Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വളർത്താം കുട്ടികളിലെ സമ്പാദ്യശീലം

Savings

ഏതു പ്രായത്തിലും തുടങ്ങാൻ പറ്റുന്നതാണ് സമ്പാദ്യ ശീലം. കുട്ടികൾക്കു നല്ല ശീലവും ജീവിത മൂല്യങ്ങളും നല്ല വിദ്യാഭ്യാസവും നൽകുന്നതിനൊപ്പം സമ്പാദ്യശീലത്തെക്കുറിച്ചും പണം എങ്ങിനെ സൂക്ഷിച്ച് ഉപയോഗിക്കാം എന്നതിനെക്കുറിച്ചും കൃത്യമായ പഠനം നൽകണം. പണത്തിന്റെ മൂല്യത്തെപ്പറ്റിയും അതു പാഴാക്കാതെ കാര്യക്ഷമമായി ഉപയോഗിക്കേണ്ടതിനെപ്പറ്റിയുമുള്ള അറിവ് ഭാവിയില്‍ സാമ്പത്തികകാര്യങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാൻ കുട്ടികളെ സഹായിക്കും.

സ്കൂളിൽനിന്നു കുട്ടികൾക്ക് അറിവ് നേടാനാകുമെങ്കിലും സാമ്പാദ്യശീലത്തെയോ പണം കൈകാര്യം ചെയ്യുന്നതിനെയോ പറ്റി വേണ്ടത്ര പഠനങ്ങൾ ഇന്നത്തെ പാഠ്യ പദ്ധതികളില്‍ ഉൾപ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ അധ്യാപകരെക്കാള്‍ കൂടുതൽ ഇടപെടാൻ കഴിയുന്നത് മാതാപിതാക്കൾക്കാണ്. ചിലപ്പോള്‍ പഠനത്തിൽ മിടുക്കരായ കുട്ടികൾ പണം സമ്പാദിക്കുന്നതില്‍ മിടുക്കരായിരിക്കണം എന്നില്ല.

സമ്പാദ്യശീലം കുട്ടികളിൽ വളര്‍ത്താന്‍ ചില വഴികള്‍ 

∙സമ്പാദ്യത്തിന്റെ ബാലപാഠങ്ങള്‍ കുഞ്ഞുകുടുക്കയില്‍ തുടങ്ങാം. കുട്ടികള്‍ക്കു കിട്ടുന്നതിന്റെ ഒരു പങ്കു കുടുക്കയില്‍ നിക്ഷേപിക്കാന്‍ പ്രോല്‍സാഹിപ്പിക്കുക. കുടുക്കയിലൂടെ വലിയ ലക്ഷ്യങ്ങള്‍ നല്‍കിയും കുടുക്ക പൊട്ടിക്കുന്നത് ആഘോഷമാക്കിയും കുട്ടിയില്‍ സമ്പാദിക്കാനുള്ള താൽപര്യം കൂട്ടാവുന്നതാണ്. 

∙വീട്ടാവശ്യങ്ങള്‍ക്കായുള്ള അടുക്കള ഷോപ്പിങ്ങില്‍ കുട്ടിയെയും പങ്കാളിയാക്കാം. ഇതിലൂടെ കുട്ടിക്കു സാമ്പത്തിക ക്രയവിക്രയങ്ങള്‍ മനസ്സിലാക്കാനാകും.

∙തോട്ടം പരിപാലനം പോലുള്ള ചെറിയ ജോലികള്‍ ചെയ്യുന്നതിനു കുട്ടിക്കു ചെറിയ തുകകള്‍ കൂലിയായി നൽകുകയും ആ തുക നല്ലരീതിയില്‍ കുട്ടി കൈകാര്യം ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക. 

∙നിങ്ങള്‍ വീട്ടില്‍ ചെയ്യുന്നതിന്റെ പ്രതിഫലനമായിരിക്കും നിങ്ങളുടെ കുട്ടിയുടെ പ്രവൃത്തി. കുട്ടികളെ സമ്പാദ്യശീലം പരിശീലിപ്പിക്കാന്‍ നിങ്ങള്‍ അവര്‍ക്കു മാതൃകയാവേണ്ടതുണ്ട്. നിങ്ങള്‍ പ്രവൃത്തികളിലൂടെ കാണിക്കുന്ന ഉദാഹരണങ്ങളിലൂടെ എങ്ങനെ, എപ്പോള്‍ സമ്പാദിച്ച തുക വിനിയോഗിക്കാം എന്ന് അവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാം. 

