Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്കോളർഷിപ്പ് പരീക്ഷ തോറ്റ സഹസ്ര കോടിപതി !

മോൻസി വർഗീസ്
kiran-mazumdar-shaw-biocon കിരൺ മസുംദാർ ഷാ

ഒരു സംരംഭം തുടങ്ങാൻ അനുകൂലമല്ലാതിരുന്ന കാലത്താണ് ഇരുപത്തിനാലുകാരിയായ കിരൺ മസുംദാർ ബയോകോൺ ഇന്ത്യ എന്ന പ്രസ്ഥാനം ആരംഭിക്കുന്നത്. 1978ൽ തുടക്കംകുറിച്ച ബയോകോൺ ഇന്ന് സഹസ്രകോടികളുടെ ബിസിനസുമായി ബയോടെക്നോളജി രംഗത്തെ ആഗോള മുൻനിര കമ്പനിയാണ്. എഴുപത്തിയഞ്ച് രാജ്യങ്ങളിലായി പ്രവർത്തന മേഖല വ്യാപിച്ചിരിക്കുന്നു. ഏഴായിരത്തിലേറെ ശാസ്ത്രജ്ഞരും ടെക്നോളജി വിദഗ്ധരും അവിടെ തൊഴിലെടുക്കുന്നു. ആയിരക്കണക്കിന് ഇതര തൊഴിലാളികള്‍ വേറെയും. ബയോടെക്നോളജി രംഗത്തെ തൊഴിൽ ദാതാവ് എന്ന നിലയിൽ ബയോകോണിന് ലോകത്ത് ഏഴാം സ്ഥാനമാണ്.

സ്വപ്രയത്നത്താൽ സഹസ്ര കോടിപതി ആയ ആദ്യത്തെ ഇന്ത്യൻ വനിത എന്ന ബഹുമതിക്ക് അർഹയായ കിരൺ മസുംദാർ ഷായുടെ ആഗ്രഹം ഒരു ഡോക്ടർ ആവണമെന്നായിരുന്നു. ആ സ്വപ്നം സാക്ഷാത്കരിക്കാനായില്ലെങ്കിലും വേറിട്ട പാതകളിലൂടെ സഞ്ചരിച്ച് സമാനതകളില്ലാത്ത നേട്ടങ്ങള്‍ കൈവരിക്കാൻ അവർക്കായി. ബാംഗ്ലൂരിൽ ജനിച്ചുവളർന്ന കിരണിന്റെ പിതാവ് യുണൈറ്റഡ് ബ്രൂവറീസ് എന്ന പ്രമുഖ മദ്യനിർമ്മാണ കമ്പനിയിലെ ഹെഡ് ബ്രൂവർ ആയിരുന്നു. മദ്യനിർമ്മാണത്തിലെ രസതന്ത്രത്തിൽ വിദഗ്ധൻ. സുവോളജിയിൽ ഉന്നത മാർക്കോടെ ബിരുദമെടുത്ത കിരണിന് മെഡിക്കൽ വിദ്യാഭ്യാസത്തിനായുള്ള സ്കോളർഷിപ്പ് പരീക്ഷ വിജയിക്കാനായില്ല. 

മകൾക്ക് എന്തുകൊണ്ട് ഒരു മാസ്റ്റർ ബ്രൂവർ ആയിക്കൂട എന്ന് നിർദ്ദേശിച്ചത് പിതാവാണ്. പുരുഷന്മാർ മാത്രം കൈകാര്യം ചെയ്തിരുന്ന മേഖലയെപ്പറ്റി പഠിക്കാൻ ഒാസ്ട്രേലിയയിലെ ബല്ലാററ്റ് സർവ്വകലാശാലയിൽ ചേർന്നു. ബ്രൂവറിയിൽ മാസ്റ്റർ ബിരുദമെടുത്തു. അക്കാലത്ത് ബ്രൂവറി പഠിക്കുന്ന ഏക വനിത ആയിരുന്നു കിരൺ. കുറേക്കാലം ഒാസ്ട്രേലിയയിൽ ട്രെയിനി ആയി ചില കമ്പനികളിൽ തൊഴിലെടുത്ത ശേഷം ഇന്ത്യയിൽ തിരിച്ചെത്തി. പുരുഷ കേന്ദ്രീകൃതമായ ഹെഡ് ബ്രൂവറുടെ ജോലി നൽകാൻ ഇന്ത്യയിലെ ഒരു കമ്പനിയും തയ്യാറായില്ല. ഇന്ത്യയിൽ തനിക്ക് തൊഴിൽ ലഭിക്കില്ല എന്നു തിരിച്ചറിഞ്ഞ കിരൺ തൊഴിൽ തേടി അയർലണ്ടിലെത്തി. അവിടെവച്ച് പരിചയപ്പെട്ട ബയോകോൺ ബയോ ലിമിറ്റഡ് സ്ഥാപകൻ ലെസ്‌ലിയുടെ പ്രേരണയാലാണ് ഇന്ത്യയിൽ ബയോകോണിന് തുടക്കം കുറിക്കുന്നത്. 

