Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്‍ട്രൻസ് റാങ്ക് കുറഞ്ഞാലും ഫീസില്ലാതെ എൻജിനീയറിങ്ങിനു പഠിക്കാം

485372249

എൻജിനീയറിങ് എൻട്രൻസിനു കഴിഞ്ഞ വര്‍ഷം 15,000ത്തിനടുത്തായിരുന്നു റാങ്ക്. പക്ഷേ, നവീൻ കൃഷ്ണന് (യഥാർഥ പേരല്ല) കേരളത്തിലെ പ്രമുഖ സ്വാശ്രയ കോളജിൽ ഇഷ്ട ട്രേഡിൽ അഡ്മിഷൻ കിട്ടി. അതും 75,000 രൂപ വാർഷിക ട്യൂഷൻ ഫീസ് ഒഴിവാക്കിക്കൊണ്ട്. 

സംശയിക്കേണ്ട നിങ്ങൾക്ക്, അല്ലെങ്കിൽ നിങ്ങളുടെ കുട്ടിക്കും ഇതിന് അവസരമുണ്ട്. പക്ഷേ, പ്ലസ്ടുവിനു ഫിസിക്സ്, കണക്ക്, കെമിസ്ട്രി വിഷയങ്ങള്‍ക്ക് 90 ശതമാനത്തിലധികം മാർക്ക് വേണം. ഒപ്പം നന്നായി പഠിച്ച് എല്ലാ സെമസ്റ്ററിലും ഒരു പേപ്പർ പോലും ബാക്ക്ഔട്ട് ആകാതെ ജയിക്കാമെന്ന് സത്യവാങ്മൂലം എഴുതി നല്‍കുകയും വേണം. 

എൻജിനീയറിങ് കോളജുകളുടെ എണ്ണം കൂടുകയും റിസൽട്ട് താഴുകയും ചെയ്തതോടെ കുട്ടികളെ കിട്ടാതെ വിഷമിക്കുകയാണ് മാനേജ്മെന്റുകൾ. അതിനാൽ മികച്ച വിദ്യാർഥികളെ ആകർഷിച്ച് നിലവാരം ഉയർത്താനുള്ള ശ്രമത്തിലാണ് ഇവർ. ഇതിന്റെ ഭാഗമായി മിടുക്കരായവർക്കു വൻതോതിൽ സ്കോളർഷിപ്പുകളും ഫീസ് ഇളവുകളും അനുവദിക്കുന്നു. ഓരോ മാനേജ്മെന്റ് അവരവരുടേതായ ഇളവുകൾ ആണ് പ്രഖ്യാപിക്കുന്നത്. അസോസിയേഷന് ഇവിടെ റോള്‍ ഇല്ല. അപൂർവം ചില കോളജുകളേ മുഴുവൻ ഫീസും കുറച്ചു നൽകുന്നുള്ളൂ. മറ്റു ചിലവ തങ്ങളുടേതായ രീതിയിൽ ഫിസ് ഇളവു നൽകുന്നു. 

എൻട്രന്‍സിൽ ഉയർന്ന റാങ്കുള്ളവർ ഉയർന്ന റേറ്റിങ് ഉള്ള സർക്കാര്‍ കോളജുകളേ തിരഞ്ഞെടുക്കൂ. അതുകൊണ്ടാണ് പ്ലസ്ടുവിനു മികച്ച മാർക്കുള്ളവർക്കു സൗജന്യപഠനം അനുവദിച്ചുകൊണ്ട് കോളജുകൾ രംഗത്തെത്തുന്നത്. ഇത്തരക്കാർക്കു സർക്കാർ കോളജുകളിൽ അഡ്മിഷൻ കിട്ടില്ല. സ്വാശ്രയ കോളജിൽ വർഷം ഫീസ് നൽകി പഠിക്കണം. ഇത്തരക്കാരെ സ്കോളർഷിപ് അഥവാ സൗജന്യപഠനം വഴി ആകർഷിക്കു കയാണ് കോളജുകൾ ചെയ്യുന്നത്. ഏതാനും വർഷങ്ങളായി പല സ്ഥാപനങ്ങളും ഇതു ചെയ്യുന്നുണ്ട്. ഏറ്റവും ഉയര്‍ന്ന റേറ്റിങ് ഉള്ള കോളജുകള്‍ വരെ ഇക്കൂട്ടത്തിൽ ഉണ്ടെന്നാണ് അറിയാൻ കഴിയുന്നത്. 

