Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോളജുകളോട് ചോദിക്കാം, എത്രയാ റാങ്ക് ?

Author Details
campus-students

ഒന്നാം സ്ഥാനം നിലനിർത്തി ബെംഗളൂരു ഐഐഎസ്‌സി; ആദ്യ നൂറു റാങ്കുകളിൽ കേരള, എംജി, കൊച്ചി സർവകലാശാലകളും തിരുവനന്തപുരം ഐസറും. ഇന്ത്യയിലെ കോളജുകൾക്കും സർവകലാശാലകൾക്കുമുള്ള കേന്ദ്ര മാനവശേഷി വകുപ്പിന്റെ ഈ വർഷത്തെ റാങ്കിങ് (നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിംവർക് 2018) കണ്ടല്ലോ. വിവിധ കോളജുകളിൽ അഡ്മിഷൻ തേടാനൊരുങ്ങുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സഹായകരമാണ് ഈ പട്ടിക. വെബ്സൈറ്റ്: www.nirfindia.org

അഞ്ചു മാനദണ്ഡങ്ങൾ

ഓവറോൾ സ്കോറിനൊപ്പം അ‍ഞ്ചു മാനദണ്ഡങ്ങൾ പ്രകാരമുള്ള വെവ്വേറെ റാങ്കിങ്ങും ലഭ്യമാണ്. 

1. ടീച്ചിങ്, ലേണിങ്, റിസോഴ്സസ് (ടിഎൽആര്‍): സ്ഥാപനത്തിലെ അധ്യാപക–വിദ്യാർഥി അനുപാതം, അധ്യാപനനിലവാരം എന്നിവ അടിസ്ഥാനമാക്കിയുള്ള സൂചിക.
2. റിസർച് ആൻഡ് പ്രഫഷനൽ പ്രാക്ടീസ് (ആര്‍പി): സ്ഥാപനത്തിലെ ഗവേഷണപ്രവർത്തനങ്ങളാണു മാനദണ്ഡം. 
3. ഗ്രാജ്വേഷൻ ഔട്ട്കംസ് (ജിഒ): ബിരുദം നേടിയ വിദ്യാർഥികളുടെ തുടർജീവിതം അടിസ്ഥാനമാക്കിയുള്ള നിലവാര നിർണയം.
4. ഔട്ട്റീച്ച് ആൻഡ് ഇൻക്ലൂസിവിറ്റി: ഇതര സംസ്ഥാന, വിദേശ വിദ്യാർഥികളുടെ എണ്ണം, വിദ്യാർഥിനികളുടെ എണ്ണം തുടങ്ങിയവ മാനദണ്ഡം.
5. പെർസെപ്ഷൻ: സംരംഭകരുടെയും അധ്യാപകരുടെയും പൊതുസമൂഹത്തിന്റെയും വിലയിരുത്തൽ.

അറിയണം ജിഒ സ്കോർ
ബിരുദപഠനത്തിനു ചേരുന്നവർ ആദ്യം പരിഗണിക്കേണ്ടതു മൂന്നാമത്തെ മാനദണ്ഡമായ ഗ്രാജ്വേഷൻ ഔട്ട്കംസ് (ജിഒ) സ്കോറാണ്. അഡ്മിഷൻ ആഗ്രഹിക്കുന്ന സ്ഥാപനത്തിൽ മുൻപു പഠിച്ചവരിൽ എത്രശതമാനം പേർക്കു പ്ലേസ്മെന്റ് ലഭിച്ചു, എത്രയാണ് ശരാശരി ശമ്പളം, എത്ര പേര്‍ വൻകിട സ്ഥാപനങ്ങളിൽ ഉന്നതവിദ്യാഭ്യാസം തേടി തുടങ്ങിയ കാര്യങ്ങൾ ഇതിൽ നിന്നും മനസ്സിലാക്കാം. ടിഎൽആർ, പെർസെപ്ഷൻ റേറ്റിങ്ങുകൾക്കും പ്രാമുഖ്യം നൽകണം.