പ്രായത്തിനനുസരിച്ചുള്ള കരുതല്‍ സാമ്പാദ്യശീലങ്ങളാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്, കുട്ടികളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും അവരുടെ രീതി ഓരോ തരത്തിലായിരിക്കും

നാലിനും ഏഴിനും ഇടയില്‍
കുട്ടികള്‍ പണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു മനസ്സിലാക്കിത്തുടങ്ങുന്ന സമയമാണിത്. പണം കൊണ്ടു കളിപ്പാട്ടങ്ങളും ഐസ്‌ക്രീമും ഒക്കെ വാങ്ങാം എന്നു കുട്ടി തിരിച്ചറിയുന്ന സമയം. അമ്മവീട്ടില്‍നിന്നും ബന്ധുക്കളിൽനിന്നും മറ്റും സമ്മാനമായി കിട്ടുന്ന തുകകളെല്ലാം സൂക്ഷിച്ചു വയ്ക്കുവാന്‍ ആ പ്രായത്തില്‍ത്തന്നെ പഠിപ്പിക്കണം. പണത്തിന്റെ മൂല്യം കുട്ടിക്കു പറഞ്ഞു കൊടുത്തു തുടങ്ങണം. കളിപ്പാട്ടമെന്ന നിലയ്ക്കു തന്നെ കുട്ടിക്കു ചെറിയ ഒരു കുടുക്ക വാങ്ങിനല്‍കുകയും കിട്ടുന്നതെല്ലാം അതില്‍ നിക്ഷേപിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യാം. 

എട്ടു വയസ്സു മുതല്‍ 12 വയസ്സു വരെ
സ്‌കൂള്‍ ഫീസ് കൊടുക്കാനും യാത്രയ്ക്കും ഭക്ഷണത്തിനുമെല്ലാമായി പണം വേണ്ടി വരുന്ന കാലമാണിത്. ഈ കാലത്ത് കുട്ടിയുമായി നടത്തുന്ന പണമിടപാടുകള്‍ പണത്തിന്റെ മൂല്യത്തെക്കുറിച്ച് കുട്ടിക്കുള്ള ബാലപാഠങ്ങളായിരിക്കണം. ഒരു പരിധി വരെ പണമിടപാടുകളുടെ കാര്യത്തില്‍ കുട്ടികള്‍ക്കു പാകപ്പിഴകള്‍ സംഭവിക്കാം. ഈ കാലത്ത് കുട്ടികളെ എങ്ങനെയാണ് സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിൽ ഈ സമയത്തു കുട്ടിക്കു കൊടുക്കുന്ന പരിശീലനത്തിനനുസരിച്ചായിരിക്കും പണത്തോടുള്ള കുട്ടികളുടെ കാഴ്ച്ചപ്പാട്. ഈ പ്രായത്തില്‍ത്തന്നെ കുട്ടികള്‍ക്കു നിര്‍ബന്ധമായും ബാങ്ക് അക്കൗണ്ട് തുറക്കുകയും മാതാപിതാക്കള്‍ കൊടുക്കുന്നതില്‍ മിച്ചവരുന്ന തുക സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ നിര്‍ബന്ധിക്കുകയും വേണം. വീട്ടു സാധനങ്ങള്‍ വാങ്ങുന്നതിനും ചെറിയ പര്‍ച്ചേസുകള്‍ക്കുമൊക്കെ കുട്ടികളെ ഈ പ്രായത്തില്‍ തനിച്ചു വിടണം. കുടുംബത്തിനാവശ്യമായ എല്ലാത്തരം പണമിടടപാടുകളും സ്‌കൂള്‍ പ്രായത്തിലേ നടത്തുന്നത് കുട്ടിക്കു പണത്തിന്റെ കാര്യത്തിൽ നല്ല കാഴ്ചപ്പാടുണ്ടാകാൻ കാരണമാകും. 