പ്ലസ്ടുവിന് 90 ശതമാനത്തിനു മേൽ മാർക്കുള്ളവർ അടിസ്ഥാനപരമായി പഠനമികവുള്ളവരായിരിക്കും, കോച്ചിങ്ങിനു പോകാനാകാത്തതിനാൽ എൻട്രൻസ് റാങ്ക് താഴെയായിരിക്കും. ഇത്തരക്കാരെ ആകർഷിച്ചാൽ റിസല്‍ട്ട് ഏറെ മെച്ചപ്പെടുത്താനാകും എന്നാണ് അനുഭവത്തിലൂടെ ഞങ്ങൾ മനസ്സിലാക്കിയത്. പ്രമുഖ കോളജിലെ അധ്യാപകൻ വ്യക്തമാക്കുന്നു. 

നിബന്ധനകൾ : സർക്കാർ നടത്തുന്ന എൻട്രന്‍സ് ടെസ്റ്റ് ക്വാളിഫൈ ചെയ്യണം. പ്ലസ് ടുവിന് 90 ശതമാനത്തിലധികം മാർക്ക് വേണം. എല്ലാ പേപ്പറുകളും അതത് സെമസ്റ്ററിൽ തന്നെ പാസാകും എന്ന് സത്യവാങ്മൂലം മാതാപിതാക്കളും കുട്ടികളും ഒപ്പിട്ടു നൽകണം.

അതതു സമയത്ത് പേപ്പർ ക്ലിയർ ചെയ്തില്ലെങ്കിൽ അടുത്ത സെമസ്റ്റർ മുതൽ മുഴുവൻ ഫീസ് നൽകേണ്ടിവരും. 

ഇത്തരത്തിൽ അഡ്മിഷൻ നേടേണ്ടിവരുന്ന വിദ്യാര്‍ഥികൾ നല്ല നിലവാരം പുലര്‍ത്തുന്നുണ്ടെന്നാണ് മാനേജ്മെന്റ് വക്താക്കൾ പറയുന്നത്. ഈ ഇളവു കിട്ടിയവർ എല്ലാ പേപ്പറും ക്ലിയർ  ചെയ്യുന്നുവെന്നു മാത്രമല്ല നല്ല സ്കോറും നേടുന്നുണ്ട്. കോട്ടയത്തെ പ്രമുഖ കോളജിലെ ഉദ്യോഗസ്ഥൻ പറയുന്നു. 

ആദ്യമേ സമീപിക്കണം
പരമാവധി 10% സീറ്റുകളാണ് ഇത്തരത്തില്‍ ലഭ്യമാക്കുക. കോളജുകൾക്കിടയിൽ മല്‍സരം അതിശക്തമായതിനാൽ ആദ്യം വരുന്നവർക്ക് ആദ്യം അഡ്മിഷൻ നൽകേണ്ടിവരും. അതിനാൽ താമസിച്ചു സമീപിക്കുന്നവർക്ക് മാർക്ക് കൂടുതലുണ്ടെങ്കിലും പ്രവേശനം നൽകാനാകുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു. അഡ്മിഷൻ തുടങ്ങുന്ന സമയത്ത് ഇത്തരം ഫീസ് ഇളവ്, സ്കോളർഷിപ് എന്നിവയെക്കുറിച്ചു പത്രപ്പരസ്യം  നൽകാറുണ്ട് പല കോളജുകളും. എൻട്രന്‍സിൽ റാങ്ക് കുറവുള്ളവർ ആദ്യം തന്നെ ഇഷ്ടപ്പെട്ട കോളജിൽ ഇഷ്ട ട്രേഡിനായി സമീപിക്കുന്നതു നന്നായിരിക്കും. 

മെച്ചം പലത്

1. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു കുറഞ്ഞ ചെലവിൽ ഇഷ്ട കോഴ്സ് പഠിക്കാം. 