ബിരുദാനന്തര, ഗവേഷണ കോഴ്സുകൾക്കു ചേരുന്നവർ നിർബന്ധമായും പരിഗണിക്കേണ്ടത് ആർപി സ്കോറാണ്. പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധങ്ങളുടെ എണ്ണം, അവയുടെ നിലവാരം, ഫയൽ ചെയ്ത പേറ്റന്റുകൾ‌ തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചായിരിക്കും ആർപി സ്കോർ നിർണയിക്കുക‌.

ബ്രാൻഡ് നെയിമിനപ്പുറം
ബ്രാൻഡ്നെയിമിനു വലിയ വില കൊടുക്കുന്ന സമൂഹമാണു നമ്മുടേത്‍. ഐഐടി എന്നു കേട്ടാൽ സ്വർഗത്തിലെത്തിയെന്നു കരുതുന്നവരാണ് എൻജിനീയറിങ് വിദ്യാർഥികളിലധികവും. അടുത്തുള്ള നല്ല എൻഐടികളിൽ അഡ്മിഷൻ നേടാമായിരുന്നിട്ടും ബ്രാൻഡ് നെയിം മാത്രം കണക്കിലെടുത്ത് അകലെയുള്ള പുതിയ ഐഐടികൾ തിരഞ്ഞെടുക്കുന്നവരുണ്ട്. ഇതിനു മുൻപു രണ്ടുവട്ടം ആലോചിക്കണം. വിദഗ്ധ ഉപദേശം തേടണം. 

ഇത്തവണത്തെ എൻജിനീയറിങ് പട്ടികയിൽ ആദ്യ ഏഴു സ്ഥാനങ്ങളിലും മദ്രാസ് മുതൽ ഗുവാഹത്തി വരെ മികച്ച പാരമ്പര്യമുള്ള ഐഐടികൾ തന്നെയാണ്. ദക്ഷിണേന്ത്യയിലെ നാലു പ്രധാന എൻഐടികളായ ട്രിച്ചി (11), സൂറത്കൽ (21), വാറങ്കൽ (25), കോഴിക്കോട് (50) എന്നിവ ആദ്യ 50 റാങ്കുകളിലുണ്ട്. കോഴിക്കോടിനു തരക്കേടില്ലാത്ത ജിഒ സ്കോറുമുണ്ട്. 

മാനേജ്മെന്റിലും ഐഐടി
എൻജിനീയറിങ് പോലെ തന്നെ ഒട്ടേറെ വിദ്യാർഥികള്‍ പരിഗണിക്കുന്ന വിഭാഗമാണ് മാനേജ്മെന്റ്. പരമ്പരാഗതമായി ഈ മേഖലയിലെ മുൻനിര ഐഐഎമ്മുകളായ അഹമ്മദാബാദ്, ബെംഗളൂരു, കൊൽക്കത്ത, ലക്നൗ എന്നിവയ്ക്കു ശേഷം അഞ്ചാം സ്ഥാനത്തെത്തിയിരിക്കുന്നത് ഐഐടി ബോംബെയാണ്. കോഴിക്കോട് ഐഐഎം ആറാമതുണ്ട്. 

കഴിഞ്ഞ തവണ ആദ്യ അൻപതിൽ ബോംബെ ഇല്ലായിരുന്നു എന്നോർക്കണം. മാനേജ്മെന്റ് പട്ടികയിൽ മൊത്തം അഞ്ച് ഐഐടികള്‍ ഇടം പിടിച്ചിട്ടുണ്ട്. പുതുതായി ഉൾപ്പെടുത്തിയ, നിയമപഠനകേന്ദ്രങ്ങളുടെ പട്ടികയിൽ ബെംഗളൂരുവിലെ നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി ഒന്നാം സ്ഥാനം പിടിച്ചു. ആർക്കിടെക്ചർ പട്ടികയിൽ തിരുവനന്തപുരം എൻജിനീയറിങ് കോളജ് നാലാം സ്ഥാനത്താണ്. മെഡിക്കൽ പട്ടികയും ഇത്തവണയുണ്ട്. പ്രതീക്ഷിച്ചതുപോലെ ഡൽഹി എയിംസും ചണ്ഡീഗഡിലെ പിജിഐ‌എംഇആറും ഒന്നും രണ്ടും സ്ഥാനങ്ങൾ നിലനിർത്തുന്നു.

More Campus Updates>>