Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാർലമെന്റ് പിരിച്ചുവിട്ടു; ശ്രീലങ്ക തിരഞ്ഞെടുപ്പിലേക്ക്

Mahinda-Rajapaksa-Maithripala-Sirisena-Ranil-Wickramasinghe

കൊളംബോ ∙ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതോടെ, ശ്രീലങ്ക പ്രസിഡന്റ് മൈത്രിപാല സിരിസേന പാർലമെന്റ് പിരിച്ചുവിട്ടു. 225 അംഗ പാർലമെന്റിലേക്ക് ജനുവരി ആദ്യം തിരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണു സൂചന. ഇന്നലെ അർധരാത്രി മുതൽ പാർലമെന്റ് പിരിച്ചുവിട്ടതായാണു വിജ്ഞാപനം. കാലാവധി തീരാൻ 2 വർഷത്തോളം ബാക്കിയുള്ളപ്പോഴാണ് വീണ്ടും തിരഞ്ഞെടുപ്പ്.

കഴിഞ്ഞ മാസം റനിൽ വിക്രമസിംഗെയെ പുറത്താക്കി, പ്രതിപക്ഷ നേതാവായ രാജപക്ഷെയെ സിരിസേന പ്രധാനമന്ത്രിയായി നിയമിച്ചതോടെയാണു അനിശ്ചിതത്വം ഉടലെടുത്തത്. 

രാജപക്ഷെയെ പിന്തുണയ്ക്കണമെന്ന പ്രസിഡന്റ് സിരിസേനയുടെ ആവശ്യം തമിഴ് പാർട്ടികൾ തള്ളിയതോടെ ഭൂരിപക്ഷം തെളിയിക്കാമെന്ന പ്രതീക്ഷയ്ക്കു മങ്ങലേറ്റിരുന്നു. സഭയിൽ ഭൂരിപക്ഷത്തിനു രാജപക്ഷെക്ക് 8 അംഗങ്ങളുടെ പിന്തുണ കൂടി ആവശ്യമുണ്ടായിരുന്നു. 

വിക്രമസിംഗെയെ പുറത്താക്കിയ ഭരണഘടനാവിരുദ്ധ നടപടി സാധൂകരിക്കാനാവില്ലെന്നു തമിഴ് ദേശീയ സഖ്യം (ടിഎൻഎ) നേതാക്കൾ സിരിസേനയെ അറിയിച്ചിരുന്നു. രാജപക്ഷെ പ്രസിഡന്റായിരിക്കെ തമിഴ്‌പുലികൾക്കെതിരെ നടന്ന അന്തിമ സൈനികനടപടിയിൽ വ്യാപകമായ മനുഷ്യാവകാശലംഘനം നടന്നതാണ് തമിഴ്പാർട്ടികളുടെ കടുത്ത എതിർപ്പിനു കാരണമായത്. 

സർക്കാരിന്റെ ഭാഗമാകാൻ പ്രസിഡന്റ് ആവശ്യപ്പെട്ടതു തള്ളിക്കളഞ്ഞതായി തമിഴ് ന്യൂനപക്ഷ പാർട്ടികളൊന്നിന്റെ നേതാവും മുൻ മന്ത്രിയുമായ മനോഗണേശൻ പറഞ്ഞു.