India Germany Pharma കിരൺ മസുംദാർ ഷാ

1978ൽ ഇന്ത്യയിൽ ഒരു സംരംഭം തുടങ്ങുക എന്നത് വളരെയേറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. മൂലധന സമാഹരണം, വിദഗ്ധരായ തൊഴിലാളികൾ, തടസമില്ലാത്ത വൈദ്യുതി, ശുദ്ധജലം...... ഇവയൊക്കെ ഒരുക്കുക എന്നത് വിഷമകരമായിരുന്നു. തന്റേടത്തോടെ അവർ ആ ദൗത്യം നിർവഹിച്ചു. പപ്പായയിൽ നിന്നും എൻസൈം വേർതിരിക്കുന്ന കമ്പനി ഒരു വർഷത്തിനുള്ളിൽ ലാഭത്തിലെത്തി. ലാഭം കിട്ടിയ പണം ഉപയോഗിച്ച് 20 ഏക്കർ സ്ഥലം വാങ്ങി സ്ഥാപനം വിപുലീകരിച്ചു. പിന്നീട് വിജയത്തിന്റെ നാൾവഴികളായിരുന്നു. ജൈവ വസ്തുക്കളിൽ നിന്നും രാസഘടകങ്ങൾ വേർതിരിച്ചിരുന്ന കമ്പനി പിന്നീട് ഫാർമസ്യൂട്ടിക്കൽ രംഗത്തേക്കും കടന്നു.

ഒരു മാനേജ്മെന്റ് സ്കൂളിലും പഠിക്കാതെ ഒരു ലോകോത്തര കമ്പനിയുടെ ചെയർപഴ്സണും മാനേജിങ് ഡയറക്ടറുമായ കിരൺ ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ ചെയർപഴ്സനാണ്. സയൻസിനും രസതന്ത്രത്തിനുമുളള സംഭവനകളെ മാനിച്ച് ലോകോത്തര പുരസ്കാരമായ ‘ഓത്ത്മെർ ഗോൾഡ് മെഡൽ’ 2014ൽ കിരണിന് ലഭിച്ചു. 1989ൽ പദ്മശ്രീയും 2005ൽ പദ്മഭൂഷണും നൽകി രാഷ്ട്രം അവരെ ആദരിച്ചു. 

ടൈം മാഗസിന്റെയും ഫിനാൻഷ്യൽ ടൈമിന്റെയും ഫോർബ്സ് മാഗസിന്റെയുമൊക്കെ ലോകത്തെ ഏറ്റവും സ്വാധീനശക്തിയുള്ള വനിതകളുടെ ലിസ്റ്റിൽ ഇടം നേടിയ കിരണിന്റെ സ്വത്തിൽ അൻപതു ശതമാനം സാമൂഹിക സന്നദ്ധ സേവന പ്രവർത്തനങ്ങൾക്കായി നീക്കിവച്ചിരിക്കുകയാണ്. കർണാടകയിലെ സാധാരണക്കാർക്കായി ചികൽസാസഹായം എത്തിക്കാൻ 1400 കിടക്കകളുള്ള ഒരു ആശുപത്രിയും ഗ്രാമ ഗ്രാമാന്തരങ്ങളിൽ സൗജന്യ ക്ലിനിക്കുകളും അവർ ആരംഭിച്ചു. സർക്കാർ സ്കൂളുകളിലെ കുട്ടികൾക്കായി അടിസ്ഥാന ഗണിതത്തിന്റെ പുസ്തകങ്ങൾ സൗജന്യമായി നൽകുന്ന പദ്ധതി 2006 മുതൽ നടപ്പിലാക്കിവരുന്നു.