Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെട്ടിടനിർമ്മാണ തൊഴിലാളി സൂപ്പർ താരമായപ്പോൾ

മോൻസി വർഗീസ്
JACKIE CHAN/

നർമ്മം തുളുമ്പുന്ന ചടുലപ്രകടനങ്ങളിലൂടെ കോടിക്കണക്കിന് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ജാക്കിചാൻ എന്ന പ്രതിഭ വിജയത്തിലെത്തിയത് വെല്ലുവിളികൾ നിറഞ്ഞ പാതയിലൂടെ ആയിരുന്നു. നടൻ, നിർമ്മാതാവ്, സംവിധായകൻ, ആയോധന കലാ വിദഗ്ധൻ, ഗായകൻ എന്നീ നിലകളിലൊക്കെ മികവ് തെളിയിച്ച  ജാക്കിചാന്റെ ഏറ്റവും വലിയ ആരാധകർ കുട്ടികളാണ്. അതിനാൽ തന്റെ സിനിമകളിലെങ്ങും അശ്ലീല പദപ്രയോഗങ്ങളോ ആഭാസ രംഗങ്ങളോ പാടില്ല എന്നദ്ദേഹം  നിർബന്ധം പിടിക്കാറുണ്ട്. മാതൃകാപരമായ ജീവിതശൈലി നയിക്കുന്ന ജാക്കിചാൻ 2004 മുതൽ യുനിസെഫിന്റെ ഗുഡ്‌വിൽ അംബാസഡറാണ്. 2015ൽ സിംഗപ്പൂർ സർക്കാർ അദ്ദേഹത്തെ മയക്കുമരുന്നിനെതിരെയുള്ള പ്രചാരണങ്ങളുടെ അംബാസഡറുമാക്കി. 

ചൈനയിൽ ആഭ്യന്തര യുദ്ധകാലത്ത് ഹോങ്കോങ്ങിലേക്ക് പലായനം ചെയ്ത ഒരു അഭയാർത്ഥി കുടുംബത്തിൽ 1954 ഏപ്രിൽ ഏഴിനാണ് ജാക്കിചാന്റെ ജനനം. അച്ഛൻ ചാൾസ്, അമ്മ ലീലി ചാൻ, 1960ൽ കുടുംബം ഓസ്ട്രേലിയയിലേക്ക് താമസം മാറ്റി. പിതാവ് ചാൾസിന് അമേരിക്കൻ എംബസിയിൽ പാചകക്കാരനായി തൊഴിൽ ലഭിച്ചതിനെ തുടർന്നായിരുന്നു ഈ മാറ്റം. പഠനത്തിൽ മിടുക്കനല്ലായിരുന്ന ജാക്കിചാൻ ഒന്നാം ക്ലാസിൽ തന്നെ തോറ്റു. ആറാം വയസിൽ ജാക്കിയെ മാതാപിതാക്കൾ ഹോങ്കോങ്ങിൽ പ്രവർത്തിക്കുന്ന ചൈന ഡ്രാമാ അക്കാദമിയിൽ ചേർത്തു. പിന്നീടുള്ള പത്തു വർഷം മാതാപിതാക്കളിൽ നിന്നു വേർപിരിഞ്ഞു നാടകവും സംഗീതവും ആയോധന കലകളും അഭ്യസിച്ചു. സ്വതവേ നാണംകുണുങ്ങി ആയിരുന്ന ജാക്കിക്ക് നല്ല സുഹൃത്തുക്കളുടെ പ്രോൽസഹാനം മൂലം ആത്മവിശ്വാസം നേടാനായി.