പതിമൂന്നു മുതല്‍ പതിനെട്ടുവരെ
കുട്ടികള്‍ക്കു പണം കൊണ്ടു നിരവധി ആവശ്യങ്ങള്‍ ഉണ്ടാകുന്നത് ഈ പ്രായത്തിലാണ്. പ്രായത്തിനനുസരിച്ചുള്ള ചെലവുകള്‍ അവര്‍ക്കു വർധിക്കുകയും ചെയ്യും. കൂട്ടുകാരൊത്ത് ചുറ്റിക്കറങ്ങാനും സിനിമകള്‍ കാണാനുമെല്ലാം കുട്ടികള്‍ക്കു പണം ആവശ്യമുള്ള കാലമാണിത്. ഈ പ്രായത്തിലെ കുട്ടികള്‍ക്ക്, പണം അവര്‍ എന്തു ചെയ്യുന്നു എന്നു മനസ്സിലാക്കി മാത്രം നൽകുന്നതാണ് അഭികാമ്യം. പല കുട്ടികളിലും സ്വന്തമായി പണം സമ്പാദിക്കണം എന്ന ചിന്ത ഉടലെടുക്കുന്ന കാലമാണിത്, അവരെ അത്തരം ചെറിയ ജോലികള്‍ക്കു പോകുന്നതില്‍ പിന്‍തിരിപ്പിക്കെണ്ട കാര്യമില്ല. മറിച്ച് അവര്‍ എത്തരം തൊഴിലിനാണു പോകുന്നത്, കിട്ടുന്ന പണം അവര്‍ എന്തു ചെയ്യുന്നു തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് മതാപിതാക്കൾക്കു വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. വീട്ടിലെ എല്ലാ സാമ്പത്തിക കാര്യങ്ങളും കൗമാരക്കാരായ കുട്ടികളുമായി നിര്‍ബന്ധമായും പങ്കുവയ്ക്കുകയും അവരെയും സാമ്പത്തിക ഇടപാടുകളില്‍ പങ്കാളിയാക്കുകയും വേണം. ഇത് കുട്ടികളിലെ ഉത്തരവാദിത്ത ബോധം വർധിപ്പിക്കുന്നതിന് കാരണമാകും. കുട്ടിയുടെ കാഴ്ചപ്പാടുകള്‍ രൂപപ്പെടുന്ന ഈ പ്രായത്തില്‍ അവരുടെ പണത്തോടുള്ള കാഴ്ചപ്പാടും പണമിടപാടുകളും നേരായ വഴിക്കാണ് നീങ്ങുന്നതെന്ന് ഉറപ്പ് വരുത്താനുള്ള ഉത്തരവാദിത്തം മാതാപിതാക്കൾക്കുണ്ട്. 

കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതും സാമ്പത്തിക വിദ്യാഭ്യാസത്തിന്റെ പ്രാഥമിക പാഠങ്ങള്‍ പകര്‍ന്നുനല്‍കുന്നതും കുടുംബത്തിന്റെയും കുട്ടികളുടെയും സാമ്പത്തിക ഭാവിക്ക് നല്ലതാണ്. കാരണം ഇന്നത്തെ അണുകുടുംബങ്ങളില്‍ കുട്ടികളാണ് പലപ്പോഴും പര്‍ച്ചേസിങ് കാര്യങ്ങളിലെ നിര്‍ണായക ഘടകം. അവരാണ് പല ഉല്‍പന്നങ്ങളും അനിവാര്യമാണെന്ന തോന്നല്‍ ഉളവാക്കിക്കൊണ്ടുവരുന്നത്. അത് അനാവശ്യമായ പലതും വാങ്ങിക്കൂട്ടാന്‍ പ്രേരിപ്പിക്കും. എന്നാല്‍ കുട്ടികളെ സമ്പാദ്യശീലവും ഘട്ടംഘട്ടമായി ആസൂത്രണംചെയ്തു വാങ്ങുന്നതിന്റെ പ്രാധാന്യവും ബോധ്യപ്പെടുത്താനായാല്‍ ക്രമേണ അവരും വിവേചനപൂര്‍വമുള്ള വാങ്ങല്‍ശീലങ്ങളിലേക്കു മാറിക്കൊള്ളും.

Education News>>