപ്പണത്തിനെത്തിയ പതിനായിരങ്ങളെ കാണാൻ ‘പാപ്പ മൊബീലിൽ’ പലവട്ടം മൈതാനത്തു ചുറ്റിസഞ്ചരിച്ച ശേഷമാണു വേദിയിൽ കയറിയത്.

സ്നേഹവും സഹിഷ്ണുതയും ഉൾപ്പെടെ ശ്രീബുദ്ധൻ പഠിപ്പിച്ച പാഠങ്ങൾ തന്നെയാണു ക്രിസ്തുമതത്തിന്റെയും സന്ദേശമെന്നു ബുദ്ധഭിക്ഷുക്കളുടെ പരമോന്നത കൗൺസിലായ സംഘയിൽ നടത്തിയ പ്രസംഗത്തിൽ മാർപാപ്പ പറഞ്ഞു. അനീതിയെ നീതികൊണ്ടും അസത്യത്തെ സത്യം കൊണ്ടും നേരിടാൻ ബുദ്ധമതം പഠിപ്പിക്കുന്നു. സമാനമായ പ്രബോധനം ഫ്രാൻസിസ് അസീസിയും നടത്തിയെന്നു പാപ്പ പറഞ്ഞു.

രോഹിൻഗ്യ പ്രശ്നം പറയാതിരിക്കണം എന്നു മ്യാൻമറിലെ‌ ‌കത്തോലിക്കാ സഭാനേതൃത്വം മാർപാപ്പയോട് അഭ്യർഥിച്ചിരുന്നു. ജനസംഖ്യയുടെ ഒരു ശതമാനം മാത്രമുള്ള ന്യൂനപക്ഷ കത്തോലിക്കരുടെ സുരക്ഷയെ ബാധിക്കുമെന്നായിരുന്നു അവരുടെ ആശങ്ക. രോഹിൻഗ്യ പ്രശ്നം അദ്ദേഹത്തിന് ഉന്നയിക്കേണ്ടി വന്നില്ല. അതിനു മുതിർന്നതു മ്യാൻമർ സ്റ്റേറ്റ് കൗൺസിലർ ഓങ് സാൻ സൂ ചി തന്നെയാണ്. ‘റഖൈൻ (രോഹിൻഗ്യ) മേഖലയിലെ പ്രശ്നം ആഗോളശ്രദ്ധ നേടിയിരിക്കുന്നു’വെന്നായിരുന്നു അവരുടെ മുൻകൂർ കുറ്റസമ്മതം. ത്രിദിന സന്ദർശനത്തിനായി മാർപാപ്പ ഇന്ന് ഉച്ചയ്ക്കു ശേഷം ബംഗ്ലദേശിലെത്തും.