Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാതാപിതാക്കളും മക്കളും ചാവേറുകളായി; ഇന്തൊനീഷ്യയിൽ മൂന്നു ക്രിസ്ത്യൻ പള്ളികളിൽ 13 മരണം

blast at the Pentecost Church in Surabaya ഇന്തൊനീഷ്യയിലെ സുരബായയിൽ ക്രിസ്ത്യൻ ആരാധനാലയത്തിന്റെ പാർക്കിങ് സ്ഥലത്തുണ്ടായ സ്ഫോടനത്തിൽ കത്തുന്ന ഇരുചക്ര വാഹനങ്ങൾ.

സുരബായ∙ ഇന്തൊനീഷ്യയിലെ കിഴക്കൻജാവ പ്രവിശ്യയിൽ മൂന്നു ക്രിസ്ത്യൻ പള്ളികളിൽ ഒരു കുടുംബത്തിലെ മാതാപിതാക്കളും നാലു മക്കളും ചേർന്നു നടത്തിയ ചാവേറാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. 41 പേർക്കു പരുക്കേറ്റു.

സിറിയയിൽനിന്നു മടങ്ങിയെത്തിയ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) അനുഭാവികളാണ് ആക്രമണം നടത്തിയതെന്നു പൊലീസ് പറഞ്ഞു. ഇവർ നാട്ടിൽ ജെമ അൻഷറൂത്ത് ദൗല (ജെഎഡി) എന്ന ഭീകരസംഘടനയുടെ ഭാഗമായാണു പ്രവർത്തിച്ചിരുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു.

സെന്റ് മേരീസ് റോമൻ കാത്തലിക് പള്ളിയിൽ ഞായറാഴ്ച രാവിലെ ഒന്നാമത്തെ കുർബാനയ്ക്കു ശേഷമായിരുന്നു ആദ്യ ആക്രമണം. ബോംബുകൾ മടിയിൽവച്ചു ബൈക്കിലെത്തിയ പതിനെട്ടും പതിനാറും വയസ്സുള്ള രണ്ട് ആൺമക്കളാണു ചാവേറുകളായത്. നാലുപേർ കൊല്ലപ്പെട്ടു. മിനിറ്റുകൾക്കകം ദിപൊനെഗൊരൊ പള്ളിയിൽ മാതാവും പന്ത്രണ്ടും ഒൻപതും വയസ്സുള്ള പെൺമക്കളും ബാഗിൽ കൊണ്ടുവന്ന സ്ഫോടകവസ്തുക്കളുമായി തള്ളിക്കയറി പൊട്ടിത്തെറിച്ചു.

സ്ഫോടകവസ്തുക്കൾ നിറച്ച കാർ പെന്തക്കോസ്ത് പള്ളിയുടെ കവാടത്തിലേക്ക് ഇടിച്ചുകയറ്റിയായിരുന്നു പിതാവിന്റെ ആക്രമണം.

ജെഎഡി ഭീകരശൃംഖലയെക്കുറിച്ചു കൂടുതൽ അന്വേഷണം നടത്താൻ ഇന്തൊനീഷ്യൻ പ്രസിഡന്റ് ജോകോ വിദോദോ ഉത്തരവിട്ടു. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെ ഭീകരപട്ടികയിലുള്ളതാണ് ഈ സംഘടന. രാജ്യത്തെ ഭീകരാക്രമണങ്ങളിൽ ഏറ്റവും വലുതാണിത്. ജക്കാർത്തയിലെ അതിസുരക്ഷാ ജയിലിൽ ഈ മാസം ആദ്യമുണ്ടായ ഏറ്റുമുട്ടലിന്റെ തുടർസംഭവമാണിതെന്നു സംശയിക്കുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. അന്ന് ഭീകരക്കുറ്റവാളികൾ അഞ്ചു ജയിൽ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തി.

ഇന്തൊനീഷ്യയെ വിറപ്പിച്ച് ഭീകരർ

മു‍ൻ ആക്രമണങ്ങൾ

2016–ജക്കാർത്തയിൽ ഐഎസ് സ്ഫോടനങ്ങളിലും വെടിവയ്പിലും നാലു മരണം

2002–ബാലിയിലെ നിശാക്ലബിൽ അൽ ഖായിദ ബോംബാക്രമണത്തിൽ 200 മരണം

2000–ജക്കാർത്തയിലെ പള്ളികളിൽ ഒരേസമയം നടന്ന ആക്രമണങ്ങളിൽ 20 മരണം