Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്യാറ്റില്‍ നൂറടിക്കാൻ എന്‍ജിനീയറിങ് വേണ്ട, ബികോം തന്നെ ധാരാളം

pramod-beri

എന്‍ജിനീയറിങ് പഠിച്ചവർക്കാണു ക്യാറ്റ് (കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ്) പരീക്ഷയ്ക്കു സാധ്യതയെന്നു പലരും പറയാറുണ്ട്. എല്ലാവര്‍ഷവും ക്യാറ്റില്‍ തിളങ്ങുന്ന വിജയം നേടുന്ന ബിടെക്ക് വിദ്യാർഥികള്‍ ഈ ധാരണ അരക്കിട്ട് ഉറപ്പിക്കാറുമുണ്ട്. എന്നാല്‍ ബിടെക്കിന്റെ പകിട്ടൊന്നും കൂടാതെ വന്നു ക്യാറ്റില്‍ വിജയക്കൊടി നാട്ടുന്ന ചിലരുണ്ട്. 2017ലെ ക്യാറ്റ് പരീക്ഷയ്ക്കു 100 പേര്‍സന്റൈല്‍ നേടിയ ബികോം വിദ്യാർഥി പ്രമോദ് ബേരി അക്കൂട്ടത്തില്‍പ്പെടും. പ്രമോദ് ഉള്‍പ്പെടെ മൂന്നു പേരാണ് പേരിനൊപ്പം ബിടെക് വാലില്ലാതെ ക്യാറ്റില്‍ ഇത്തവണ 100 പേര്‍സന്റൈല്‍ നേടിയത്. 

ചണ്ഡീഗഡിലെ ഗോസ്വാമി ഗണേഷ് ദത്ത സനാതന്‍ ധര്‍മ്മ കോളജിലെ അവസാന വര്‍ഷ ബികോം വിദ്യാർഥിയാണു പഗ്വാര സ്വദേശിയായ പ്രമോദ് ബേരി. വ്യാപാരിയായ ഇന്ദര്‍ജിത്ത് ബേരിയുടെയും വീട്ടമ്മയായ സുനിതാ ബേരിയുടെയും മകന്‍. കൊമേഴ്‌സ് വിഭാഗത്തില്‍ 95.8 ശതമാനം മാര്‍ക്കു നേടി പ്ലസ് ടുവിനു വിജയം. 2016 ജൂലൈയിലാണു ക്യാറ്റിനുള്ള പരിശീലനം ആരംഭിക്കുന്നത്. ചണ്ഡീഗഡിലെ സ്വകാര്യ പരിശീലന കേന്ദ്രം നല്‍കിയ പഠന സാമഗ്രികള്‍ ഉപയോഗിച്ചു കോളജു പഠനത്തിനിടെ തന്നെയായിരുന്നു തയ്യാറെടുപ്പ്.  

2017 ജനുവരിയില്‍ മോക്ക് ടെസ്റ്റുകള്‍ക്ക് ഇരിക്കാന്‍ തുടങ്ങി. മോക്ക് ടെസ്റ്റുകളാണു പരീക്ഷാ തയ്യാറെടുപ്പിന്റെ മുഖ്യ ഭാഗമെന്നും കുറഞ്ഞതു 40 മോക്ക് ടെസ്റ്റുകളിലെങ്കിലും പങ്കെടുക്കണമെന്നും പ്രമോദു പറയുന്നു. ഓരോ മോക്ക് ടെസ്റ്റു കഴിയുമ്പോഴും പിറ്റേന്ന് അഞ്ച് മണിക്കൂറോളം അതിലെ പ്രകടനം വിലയിരുത്തും. ഇത്തരത്തില്‍ അപഗ്രഥനം നടത്തുമ്പോള്‍ പോരായ്മയുള്ള മേഖലകള്‍ കണ്ടെത്തി അതില്‍ കൂടുതല്‍ ശ്രദ്ധയൂന്നി പഠിക്കും. 

ക്യാറ്റ് പരീക്ഷയുടെ പാറ്റേണ്‍ മാറിയതിനാല്‍ ക്വാണ്ടിറ്റേറ്റീവ് സെക്ഷനില്‍ ഇപ്പോള്‍ മുന്‍കാലത്തെ പോലെ സാങ്കേതിക ചോദ്യങ്ങളല്ല വരുന്നതെന്നു പ്രമോദ് പറയുന്നു. അടിസ്ഥാനപരമായ കാര്യങ്ങള്‍ ശരിക്കറിഞ്ഞു കഴിഞ്ഞാല്‍ ഇവയ്ക്ക് എളുപ്പത്തില്‍ ഉത്തരമേകാം. ദിവസവും പത്രം വായിച്ചതും സുഡോകോ കളിച്ചതും വെര്‍ബല്‍ എബിലിറ്റി, ഡേറ്റ ഇന്റര്‍പ്രട്ടേഷന്‍, ലോജിക്കല്‍ റീസണിങ് വിഭാഗങ്ങളില്‍ സഹായകമായി. കഠിനാധ്വാനമാണു പരീക്ഷാപ്പേടിയെ മറികടക്കാനുള്ള മാര്‍ഗ്ഗമെന്നും ബേരി കൂട്ടിച്ചേര്‍ക്കുന്നു. അഹമ്മദാബാദ്, ബാംഗ്ലൂര്‍, കല്‍ക്കത്ത ഐഐഎമ്മുകളിലേതിലെങ്കിലും പ്രവേശനം നേടണമെന്നാണു പ്രമോദ് ബേരിയുടെ ആഗ്രഹം. 

More Campus Updates>>