Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെല്ലുവിളികളെ അതീജിവിച്ച ‘കേണൽ’

മോൻസി വർഗീസ്
459394531

കെഎഫ്സി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കെന്റക്കി ഫ്രൈഡ് ചിക്കൻ ഇന്ന് ആഗോളതലത്തിൽ ഏറ്റവും വലിയ രണ്ടാമത്തെ ഭക്ഷ്യ വിപണന ശൃംഖലയാണ്.  ഇരുപതിനായിരത്തിലേറെ വിപണന കേന്ദ്രങ്ങളിൽ ആയിരക്കണക്കിനാളുകൾ തൊഴിലെടുക്കുന്നു. 123 രാജ്യങ്ങളിലായി പടർന്നു പന്തലിച്ചു കിടക്കുന്ന ഈ വൻ വ്യവസായ സാമ്രാജ്യത്തിന്റെ സ്ഥാപകനാണ് കേണൽ ഹാര്‍‌ലൻഡ് സാൻഡേർസ്. കേണൽ എന്നത് കെന്റക്കി മേയർ നൽകിയ ഒരു ബഹുമതി നാമമാണ്.

കെഎഫ്സി എന്ന ആശയം നടപ്പിലാക്കുമ്പോൾ സാൻഡേർസിന് 65 വയസ്സ്. ഒരു സംരംഭം തുടങ്ങാൻ പ്രായം തടസ്സമാണ് എന്ന് ചിന്തിക്കുന്നവർക്കൊക്കെയും പ്രചോദനമാണ് കേണൽ സാൻഡേർസ്. വളരെ ഏറെ  തിരസ്കാരങ്ങൾക്കൊടുവിലാണ്  അദ്ദേഹത്തിന് തന്റെ ആശയം പ്രായോഗികമാക്കാൻ കഴിഞ്ഞത്. ഓരോ തിരസ്കാരത്തിനൊടുവിലും വീണ്ടും പ്രതീക്ഷ വിടാതെ അടുത്ത അവസരം തേടിയുള്ള യാത്രയാണ് അദ്ദേഹത്തെ വിജയത്തിൽ എത്തിച്ചത്. 

1890ൽ ജനിച്ച സാൻഡേർസിന് അഞ്ചു വയസ്സുള്ളപ്പോള്‍ പിതാവ് മരിച്ചു. പത്താമത്തെ വയസ് മുതൽ തന്റ‌െ സഹോദരങ്ങൾക്ക് ആഹാരം കണ്ടെത്താനായി കൃഷിയിടങ്ങളിൽ പണിയെടുത്തു. പതിമൂന്നാമത്തെ വയസ്സിൽ സ്കൂൾ വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടിവന്നു. പിന്നീടങ്ങോട്ട് കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതം.  വിവിധങ്ങളായ തൊഴിലുകളെടുത്തു. കുറേക്കാലം ബസ് കണ്ടക്ടറായും ഇൻഷുറൻസ് ഏജന്റായും ഹോട്ടൽ ക്ലാർക്കായും ക്ലീനറായുമൊക്കെ പണിയെടുത്തു.  ഇതിനിടെ വിവാഹവും നടന്നു. വരുമാനമില്ലാത്ത ഭർത്താവിനെ ഉപേക്ഷിച്ച് ഭാര്യ അവരുടെ വഴിക്ക് പോയി.

ചെറുപ്പം മുതൽക്കേ എന്തെങ്കിലും സംരംഭം തുടങ്ങി വിജയിപ്പിക്കണമെന്ന് സാൻഡേർസ് ആഗ്രഹിച്ചിരുന്നു. സംരംഭകൻ എന്ന നിലയിൽ തുടങ്ങിവച്ച പല പദ്ധതികളും ആഗ്രഹിച്ച വിധം ശോഭിച്ചില്ല. എണ്ണവിളക്കുകൾ നിർമിക്കുന്ന ഒരു കമ്പനി തുടങ്ങി.  എന്നാൽ വൈദ്യുത വിളക്കുകൾ വ്യാപകമായതോടെ നല്ല നിലയിൽ പ്രവർത്തിച്ചുവന്ന കമ്പനി നഷ്ടത്തിലായി. പിന്നീട് സ്റ്റാൻഡേർഡ് ഓയിൽ കമ്പനികളുടെ സർവീസ് സ്റ്റേഷൻ ആരംഭിച്ചു. സാമ്പത്തിക മാന്ദ്യ കാലത്ത് അതും നഷ്ടത്തിലേക്ക് കൂപ്പുകുത്തി. പിന്നീട് ഷെൽ ഓയിൽ കമ്പനിയുടെ സർവീസ് സ്റ്റേഷനും അതിനോടനുബന്ധമായി ഹോട്ടലും ആരംഭിച്ചു. മികച്ച കച്ചവടം നടന്നു  വരവേയാണ് ഹൈവേ വികസനത്തിന്റെ ഭാഗമായി  സ്ഥാപനം പൊളിച്ചു നീക്കേണ്ടിവന്നത്.

പലതും ചെയ്ത് അക്ഷരാർഥത്തിൽ ദരിദ്രനായിരിക്കുന്ന അവസ്ഥയിലും അദ്ദേഹം പുതിയ സംരംഭങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ടേയിരുന്നു. സ്വതവേ പാചകത്തിൽ തൽപരനായിരുന്ന സാൻഡേർസ് വികസിപ്പിച്ചെടുത്ത ചിക്കൽ രുചിക്കൂട്ടുമായി ഹോട്ടൽ ശൃംഖല തുടങ്ങാൻ ആഗ്രഹിച്ചെങ്കിലും പണം മുടക്കാൻ ആരും തയ്യാറായില്ല. രണ്ടു വർഷം സ്വന്തം കാറിൽ കിടന്നുറങ്ങി ആയിരത്തിലേറെ ആളുകളെ സമീപിച്ച് ഒടുവിൽ തന്റെ സ്വപ്നം സാക്ഷാത്കരിച്ചു. അതും 65–ാം വയസ്സിൽ. കെഎഫ്സി പിന്നീട് ചരിത്രത്തിന്റെ ഭാഗമായി. താൻ തുടക്കം കുറിച്ച സ്ഥാപനത്തിന്റെ വിജയ വഴികളിലൂടെ ഇരുപതു വർഷം കൂടി സഞ്ചരിച്ച സാൻഡേർസ് തൊണ്ണൂറാമത്തെ വയസ്സിലാണ് അന്തരിക്കുന്നത്. 

ഇന്നും കെഎഫ്സിയുടെ ലോഗോയിൽ അദ്ദേഹത്തിന്റെ ചിത്രമാണ് നിറഞ്ഞു നിൽക്കുന്നത്. പലപ്പോഴും നാശത്തിന്റെയും നഷ്ടങ്ങളുടെയും പടുകുഴിയിലേക്ക് വീണുപോയിട്ടും ജീവിതത്തിലേക്ക് തിരിച്ചുവരാൻ സാൻഡേർസ് പ്രകടിപ്പിച്ച അസാമാന്യമായ തന്റേടവും ഇച്ഛാശക്തിയും അദ്ദേഹത്തെ വിജയസോപാനത്തിലെത്തിച്ചു. വെല്ലുവിളികളെ ഏറ്റെടുക്കാൻ നിരവധി ആളുകൾക്ക് പ്രചോദനമായ സാൻഡേർസിന്റെ ജീവിതം നിരവധി ഗ്രന്ഥങ്ങൾക്കും ഡോക്കുമെന്ററികൾക്കും വിഷയമായിട്ടുണ്ട്.