Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാലു നിലകൾ പിടിച്ചുകയറി കുട്ടിയെ രക്ഷിച്ച ‘സ്പൈഡർമാന്’ ഫ്രഞ്ച് പൗരത്വം

malian-Superman

പാരിസ്∙ അപാർട്മെന്റിന്റെ നാലാം നിലയിലെ മട്ടുപ്പാവിന്റെ അഴികളിൽ തൂങ്ങിക്കിടന്ന നാലുവയസ്സുള്ള കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തിയ കുടിയേറ്റക്കാരൻ യുവാവിനു പൗരത്വം നൽകി ഫ്രഞ്ച് സർക്കാരിന്റെ ആദരം. ഓരോ നിലയും കൈകൾകൊണ്ട് അള്ളിപ്പിടിച്ചുകയറിയ മാലി സ്വദേശിയായ മമൂദ് ഗസ്സാമ (22) നാൽപതു സെക്കൻഡ് കൊണ്ട് നാലാം നിലയിലെത്തി കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു.

‘സ്പൈഡർമാൻ’ ശൈലിയിലുള്ള രക്ഷാപ്രവർത്തനത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ യുവാവ് ഫ്രാൻസിന്റെ വീരനായകനായി. പ്രസിഡന്റ് ഇമ്മാനുവൽ മക്രോ ഫെയ്‌സ് ബുക് പേജിൽ വിഡിയോ പങ്കിട്ടു. ഇന്നലെ രാവിലെ പ്രസിഡന്റിന്റെ വസതിയിലേക്ക് ക്ഷണിച്ചുവരുത്തിയ ഗസ്സാമയ്ക്ക് ധീരതയ്ക്കുള്ള മെഡൽ സമ്മാനിച്ചശേഷമാണു ഫ്രഞ്ച് പൗരത്വം മക്രോ വാഗ്ദാനം ചെയ്തത്. അഗ്നിശമന സേനയിൽ ജോലിയും ഉറപ്പുനൽകി.

ശനിയാഴ്ച വൈകിട്ടാണു സംഭവം. മട്ടുപ്പാവിന്റെ അഴികളിൽ തൂങ്ങിക്കിടന്ന കുട്ടിയെക്കണ്ട് എന്തു ചെയ്യണമെന്നറിയാതെ താഴെ ആളുകൾ കൂടിനിന്നപ്പോഴാണു ഗസ്സാമ അതുവഴി വന്നത്. അഗ്നിശമനസേന പാഞ്ഞെത്തുമ്പോഴേക്കും യുവാവ് കുഞ്ഞിനെ രക്ഷപ്പെടുത്തിയിരുന്നു. കുട്ടി അപകടത്തിൽപ്പെടുമ്പോൾ ഫ്ലാറ്റിൽ മാതാപിതാക്കളുണ്ടായിരുന്നില്ല.

അനധികൃത കുടിയേറ്റക്കാരനായി കഴിഞ്ഞവർഷം സെപ്റ്റംബറിൽ പാരിസിലെത്തിയ ഗസ്സാമ കുടിയേറ്റക്കാരുടെ ഹോസ്റ്റലിലാണു താമസം.