Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഷറഫിന്റെ പാസ്പോർട്ടും തിരിച്ചറിയൽ കാർഡും തടഞ്ഞുവയ്ക്കും

Pervez Musharraf

ഇസ്‍ലാമാബാദ്∙ മുൻ പ്രസിഡന്റ് പർവേശ് മുഷറഫിന്റെ തിരിച്ചറിയൽ കാർഡും പാസ്പോർട്ടും തടഞ്ഞുവയ്ക്കാൻ പാക്കിസ്ഥാൻ സർക്കാർ ആഭ്യന്തര മന്ത്രാലയത്തിനു നിർദേശം നൽകി. പ്രത്യേക കോടതി ഉത്തരവിനെ തുടർന്നാണിത്. ഇതോടെ ദുബായിൽ കഴിയുന്ന മുഷറഫിനു മറ്റു രാജ്യങ്ങളിലേക്കു പോകാനോ ബാങ്ക് ഇടപാടുകൾ നടത്താനോ കഴിയില്ല.

പാക്കിസ്ഥാനിലോ വിദേശത്തോ വസ്തുവകകൾ വാങ്ങാനോ വിൽക്കാനോ വിലക്കുണ്ട്. 2007ൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട മുഷറഫിനെ അറസ്റ്റ് ചെയ്യാനും സ്വത്തുക്കൾ കണ്ടുകെട്ടാനും പ്രത്യേക കോടതി ഉത്തവിട്ടിരുന്നു. അറസ്റ്റിന് ഇന്റർപോളിന്റെ സഹായം തേടാനും ആഭ്യന്തര മന്ത്രാലയത്തോടു നിർദേശിച്ചിരുന്നു.

കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് ഇപ്പോഴത്തെ നടപടി. 1999 മുതൽ 2008 വരെ പാക്ക് ഭരണാധികാരിയായിരുന്ന മുഷറഫിനെതിരെ മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയെ വധിച്ചതുൾപ്പെടെ ഒട്ടേറെ ക്രിമിനൽ കേസുകളുണ്ട്.