Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

14ാം വയസ്സിൽ പഠനം തുടങ്ങി നേട്ടങ്ങൾ സ്വന്തമാക്കിയ ഫഡുമോ

മോൻസി വർഗീസ്
fadumo-dayib

ഒരമ്മ പ്രസവിച്ച പതിനൊന്നു കുട്ടികളും രോഗബാധിതരായി മരിക്കുക; പന്ത്രണ്ടാമത്തെ കുട്ടിയെ എങ്കിലും ജീവനോടെ വളർത്താൻ ആഗ്രഹിച്ച് അമ്മ നാടുവിട്ടു പോവുക; പന്ത്രണ്ടാമത്തെ പെൺകുഞ്ഞിനെ ജനിച്ച് വളർത്താൻ കഴിഞ്ഞെങ്കിലും ദാരിദ്ര്യം കാരണം വിദ്യാഭ്യാസംപോലും നൽകാൻ കഴിയാതെ വരിക; രാജ്യം വിട്ട് വീണ്ടും മറ്റൊരിടത്തേക്ക് അഭയാർഥിയായി കുടിയേറുക; അവസാനം ആ കുട്ടി മികച്ച വിദ്യാഭ്യാസം നേടി രാജ്യത്ത് തിരിച്ചെത്തി  പ്രസിഡന്റ് പദവിയിലേക്ക് മത്സരിക്കുക... ഇതൊക്കെ ഫഡുമോ ദായിബ് (Fadumo Dayib) എന്ന സോമാലിയൻ പെൺകുട്ടിയുടെ ജീവിതത്തിലെ സംഭവബഹുലമായ ഏടുകളാണ്. 

2016ൽ നടന്ന തിരഞ്ഞെടുപ്പിൽ സോമാലിയൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ഫഡുമോ ദായിബ് മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ലോകത്തിന്റെ ശ്രദ്ധ ആകർഷിക്കാനായി. സോമാലിയയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ഈ സ്ഥാനത്തേക്ക് മത്സരിച്ചത്. ദാരിദ്ര്യവും, അഴിമതിയും, സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളും, തീവ്രവാദവും കൊടികുത്തി വാഴുന്ന ഒരു രാജ്യത്ത് അതിനെതിരെ ശബ്ദമുയർത്താൻ ഒരു സ്ത്രീ മുന്നിട്ടിറങ്ങി എന്നത് ശ്രദ്ധേയമായി. അതിന് അവരെ പ്രാപ്തയാക്കിയത് വിദ്യാഭ്യാസത്തിലൂടെ നേടിയ കരുത്താണ്.

1972ൽ കെനിയയിലാണ് ഫഡുമോ ജനിച്ചത്. ഫഡുമോയുടെ അമ്മയ്ക്ക് മുൻപ് പിറന്ന പതിനൊന്നു കുട്ടികളും മരിച്ചതിനെ തുടർന്നാണ് അവർ സോമാലിയയിൽ നിന്നു കെനിയയിൽ എത്തിയത്. പിതാവ് ഒരു ട്രക്ക് ഡ്രൈവറായിരുന്നു. വഴിയോരത്ത് ചായക്കച്ചവടം നടത്തിയാണ് മാതാവ് മകളെ വളർത്തിയത്. അവളെ സ്കൂളിൽ അയച്ച് പഠിപ്പിക്കാനുള്ള സാഹചര്യം അവർക്കുണ്ടായിരുന്നില്ല. കെനിയയിലുണ്ടായ ആഭ്യന്തര സംഘർഷങ്ങളെ തുടർന്ന് സോമാലിയയിലേക്ക് മടങ്ങേണ്ടിവന്ന ഫഡുമോയുടെ കുടുംബം 1990ൽ അഭയാർഥികളായി ഫിൻലാൻഡിലെത്തി.

വിദ്യാഭ്യാസരംഗത്ത് ഉന്നത നിലവാരം പുലർത്തുന്ന ഫിൻലാൻഡിലെ ജീവിതം ഫഡുമോ ദായിബിന് പഠനത്തിനുള്ള അവസരം തുറന്നുകൊടുത്തു. പതിന്നാലാമത്തെ വയസ്സിൽ മാത്രം എഴുത്തും വായനയും പഠിച്ച അവൾ പിന്നീട് ലോകോത്തര സർവകലാശാലകളിൽനിന്നു രണ്ട് മാസ്റ്റർ ബിരുദങ്ങളാണ് കരസ്ഥമാക്കിയത്. ക്രിട്ടിക്കൽ കെയർ നഴ്സിങ്ങിൽ ബിരുദമെടുത്ത ദായിബ് ഈസ്റ്റേൺ ഫിൻലാൻഡ് സർവകലാശാലയിൽ നിന്നു സയൻസിലും ഹാർവാർഡ് സർവകലാശാലയിൽനിന്നും പബ്ലിക് അഡ്മിനിസ്ട്രേഷനിലും ബിരുദാനന്തരബിരുദം കരസ്ഥമാക്കി. ഹെൽസിങ്കി സർവകലാശാലയിൽനിന്നു ഡോക്ടറൽ ഫെലോഷിപ്പും ലഭിച്ചു.

ഐക്യരാഷ്ട്ര സഭയുടെ അഭയാർഥി പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന സമിതിയിൽ ജോലിയെടുത്ത അവർ സോമാലിയക്കാർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠനം നടത്തി. നാട്ടിൽ തിരിച്ചെത്തി സാമൂഹിക സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ദായിബ് വിദ്യാഭ്യാസത്തിന്റെ പ്രസക്തിയെക്കുറിച്ച് സ്ത്രീകളുടെ ഇടയിൽ പ്രചരണം നടത്തിവരുന്നു. സ്ത്രീകൾ കടുത്ത അവഗണന നേരിടുന്ന ഒരു രാജ്യത്ത് സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസ അവകാശങ്ങൾക്കായി വീറോടെ വാദിക്കുന്ന ഫഡുമോ ദായിബിന് അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെയും മതമൗലികവാദികളുടെയും ഇടയിൽനിന്നും ജീവന് ഭീഷണി അടക്കമുള്ള വെല്ലുവിളികളാണുള്ളത്. പതിനൊന്ന് സഹോദരങ്ങളെ നഷ്ടപ്പെട്ട താനിപ്പോഴും ജീവിച്ചിരിക്കുന്നതുതന്നെ മഹാഭാഗ്യമായി കരുതുന്നതായി ഫഡുമോ പറയുന്നു. അഴിമതിയിലും ദാരിദ്ര്യത്തിലും മുങ്ങിക്കുളിച്ച ഒരു രാജ്യത്തിന് ചെറുപ്രതീക്ഷയെങ്കിലും സമ്മാനിക്കാൻ ഫഡുമോ ദായിബിന്റെ പ്രവർത്തനങ്ങൾക്കു കഴിയുന്നുണ്ട്.

Be Positive>>