Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എല്ലാ തടസ്സങ്ങളും മാറി വിവാഹം നടക്കും, ഈ ക്ഷേത്രത്തിൽ പൂജ ചെയ്താൽ!

Thirumandhamkunnu Temple

മംഗല്യ തടസം മൂലം ദുഃഖിക്കുന്നവർ ഇവിടെ തുടർച്ചയായി മംഗല്യപൂജ നടത്താം എന്ന് നേർന്നാൽ രണ്ടാമത്തെ പൂജയ്ക്ക് മുൻപ് ഭൂരിപക്ഷം പേരുടെയും വിവാഹം നടക്കാറാണ് പതിവ്. വിവാഹം കഴിഞ്ഞാലും മുടങ്ങാതെ അത് നടത്തുകയും വേണം. അപൂർവം ചിലർക്ക് മാത്രമാണ് മൂന്ന് പൂജയും ചെയ്ത ശേഷം വിവാഹം നടക്കുന്നത്. വർഷത്തിൽ ഒന്ന് എന്ന രീതിയിൽ മൂന്ന് വർഷം തുടർച്ച യായാണ് മാംഗല്യപൂജ നടത്തേണ്ടത്.

മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്തുള്ള തിരുമാന്ധാംകുന്നിലാണ് ഈ പൂജ നടക്കുന്നത്. തിരുമാന്ധാം കുന്നിൽ പ്രധാന പ്രതിഷ്ഠ ശിവനാണെങ്കിലും മറ്റ് പല ക്ഷേത്രങ്ങളിലെയും പോലെ ദേവിക്കാണ് പ്രാധാന്യവും പ്രശസ്തിയും. തിരുമാന്ധാം കുന്നിനെ ആദ്യം തിരുമാനാംകുന്ന് എന്നായിരുന്നു അറിയപ്പെട്ടിരുന്നത് എന്നൊരു കഥയും ഉണ്ട്.

ശ്രീമൂലസ്ഥാനത്തെ ഗണപതിക്ക് വലിയ സ്ഥാനമാണ് ഈ ക്ഷേത്രത്തിൽ. ഇവിടെ തൊഴുത് പ്രാർഥിച്ചശേഷമേ അകത്ത് പ്രവേശിക്കാവൂ.  മംഗല്യപൂജ നടത്തുന്നതും ഗണപതിക്കാണ്. വിഘ്നേശ്വരൻ എല്ലാ തടസ്സങ്ങളും മാറ്റിത്തരുന്നതായാണ് വിശ്വാസം. ഗണപതിക്ക് കദളിപ്പഴം, അപ്പം, അട, പായസം തുടങ്ങിയവ നിവേദിക്കുന്നു. എല്ലാ ആഴ്ചകളിലും ഞായർ, ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് മംഗല്യപൂജ. സ്ത്രീ പുരുഷ ഭേദമില്ല, എല്ലാ ജാതി, മത വിഭാഗത്തിൽ പെട്ടവർക്കും ഈ പൂജ നടത്താം. 

മംഗല്യപൂജയ്ക്ക് രാവിലെ ഒൻപതിന്  മുന്‍പ്  ക്ഷേത്രത്തിൽ എത്തിച്ചേരണം. പൂജയിൽ പങ്കെടുക്കാൻ മുൻകൂട്ടി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്. പൂജ കഴിഞ്ഞ് പ്രസാദം വാങ്ങി വേണം മടങ്ങാൻ. ശ്രീപാർവ്വതി പൂജിച്ചിരുന്നത് എന്ന് വിശ്വസിക്കുന്ന ശിവലിംഗമാണ് ഇവിടുത്തെ പ്രതിഷ്ഠ. 

തിരുമാന്ധാംകുന്നിലമ്മയുടെ വിഗ്രഹം വരിക്കപ്ലാവിന്റെ തടികൊണ്ട് നിർമ്മിച്ചതാണ്. ഏതാണ്ട്  ആറരയടിയോളം വലിപ്പമുണ്ട്. മാതൃശിലയിൽ സപ്തമാതൃക്കളും ഉണ്ട്.  ക്ഷേത്രപാലന്റെയും ശ്രീമൂലസ്ഥാനത്തെയും പ്രതിഷ്ഠകൾക്ക് പുറമേ ശിവന്റെയും നാഗങ്ങളുടെയും ബ്രഹ്മരക്ഷ സ്സിന്റെയും പ്രതിഷ്ഠകളുണ്ട്. കൂടാതെ വടക്കേ നടയിൽ ആൽ മരച്ചുവട്ടിൽ മഹാഗണപതിയും ഉണ്ട്. 

വസൂരി പോലുള്ള മാറാരോഗങ്ങൾ പടർന്നിരുന്ന കാലങ്ങളിൽ ദേവീ ഭജനം നടത്തിയാൽ രോഗം ഭേദമാകും എന്ന് വിശ്വസിച്ചിരുന്നു. പൂന്താനത്തിന് രോഗം വന്നപ്പോൾ ഇവിടെ ഭജിച്ചാണ് രോഗം ഭേദമായത് എന്നാണ് ഐതീഹ്യം. തിരുമാന്ധാംകുന്ന് ഭദ്രകാളിക്ഷേത്രം പെരിന്തല്‍ മണ്ണയിൽ നിന്നും കോഴിക്കോട് റോഡിലൂടെ മൂന്ന് കിലോമീറ്റർ ദൂരത്താണ്.  ഹൈവേയിൽ നിന്നും നോക്കിയാൽ കാണാവുന്ന അകലെയാണ് . ഒരു െചറിയ കുന്നിനു മുകളിലാണ് ക്ഷേത്രം. തെക്കേ നടകയറി എത്തുമ്പോൾ കിഴക്കോട്ട് അഭിമുഖമായി കാണുന്ന ശ്രീമൂല സ്ഥാനത്ത് വേണം ആദ്യം തൊഴുത് പ്രാർഥിക്കേണ്ടത്. തുടർന്ന് ഗണപതിയെയും തൊഴുത് വടക്കേ നടയിലെത്താം. വടക്കേ ബലിക്കൽപുരയിലൂടെ നാലമ്പലത്തിനുള്ളിൽ പ്രവേശിച്ച് ദേവിയെ തൊഴാം. ഒരു കാലത്ത് മൃഗബലി, ഗുരുതി തുടങ്ങിയ ആചാരങ്ങൾ ഉണ്ടായിരുന്ന ക്ഷേത്രമാണിത്. തിരുമാന്ധാം കുന്ന് എന്നായിരുന്നു ഒരു കാലത്ത് ഈ കുന്നിന്റെ പേര് എന്നും പറയപ്പെടുന്നു. 

