Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർശന നിബന്ധനയുമായി സിബിഎസ്ഇ; നിലവാരവും കായിക പരിശീലനവും ഉറപ്പാക്കും

cbse

ഭൗതിക സൗകര്യങ്ങൾക്കൊപ്പം അക്കാദമിക നിലവാരവും കായിക പരിശീലനവും അടക്കം ഉറപ്പാക്കിയാവും ഇനി സിബിഎസ്ഇ സ്കൂളുകൾക്കുള്ള അംഗീകാരം. ഇതിനായി അഫിലിയേഷനുള്ള നിബന്ധനകളിൽ കേന്ദ്ര മാനവശേഷി മന്ത്രാലയം മാറ്റം വരുത്തി. സുതാര്യത ഉറപ്പാക്കുന്നതിന് അപേക്ഷ പൂർണമായി ഓൺലൈനിലാക്കാനും നിർദേശമുണ്ട്. 

സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും അനുമതിപത്രമുണ്ടെങ്കിൽ സിബിഎസ്ഇ സ്കൂളുകൾക്ക് അംഗീകാരം നൽകുന്ന രീതിക്കാണ് അവസാനമാകുന്നത്. പകരം ജില്ലാ വിദ്യാഭ്യാസ ഓഫിസർമാരുടെ അംഗീകാരം നേടേണ്ടി വരും. കെട്ടിടസുരക്ഷ, ശുചിത്വം തുടങ്ങിയവയാണ് വിദ്യാഭ്യാസ ഓഫിസർ സാക്ഷ്യപ്പെടുത്തേണ്ടത്. 

അക്കാദമിക നിലവാരം, അധ്യാപകരുടെ എണ്ണവും പരിശീലനവും എന്നിവയ്ക്കാവും പ്രാമുഖ്യം. കായിക പരിശീലനവും മൽസരങ്ങളും നിർബന്ധമാക്കും. ഫീസ് ഘടന പരസ്യമാക്കണം. ഫീസിനു പുറമേയുള്ള പിരിവുകൾ അനുവദിക്കില്ല. ജീവനക്കാരുടെ ശമ്പളം ബാങ്കുവഴി കൈമാറണം. പ്രിൻസിപ്പൽമാരും വൈസ് പ്രിൻസിപ്പൽമാരും എല്ലാവർഷവും  പരിശീലനം നേടിയിരിക്കണം. യൂണിഫോമും പഠനപോകരണങ്ങളും എവിടെ നിന്നു വാങ്ങണമെന്നതു പോലുള്ള നിർദേശങ്ങൾ പാടില്ലെന്ന നിർദേശവുമുണ്ട്. 

8000 അപേക്ഷകൾ

സിബിഎസ്ഇക്കു കീഴിൽ ഇന്ത്യയിലും 25 വിദേശരാജ്യങ്ങളിലുമായി നിലവിൽ 20,783 സ്കൂളുകൾ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. മൊത്തം സ്കൂളുകളിലുമായി 1.9 കോടി കുട്ടികൾ പഠിക്കുന്നു. 10 ലക്ഷത്തോളം അധ്യാപകരും. 2007 മുതൽ എണ്ണായിരത്തോളം അപേക്ഷകളാണ് അനുമതി കാത്തു കിടക്കുന്നത്.