പതിനാറാമത്തെ വയസ്സിൽ ചില ആക്‌ഷൻ സിനിമകളിൽ അഭിനയിച്ചെങ്കിലും ഒന്നും ശ്രദ്ധിക്കപ്പെട്ടില്ല. ഒരു സിനിമാ താരമാവുക എന്ന തന്റെ സ്വപ്നം സാക്ഷാത്കരിക്കാനാകാത്തതിൽ മനസ്സ് മടുത്ത ജാക്കി തിരിച്ച് ഓസ്ട്രേലിയയിലെത്തി. കെട്ടിടനിർമ്മാണ തൊഴിലാളിയായി പണിയെടുത്തു. ഇതിനിടെ സിനിമയിൽ  അവസരവുമായി ഹോങ്കോങ്ങിൽ നിന്നും വീണ്ടും ക്ഷണമെത്തി. ബ്രൂസ്‌ലിയുടെ വിഖ്യാത സിനിമകളായ ഫിസ്റ്റ് ഓഫ് ഫ്യൂരിയിലും എന്റർ ദ ഡ്രാഗണിലും സ്റ്റണ്ട് കോഓർഡിനേറ്ററായി. ബ്രൂസ്‌ലിയുടെ മരണശേഷം അദ്ദേഹത്തിന് പകരക്കാരനായി ജാക്കിചാനെ ചില സിനിമകളിൽ അവതരിപ്പിച്ചെങ്കിലും ജനം സ്വീകരിച്ചില്ല.

മറ്റൊരു ബ്രൂസ്‌ലി ആകാൻ ശ്രമിക്കുന്നത് അപകടമാണെന്ന് തിരിച്ചറിഞ്ഞ ജാക്കിചാൻ തന്റേതായ വ്യക്തിത്വത്തിനും സ്വഭാവ സവിശേഷതകൾക്കും ഇണങ്ങുന്ന റോളുകൾ ചെയ്തുതുടങ്ങിയപ്പോൾ ഫലം കണ്ടുതുടങ്ങി. നർമ്മത്തിലൂന്നിയ ആക്‌ഷൻ സിനിമകളിലൂടെ ജാക്കി ചാൻ ഹോങ്കോങ് സിനിമകളിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചു. പിന്നീട് ഹോളിവുഡ് സിനിമയുടെ ഭാഗമായ ജാക്കിചാൻ അവിടെയും സ്വതസിദ്ധമായ ശൈലിയിലൂടെ വെന്നിക്കൊടി പാറിച്ചു.

‘‘നിങ്ങൾ മറ്റൊരാളാകാൻ ശ്രമിക്കരുത്. നിങ്ങൾ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാണ്. നിങ്ങൾക്ക് മികച്ച ഒരു നിങ്ങളാകാനേ കഴിയൂ’’. അനുഭവത്തിലൂന്നിയ ജാക്കിചാന്റെ വാക്കുകൾ ശ്രദ്ധേയമാണ്. സാഹചര്യങ്ങൾ എപ്പോഴും നമുക്ക് അനുകൂലമാകണമെന്നില്ല. എന്നാൽ ഏതൊരു സാഹചര്യത്തെയും അനുകൂലമാക്കാനുള്ള ശ്രമം നമ്മുടെ ഭാഗത്തുനിന്നുമുണ്ടാകണം. തന്റെ സ്വത്തിന്റെ പകുതിയും ചാരിറ്റി പ്രവർത്തനങ്ങൾക്കായി മാറ്റിവച്ച ജാക്കിചാൻ തന്റെ കഥാപാത്രങ്ങളുടെ പരിപൂർണതയ്ക്കായി ഏറ്റെടുത്ത സാഹസിക പ്രകടനങ്ങൾ അവിസ്മരണീയമാണ്. അഭിനയത്തിനിടെ നിരവധി തവണ പരിക്ക് പറ്റിയിട്ടുണ്ടെങ്കിലും അപകടം നിറഞ്ഞ ആക്‌ഷൻ രംഗങ്ങളിൽ ഡ്യൂപ്പില്ലാതെ അഭിനയിക്കുന്ന കാര്യത്തിൽ അദ്ദേഹം ഒരിക്കലും മാറ്റം വരുത്തിയിട്ടില്ല.