Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയിച്ചാലും തോറ്റാലും കാശുണ്ടാക്കാം!

cost accounting

ഞാൻ ഇപ്പോൾ പഠിക്കുന്നത് ഏറ്റവും മികച്ച കോഴ്സാണ്. പഠനച്ചെലവാകട്ടെ വളരെ കുറവും. വിജയിച്ചാൽ നല്ല ജോലിയും കിട്ടും. അതിനാൽ മാതാപിതാക്കൾ എന്റെ ഉന്നതപഠനത്തിനായി കരുതിയ 10 ലക്ഷം രൂപ ആവശ്യം വന്നില്ല. അതു നിക്ഷേപിച്ചതുവഴി വർഷം  മൂന്നു ലക്ഷത്തോളം രൂപയുടെ വരുമാനവും എനിക്കു ലഭിക്കുന്നു. ഇതു മേഴ്സി ഡേവിസ്. മക്കളെ പഠിപ്പിക്കാൻ പണം ഇല്ലാതെ വലയുന്നവർക്കു മുന്നിൽ, വിദ്യാഭ്യാസ വായ്പ എടുത്ത് കടക്കെണിയിലായ കേരളത്തിനു മുന്നിൽ, സ്വന്തം അനുഭവം പങ്കുവയ്ക്കുകയാണ് ഈ ഇരുപത്തിരണ്ടുകാരി.

കാര്യമായ ചെലവില്ലാത്ത മൂന്നു കോഴ്സുകളാണ് ഈ മിടുക്കി ഒരേ സമയം പഠിക്കുന്നത്. കമ്പനി സെക്രട്ടറി കോഴ്സ് അവസാന വർഷം. ഒപ്പം സിഎയ്ക്കും കോസ്റ്റ് അക്കൗണ്ടൻസിക്കും ഇന്റർമീഡിയറ്റിനു പഠിക്കുന്നു.​

സൂപ്പർ സ്െപഷലിസ്റ്റുകൾ
ഈ കോഴ്സുകൾ പഠിച്ചവരിൽ ബഹുഭൂരിപക്ഷവും കോടീശ്വരൻമാരാണ്. സാമ്പത്തികരംഗത്തെ എല്ലാ വിഷയങ്ങളും പഠിക്കണം. നിയമാനുസൃതം എങ്ങനെ സമ്പാദിക്കാം എന്നതും പഠനവിഷയമാണ്. അതായത് സാമ്പത്തിക വിഷയത്തിൽ സൂപ്പർ സ്പെഷലിസ്റ്റുകളാണ് ഇവർ. അതുകൊണ്ടു തന്നെ കൃത്യമായി സമ്പാദിക്കാനും സമ്പാദ്യം വിനിയോഗിക്കാനും ഇവർക്കു ശേഷിയുണ്ട്.

സാധ്യതകൾ പലതരത്തിൽ
തോറ്റാലും ജയിച്ചാലും മൂന്നു കോഴ്സിനും സാധ്യതകൾ പലതാണ്. വിജയകരമായി പൂർത്തിയാക്കുന്നവർക്കു ജോലി നേടാം. തോറ്റാലും വരുമാനമുണ്ടാക്കാനുള്ള അവസരങ്ങളുണ്ട്.

1.കോഴ്സ് പാസായവർ കുറവാണ്. അതിനാൽ പാസായാലുടൻ നല്ല ശമ്പളത്തിൽ ജോലി ഉറപ്പ്. 

2.ജോലിക്കു പോകാൻ താൽപര്യമില്ലെങ്കിൽ പ്രൈവറ്റ് പ്രാക്ടീസ് വഴി നല്ല വരുമാനം. കൺസൾട്ടൻസി സേവനവും സാധ്യമാണ്. 

3.ഓഹരി, കമോഡിറ്റി, മണി മാർക്കറ്റ് വിപണികൾ അടക്കം ഏതു ധനകാര്യ ഉപകരണങ്ങളിലും ഇടപാടു നടത്തിയും സമ്പത്തു സൃഷ്ടിക്കാം. 

4.സ്വന്തം സംരംഭം തുടങ്ങാം, വിജയിപ്പിക്കാം. സമാനയോഗ്യതയുള്ളവരെ പങ്കാളിയാക്കാൻ േതടിനടക്കുന്നവർ ധാരാളമുണ്ട്.

ഒരേ സമയം മൂന്നു കോഴ്സുകൾ
ചാർട്ടേഡ് അക്കൗണ്ടന്റ്, കോസ്റ്റ് അക്കൗണ്ടന്റ്, കമ്പനി സെക്രട്ടറി എന്നിവ ഒരേ സമയം പഠിക്കാമെന്നതു പ്രധാന സവിശേഷതയാണ്. ഇവയുടെ സിലബസുകൾ ഏറക്കുറെ സമാനമാണ്. അതിനാൽ എൻട്രൻസിനും തുടർന്നു കോഴ്സിനും ഒന്നിച്ചു പഠിക്കാം. മുഴുവൻ സമയ ക്ലാസില്ല.സ്വന്തമായി, വീട്ടിലിരുന്നു പഠിക്കാം. സൗജന്യ ഇ–ലേണിങ് സൗകര്യമുണ്ട്. പഠനത്തോടൊപ്പം പ്രായോഗിക പരിശീലനം നേടാം. അതും സ്റ്റൈപൻഡ് സഹിതം.

