Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നേടാം കോഡിങ്ങിലൂടെ 1.36 കോടി

Author Details
coding

കംപ്യൂട്ടറിലാണോ നിങ്ങളുടെ ലോകം? കൊടുങ്കാറ്റും ഭൂകമ്പവും പോലെയുള്ള പ്രകൃതിദുരന്തങ്ങളെ നേരിടാൻ കോഡിങ് കൊണ്ടൊരു സ്മാർട് പരിഹാരമുണ്ടോ? എങ്കിൽ 1.36 കോടി രൂപ സ്വന്തം ! 

ബഹുരാഷ്ട്ര കമ്പനിയായ ഐബിഎമ്മാണ് കണ്ണുതള്ളുന്ന സമ്മാനത്തുകയുമായി കിടിലൻ ഡവലപ്പർമാരെ തേടിയെത്തുന്നത്. ബ്ലോക്ചെയിൻ, ക്ലൗഡ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതുതലമുറ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ദുരന്തനിവാരണ പ്രവർത്തനങ്ങളും പ്രവചനരീതികളും സ്മാർട് ആക്കുകയാണു ലക്ഷ്യം. ഒന്നാമതെത്തുന്ന ടീമിനു രണ്ടു ലക്ഷം ഡോളർ സമ്മാനം. അവരുടെ ആശയം വിപണയിലെത്തിക്കാൻ ഐബിഎമ്മും ലിനക്സ് ഫൗണ്ടേഷനും സഹായിക്കുകയും ചെയ്യും. 30 ദശലക്ഷം ഡോളറാണ് അടുത്ത അഞ്ചു വർഷത്തേക്ക് 'കോൾ ഫോർ കോഡ്' എന്ന പദ്ധതിക്കായി മാറ്റിവച്ചിരിക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ ഹ്യൂമൻ റൈറ്റ്സ് ഓഫിസ്, അമേരിക്കൻ റെഡ് ക്രോസ് എന്നിവയും പങ്കാളികളാണ്. ഏഞ്ചൽഹാക്, നാസ്കോം, കോർണെൽ സർവകലാശാല ഉൾപ്പടെ 30 രാജ്യാന്തര സഹപങ്കാളികളും പദ്ധതിക്കൊപ്പമുണ്ട്. ഹാർവഡിലെയും മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെയും (എംഐടി) വിദഗ്ധരാണു സാങ്കേതിക ഉപദേശം നൽകുന്നത്. ആശയം നിർമിക്കാൻ ഐബിഎമ്മിന്റെ ക്ലൗഡ് സാങ്കേതികവിദ്യ, യുഎൻ, റെഡ്ക്രോസ് എന്നിവയുടെ സാംപിൾ ഡേറ്റാ സെറ്റുകൾ എന്നിവ ടീമുകൾക്കു ലഭിക്കും. സെപ്റ്റംബർ 28 വരെ അപേക്ഷിക്കാം. 

ആർക്ക് ?
പതിനെട്ട് വയസ്സ് കഴിഞ്ഞ ആർക്കും പങ്കെടുക്കാം. പരമാവധി അഞ്ചു പേരുള്ള ടീം രൂപീകരിച്ചായിരിക്കും ആശയം രൂപപ്പെടുത്തുക.

എങ്ങനെ ?
കോൾ ഫോർ കോഡ് ചാലഞ്ചിൽ ഓൺലൈനായി റജിസ്റ്റർ ചെയ്യണം (ലിങ്ക്– callforcode.org/challenge). സൗജന്യ ഐബിഎം ക്ലൗഡ് അക്കൗണ്ട് സൈൻ അപ്പ് ചെയ്യുക, ഇതിലാണ് കോഡിങ് ചെയ്യേണ്ടത്.ഐബിഎം ആറു സാങ്കേതികമേഖലകളിലായി സൗജന്യമായി നൽകുന്ന വിവിധ കോഡുകൾ ഉപയോഗിച്ച് പ്രോജക്ട് തുടങ്ങാം

സമ്മാനങ്ങൾ വേറെയും
രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവർക്ക് 17 ലക്ഷം രൂപ വീതം ലഭിക്കും. മൂന്നും നാലും സ്ഥാനത്തെത്തുന്നവർക്ക് 6.8 ലക്ഷം രൂപ. യുഎസിലെ സാൻഫ്രാൻസിസ്കോയിൽ ഒക്ടോബർ 29നു നടക്കുന്ന ചടങ്ങിൽ സമ്മാനങ്ങൾ നൽകും.

ജഡ്ജിങ് പാനൽ
ലിനക്സ് സ്ഥാപകൻ ലിനസ് ടോർവാൾഡ്സ്, യുഎൻ ഡപ്യൂട്ടി ഹൈക്കമ്മിഷണർ ഫോർ ഹ്യൂമൻ റൈറ്റ്സ് കേറ്റ് ഗിൽമോർ തുടങ്ങിയവരടക്കമുള്ള ജഡ്ജിങ് പാനൽ അന്തിമവിജയികളെ കണ്ടെത്തും.

More Campus Updates>>