Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പറയുന്നത് പുരുഷഭേദം ആകരുത്; ലിംഗ നിഷ്പക്ഷ പദങ്ങൾക്കായി യൂറോപ്യൻ പാർലമെന്റ്

ലണ്ടൻ ∙ സ്ത്രീ, പുരുഷ വ്യത്യാസം പ്രകടമാക്കാത്ത നിഷ്പക്ഷ പദങ്ങൾക്കും വിശേഷണങ്ങൾക്കുമായി യൂറോപ്യൻ രാജ്യങ്ങളുടെ കൂട്ടായ്മ. യൂറോപ്യൻ യൂണിയന്റെ (ഇയു) പാർലമെന്ററി വിഭാഗമാണ് അംഗരാജ്യങ്ങൾക്കായി മാർഗരേഖ പുറത്തിറക്കിയത്. കത്തിടപാടുകളിലും നിയമനിർമാണത്തിലും വ്യാഖ്യാനങ്ങളിലും പരമ്പരാഗതമായി ഉപയോഗിച്ചുപോരുന്ന പുല്ലിംഗ പദങ്ങൾ ഒഴിവാക്കാനാണു നിർദേശം.

മാൻകൈൻഡ് എന്നതിനു പകരം ‘ഹ്യുമാനിറ്റി’, മാൻപവറിനു പകരം സ്റ്റാഫ് എന്നിങ്ങനെ വിശദമായ പദസൂചികയും നൽകിയിട്ടുണ്ട്. രാഷ്ട്രീയ നേതാക്കളെ സൂചിപ്പിക്കാനുള്ള ‘സ്റ്റേറ്റ്സ്മെൻ’ എന്ന വാക്കിൽ ‘പുരുഷന്മാരുള്ള’തിനാൽ ഇനി മുതൽ ‘പൊളിറ്റിക്കൽ ലീഡേഴ്സ്’ എന്നു മതി. അധ്യക്ഷപദത്തിനുള്ള ചെയർമാൻ ‘ചെയർ’ എന്നു മാത്രം പറയാം. ചെയർപേഴ്സൻ എന്ന പദം കൂടുതലായും വനിതകളെ സൂചിപ്പിക്കുന്നതായതിനാലാണ് അതും ഒഴിവാക്കി ലിംഗ നിഷ്പക്ഷമായ ‘ചെയർ’. മനുഷ്യനിർമിതം എന്നു പറയാനുള്ള മാൻ–മേഡ് എന്ന വാക്കിനു പോലും പകരം പദം ചൂണ്ടിക്കാട്ടിയിട്ടുണ്ട്– ‘ആർട്ടിഫിഷൽ’ അല്ലെങ്കിൽ ‘സിന്തറ്റിക്’.