എവിടെ പഠിക്കണം?

ഇഷ്ടമുള്ളയിടത്തു പഠിക്കാം എന്നതാണ് മെച്ചം.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങളാണ് ഓരോ കോഴ്സും ബന്ധപ്പെട്ട പരീക്ഷയും നടത്തുന്നത്. എല്ലാ സംസ്ഥാനങ്ങളിലും മിക്ക ജില്ലാ ആസ്ഥാനങ്ങളിലും ഇവയ്ക്കു ശാഖകളും ചാപ്റ്ററുകളും ഉണ്ട്. അതത് െവബ്ൈസറ്റിൽ പോയാൽ ആവശ്യമായ വിവരങ്ങൾ ലഭിക്കും.

പഠനം പല ഘട്ടങ്ങൾ
പ്ലസ്ടു ആണ് അടിസ്ഥാന യോഗ്യത. പത്താം ക്ലാസ് കഴിഞ്ഞ് കൊമേഴ്സ്, മാത്‌സ് വിഷയങ്ങൾ എടുത്തു പഠിക്കുന്നവർക്കു കൂടുതൽ സാധ്യത. പ്ലസ് ടുവിനൊപ്പം എൻട്രൻസിനും ഒരുങ്ങണം. പാസായാൽ ഇന്റർമീഡിയറ്റിനു പഠിക്കാം.

∙ ബിരുദധാരികൾക്ക് ഫൗണ്ടേഷൻ ഇല്ലാതെ നേരിട്ട് ഇന്റർമീഡിയറ്റിനു റജിസ്റ്റർ ചെയ്യാം.

∙ ഇന്റർമീഡിയറ്റ് പാസായാൽ തുടർന്നു ഫൈനൽ പരീക്ഷയ്ക്കു പഠിക്കുക. എഴുതി ജയിക്കുക.

റാങ്ക് വേണ്ട, സീറ്റും പ്രശ്നമല്ല
എൻട്രൻസിൽ മാർക്കിനും സീറ്റിനും നിയന്ത്രണം ഇല്ല. 50 ശതമാനം മാർക്കുണ്ടെങ്കിൽ മെയിൻ കോഴ്സിനു ചേരാം. പ്രായപരിധിയില്ല. എത്ര തവണ വേണമെങ്കിലും എൻട്രൻസും പരീക്ഷയും എഴുതാം. പുസ്തകങ്ങൾ സൗജന്യ ഇ–േലണിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ നൽകും. പഠനത്തോടൊപ്പം പരിശീലനവും സ്റ്റൈപൻഡും കിട്ടും. ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ് എന്നിവയില്ല. അതിനാൽ വിദ്യാഭ്യാസ വായ്പയും വേണ്ട. വർഷത്തിൽ രണ്ടു പരീക്ഷയുണ്ട്. ജില്ലാതലത്തിൽ പരീക്ഷാകേന്ദ്രങ്ങളുമുണ്ട്.

ജയിച്ചാലും തോറ്റാലും വരുമാനം
ജയിച്ചാലും തോറ്റാലുമുള്ള സാധ്യതകൾ തന്നെയാണ് ഈ മിടുക്കിയെ ഇവിടേക്കെത്തിച്ചത്. പിതാവ് പി.സി. േഡവിസ് ആണ് പ്രചോദനം. കർഷക കുടുംബത്തിലെ വിദ്യാഭ്യാസം ഇല്ലാത്ത മാതാപിതാക്കളുടെ മകനായ അദ്ദേഹത്തിന്റെ വിദ്യാഭ്യാസം സർക്കാർ സ്കൂളിലായിരുന്നു. തുടർന്ന് മൂന്നു കോഴ്സിലും ഒരേ സമയം പഠിച്ചു. ഇപ്പോൾ നല്ല ജോലി. വാർഷിക വരുമാനം 15 ലക്ഷത്തിനുമേൽ. രണ്ടു ലക്ഷത്തോളം രൂപ നികുതി അടയ്ക്കുന്നു. അമ്മ മേഴ്സി കുര്യാക്കോസ്, മൂന്നു കോഴ്സും പഠിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാൽ കിട്ടിയ അറിവ് ഉപയോഗപ്പെടുത്തി നിക്ഷേപം വഴി വർഷം രണ്ടു ലക്ഷത്തോളം രൂപ വരുമാനമുണ്ടാക്കുന്നു.

റജിസ്ട്രേഷൻ ഫീസ്
ഫൗണ്ടേഷൻ, ഇന്റർമീഡിയറ്റ്, ഫൈനൽ എന്നിങ്ങനെ മൂന്നു ഘട്ടങ്ങളാണ് ഉള്ളത്. പഠനച്ചെലവില്ലെങ്കിലും കോഴ്സിനു റജിസ്ട്രേഷൻ ഫീസ് ഉണ്ട്. ഫൗണ്ടേഷന് 6,000–8,000 രൂപ വരും. ഇന്റർമീഡിയറ്റിനും ഫൈനലിനും ഏതാണ്ട് 15,000 രൂപ വീതവും.