2. വായ്പ എടുക്കേണ്ടി വന്നാലും ഒരു ലക്ഷം രൂപയിൽ കാര്യം നടക്കും. അത്ര നല്ല ജോലി അല്ലെങ്കിലും വായ്പ തിരിച്ചടയ്ക്കാനാകും. ട്യൂഷൻ ഫീ അടക്കമാണെങ്കിൽ നാല് – അഞ്ചു ലക്ഷം രൂപ വായ്പ എടുക്കേണ്ടി വരും. പാസായ ഉടൻ നല്ല ജോലി കിട്ടിയില്ലെങ്കിൽ തിരിച്ചടവു പ്രശ്നത്തിലാകും. 

3. വിദ്യാർഥിയെ സംബന്ധിച്ച് മികച്ച നിലവാരം നിലനിർത്താനുള്ള പ്രചോദനമാണിത്. കാരണം, പരീക്ഷാ പേപ്പറുകൾ അതത് സെമസ്റ്ററില്‍ ക്ലിയർ ചെയ്യുമെന്ന ഉറപ്പ് മാനേജ്മെന്റിനു നൽകുന്നുണ്ട്. അതു പാലിച്ചില്ലെങ്കിൽ  തുടർന്നുള്ള വർഷം ഫീസ് നൽകേണ്ടി വരും. അതിനാൽ നല്ല രീതിയിൽ പഠിക്കാൻ കുട്ടികൾ ശ്രമിക്കും. 

‌മെറിറ്റ് സീറ്റിലും കിട്ടും മികച്ച ഇളവ്
സ്വാശ്രയ കോളജിൽ മെരിറ്റ് സീറ്റിൽ പ്രവേശനം കിട്ടുന്നവർക്കും വലിയ തോതിൽ ഫീസ് ഇളവു നൽകുന്നുണ്ട് പല മാനേജ്മെന്റുകളും 75,000 രൂപയെന്ന പരമാവധി ഫീസില്‍ 25,000 രൂപ മുതൽ 75,000 രൂപ വരെ ഇളവ് അനുവദിക്കുന്നു. 

50 ശതമാനം മെരിറ്റ് സീറ്റിൽ ബിപിഎല്ലുകാർക്ക് 50,000 രൂപ വരെയും അല്ലാത്തവർക്ക് 75,000 രൂപ വരെയുമാണ് സർക്കാർ അനുവദിച്ചിരിക്കുന്ന ഫീസ് ഇതിൽ കൂടുതൽ വാങ്ങരുത്. പക്ഷേ, ഫീസ് കുറയ്ക്കാൻ മാനേജ്മെന്റുകൾക്കാകും. അക്കാര്യം സർക്കാരിനെ മുൻകൂട്ടി അറിയിക്കുന്നുമുണ്ട്– കേരളാ സെൽഫ് ഫിനാൻസിങ് എൻജിനീയറിങ് കോളജ് മാനേജ്മെന്റ് അസോസിയേഷൻ സെക്രട്ടറി കെ. ജി. മധു വ്യക്തമാക്കുന്നു. മറ്റു തരത്തിലുള്ള ഇളവുകൾ, അതതു കോളജുകൾ അവരുടെ സ്വന്തം ഇഷ്ടാനുസരണം നൽകാ വുന്നതാണ്. അസോസിയേഷന്റെ അറിവോടെയല്ല അതെന്നും ഇദ്ദേഹം വിശദമാക്കി. 

ഇളവ് എന്തിനെല്ലാം?
1. എൻട്രൻസിൽ ഉയർ‌ന്ന റാങ്കുള്ളവർക്കാണ് കൂടുതൽ വാഗ്ദാനങ്ങൾ. ട്യൂഷൻ ഫീസ് ഇളവിനു പുറമേ ചില കോളജുകള്‍ നല്ല സ്കോളർഷിപ്പും നൽകും. 

2. എൻട്രൻസ് റാങ്ക് കുറഞ്ഞ, പ്ലസ്ടുവിന് ഉയർന്ന മാർക്കുള്ളവർക്ക് 75,000 രൂപ വരും ട്യൂഷൻ ഫീസ്. അതു പൂർണമായും ഇളവു നൽകും. യൂണിവേഴ്സിറ്റിക്കുള്ള ഫീസുകളെല്ലാം കുട്ടികൾ അടയ്ക്കണം. 

More Campus Updates>>