Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എച്ച്1ബി വീസ: തിരസ്കരിക്കപ്പെട്ടത് ലക്ഷത്തിലേറെ അപേക്ഷകൾ

H1B Visa Representational image

വാഷിങ്ടൻ∙ ഏപ്രിലി‍ൽ നടത്തിയ കംപ്യൂട്ടർ അധിഷ്ഠിത തിരഞ്ഞെടുപ്പിൽ തിരസ്കരിക്കപ്പെട്ട ലക്ഷത്തിലേറെ എച്ച്1–ബി വീസ അപേക്ഷകൾ തിരിച്ചയച്ചതായി യുഎസ് അധികൃതർ. ഒക്ടോബർ ഒന്നിനു തുടങ്ങുന്ന 2019 സാമ്പത്തിക വർഷത്തിലേക്കുള്ള വീസ അപേക്ഷകളാണ് ഇവ. വിദേശങ്ങളിൽനിന്നുള്ള സാങ്കേതിക നൈപുണ്യമുള്ളവരെ ജോലിക്കെടുക്കാൻ അമേരിക്കൻ കമ്പനികളെ അനുവദിക്കുന്ന വീസയാണ് എച്ച്1–ബി.

ഇന്ത്യ, ചൈന എന്നിവിടങ്ങളിൽ നിന്ന് ആയിരക്കണക്കിനു ജീവനക്കാരെ ഇപ്രകാരം എടുക്കാൻ‌ യുഎസ് കമ്പനികൾക്ക് കഴിഞ്ഞിരുന്നു. ജനറൽ വിഭാഗത്തിൽ 94,213 അപേക്ഷകളും, അഡ്വാൻസ്ഡ് ഡിഗ്രി വിഭാഗത്തിൽ 95,885 അപേക്ഷകളും ഇത്തവണ ലഭിച്ചിരുന്നു. ഇവയിൽ ജനറൽ വിഭാഗത്തിൽ 65,000 പേർക്കും അഡ്വാൻസ്ഡ് വിഭാഗത്തിൽ 20,000 പേർക്കും വീസ നൽകാനേ വ്യവസ്ഥയുള്ളൂ. ഇതുമൂലമാണു കംപ്യൂട്ടർ അധിഷ്ഠിത തിരഞ്ഞെടുപ്പ് നടത്തിയത്.

ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമാണ് ഏറ്റവും കൂടുതൽ എച്ച്1–ബി അപേക്ഷകൾ ലഭിക്കുന്നത്. 2007–17 കാലയളവിൽ 22 ലക്ഷം ഇന്ത്യക്കാരുടെ അപേക്ഷകൾ തങ്ങൾക്കു ലഭിച്ചതായി അമേരിക്കൻ അധികൃതർ പറയുന്നു. നിരസിക്കപ്പെട്ടതിൽ ഏറെയും ഇന്ത്യക്കാരുടെ അപേക്ഷ എച്ച്1–ബി വീസയ്ക്കുള്ള ഇന്ത്യക്കാരുടെ അപേക്ഷകൾ കൂടുതലായി തിരസ്കരിച്ചെന്ന് അമേരിക്കൻ സ്ഥാപനത്തിന്റെ പഠനം. തെളിവുകൾ നൽകാൻ ആവശ്യപ്പെട്ടുള്ള ചോദ്യങ്ങളും ഇന്ത്യക്കാർക്കു കൂടുതലായി നേരിടേണ്ടി വന്നെന്നു നാഷനൽ ഫൗണ്ടേഷൻ ഫോർ അമേരിക്കൻ പോളിസിയുടെ റിപ്പോർട്ടിൽ പറയുന്നു.

2017 സാമ്പത്തിക വർഷത്തിൽ ലഭിച്ച അപേക്ഷകൾ പശ്ചാത്തലമാക്കിയാണു പഠനം. 2017 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ അപേക്ഷിച്ച ഇന്ത്യക്കാരിൽ 72 ശതമാനം പേർക്കും തെളിവ് ആവശ്യപ്പെട്ടുള്ള ചോദ്യം നേരിടേണ്ടിവന്നു. മറ്റു രാജ്യങ്ങളിലെ അപേക്ഷകരിൽ 61 ശതമാനം പേരാണ് ഇതു നേരിട്ടത്. 2017 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ നിന്നു നാലാം പാദത്തിലേക്ക് എത്തിയപ്പോൾ ഇന്ത്യൻ അപേക്ഷകരുടെ തിരസ്കരണത്തിൽ 42 ശതമാനം വർധനയുണ്ടായി.