തിരുമാന്ധാം കുന്നിലമ്മയോട് പിണങ്ങി പോയ സഹോദരിയാണ് കൊടുങ്ങല്ലൂർ അമ്മ എന്ന വിശ്വാസവും നിലവിലുണ്ട്. ഇവിടെ തൊഴുതു മടങ്ങുന്നവർ കൊടുങ്ങല്ലൂരിൽ പോയി തൊഴുവാൻ പാടില്ല എന്നും ഒരു വിശ്വാസമുണ്ട്. തിരുമാന്ധാംകുന്നിലെ പോലെ ആണ് കൊടുങ്ങല്ലൂരിലും പ്ലാവിൻ തടിയിൽ നിർമ്മിച്ച വിഗ്രഹമാണ്. ചാന്താട്ടം എല്ലാ വർഷവും നടത്തുന്നത് കൊണ്ടാണ് അത് കറുത്ത നിറത്തിൽ കാണപ്പെടുന്നത്. കൊടുങ്ങല്ലൂരില്ലും പുരാതനമായ ക്ഷേത്രമാണ് തിരുമാന്ധാം കുന്ന്. 

രാവിലെ അഞ്ചു മണിക്ക് ശംഖു നാദത്തോടെ ശിവന്റെ നടയിലും മാതൃശിലയിലും ശ്രീമൂലസ്ഥാനത്തും അഭിഷേകവും മലർ നിവേദ്യവും തൃമധുര നിവേദ്യവും നടത്തുന്നു. 11.30 ന് ഉച്ചയൂണു കഴിഞ്ഞ് നടയടയ്ക്കും. വൈകിട്ട് 4.30 ന് നടതുറന്ന് അത്താഴ പൂജ കഴിഞ്ഞ് 8 മണിക്ക് നട അടയ്ക്കും. 

വൃശ്ചികം 1 മുതൽ മീനമാസം വരെ കളം പാട്ടും, മീനമാസത്തിൽ മകയിരം നാൾ  തൊട്ട് 11 ദിവസം പൂരം ഉത്സവവും നടക്കുന്നു. തുലാം മാസത്തിലെ മുപ്പെട്ടു വെള്ളിയാഴ്ചയിലെ (മലയാളത്തിലെ ആദ്യ വെള്ളിയാഴ്ച) മഹാമാംഗല്യ പൂജയും വിശേഷമാണ്. 

തിരുമാന്ധാംകുന്നിലമ്മയ്ക്ക് ഏറ്റവും പ്രിയപ്പെട്ട വഴിപാടാണ് ചാന്താട്ടം. മിഥുനം, കർക്കടകം മാസങ്ങളിലാണ് ഇതു നടന്നു വരുന്നത്. തുലാം മാസം ഒന്നാം തീയതിയും കറുത്തവാവിനും രാവിലെ പന്തീരടി പൂജയ്ക്ക് മുൻപ് ഭക്തജനങ്ങൾ വടക്കേ നടയിൽ പത്തു നടയുടെ മുകളിലും താഴെയുമായി ചേരിതിരിഞ്ഞ് ആട്ടങ്ങ എറിയുന്നു ക്ഷേത്രോൽ പ്പത്തിയുടെ കാലം മുതൽ ഉള്ള ഒരു ഐതീഹ്യമായി ബന്ധപ്പെ ട്ടതാണിത്. പാർവ്വതി ദേവീ പൂജിച്ചിരുന്ന വിഗ്രഹം തിരിച്ചെടു ക്കാൻ എത്തിയ ഭദ്രകാളിയുടെയും തിരുമാന്ധാവിന്റെയും ആളുകൾ തമ്മിൽ യുദ്ധമുണ്ടായപ്പോൾ ശിവനും പാർവ്വതിയും പ്രത്യക്ഷപ്പെട്ടു എന്നാണ് വിശ്വാസം. 

ഇന്ന് ക്ഷേത്രത്തിൽ ഏറ്റവും അധികം ആളുകൾ എത്തുന്നത് മംഗല്യപൂജ കഴിക്കാനാണ് എന്നതാണിവിടത്തെ പ്രത്യേകത. 

ക്ഷേത്രത്തെക്കുറിച്ചറിയാൻ

തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം

പി.ബി. നമ്പർ 5

അങ്ങാടിപ്പുറം–679321

മലപ്പുറം

ഫോൺ 04933 258820,258555,258820

ഫാക്സ്: 04933–253820

email – manager@thirumandhamkunnutemple.com

ലേഖകൻ

Dr. P. B. Rajesh ,Rama Nivas, Poovathum parambil,  Near ESI  Dispensary Eloor East , Udyogamandal.P.O, Ernakulam 683501. email : rajeshastro1963@gmail.com. Phone : 9846033337, 0484 2603643

Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions